പ്ലസ് വൺ പ്രവേശനം: ഗ്രേഡിങ്ങിലെയും ബോണസ് പോയിന്‍റിലേയും അശാസ്ത്രീയത മൂലം പഠനമികവ് അവഗണിക്കപ്പെടുന്നുവെന്ന്

പാനൂർ: എസ്.എസ്.എൽ.സി പരീക്ഷയുടെ പരമാവധി മാർക്കായ 650 നേടുന്ന കുട്ടിക്കും 90 ശതമാനം മാർക്കായ 585 നേടുന്ന കുട്ടിക്കും ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള ഹയർ സെക്കൻഡറി പ്രവേശന പ്രക്രിയയയിൽ ഒരേ പരിഗണന നൽകുന്നതിനെതിരെ പ്രതിഷേധം. നന്നായി പഠിക്കുന്ന കുട്ടികളോട് കാണിക്കുന്ന അനീതിയാണിതെന്ന് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

എല്ലാ വിഷയങ്ങൾക്കും 90 ശതമാനം മാർക്ക് നേടിയ കുട്ടിക്ക് നീന്തൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 100 ശതമാനം മാർക്ക് നേടിയ വിദ്യാർഥിയെക്കാൾ ബോണസ് പോയിന്‍റിൽ മുന്നിലെത്തി ഹയർ സെക്കൻഡറി പ്രവേശനം നേടാനാവും. ഹയർ സെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിൽ ഗ്രേഡിനൊപ്പം മാർക്കും രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അർഹതയ്ക്കനുസരിച്ചുള്ള അംഗീകാരം തുടർ പഠനത്തിൽ കുട്ടിക്ക് ലഭ്യമാകും. എസ്.എസ്.എൽ.സിയുടെ മാർക്കിന്‍റെ പ്രസക്തി ഹയർ സെക്കൻഡറി പ്രവേശനത്തിന് മാത്രമാണെന്നിരിക്കെ പഠിക്കുന്ന കുട്ടികളുടെ ആത്മാർഥതയെ ചോദ്യംചെയ്യുന്ന നിലവിലെ ഗ്രേഡിങ് രീതി അശാസ്ത്രീയമാണെന്ന കാലങ്ങളായുള്ള ആക്ഷേപം അവഗണിക്കപ്പെടുകയാണ്.

എസ്.എസ്.എൽ.സി തലത്തിലെ പാഠ്യമികവ് ഹയർ സെക്കൻഡറി പ്രവേശനത്തിന് ബാധകമാകണമെങ്കിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിലെപ്പോലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലും മാർക്ക് രേഖപ്പെടുത്തൽ ആവശ്യമാണ്.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷത്തെ ഉദാര മൂല്യനിർണയത്തെ തുടർന്ന് ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായതോടെ തങ്ങളിഷ്ടപ്പെട്ട കോഴ്സിനും സ്കൂളിലും അഡ്മിഷൻ കിട്ടുമോയെന്ന ആശങ്കയിലാണ് മുഴുവൻ എ പ്ലസ് നേടിയവർ പോലും.

എസ്.എസ്.എൽ.സി വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം പരമാവധി പ്രകടനമെന്നത് ഫുൾ എ പ്ലസ് ആണെന്നിരിക്കെ അത് നേടിയ കുട്ടിക്കു പോലും ഇഷ്ടപ്പെടുന്ന സ്കൂളിലും കോഴ്സിലും അഡ്മിഷൻ ലഭ്യമാകുന്നില്ലെങ്കിൽ, നിലവിലെ സംവിധാനങ്ങളുടെ പരാജയവും അശാസ്ത്രീയതയുമാണിത് വ്യക്തമാക്കുന്നതെന്ന് എ.എച്ച്.എസ്.ടി.എ കണ്ണൂർ ജില്ല കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Plus One Admission: Learning is neglected due to unscientific grading and bonus points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.