കോഴിക്കോട്: പ്ലസ് വൺ പരീക്ഷയും പ്രവേശനവും ഒരുമിച്ചെത്തുന്നതോടെ പ്രിൻസിപ്പൽമാരും അധ്യാപകരും നെട്ടോട്ടത്തിലാകുമെന്ന് ആശങ്ക. ഒന്നാം അലോട്ട്മെൻറും പ്രവേശനവും പരീക്ഷയുടെ ദിവസങ്ങളിലുമുണ്ടെന്നത് അധ്യാപകരെ അലട്ടുകയാണ്. ഈ മാസം ആറിനാണ് പ്ലസ് വൺ പരീക്ഷ തുടങ്ങുന്നത്. ഇതിനിടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിെൻറ ട്രയൽ അലോട്ട്മെൻറ് ആദ്യമെത്തും. ഇതുമായി ബന്ധപ്പെട്ട തിരുത്തലുകളും മറ്റും വിദ്യാർഥികൾ നടത്തേണ്ടി വരും.
തിരുത്തലുകൾ വരുത്താൻ വിദ്യാർഥികളെ സഹായിക്കാൻ ഹെൽപ് ഡെസ്ക് സംവിധാനം പതിവായി ഒരുക്കാറുണ്ട്. പരീക്ഷ ജോലിയിലുള്ളവർക്ക് ഹെൽപ് ഡെസ്കിലെ സേവനം എങ്ങനെ നടത്താനാകുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം പ്ലസ് ടുവിന് പഠിച്ചവരിൽ ചില വിഷയങ്ങൾ തോറ്റവർക്ക് സേ പരീക്ഷ നടത്തിയിരുന്നു. ഫലം പുറത്തുവന്നിട്ടില്ല. സ്കൂളിലെ ക്ലാസ് മുറിയോ തങ്ങളുടെ അധ്യാപകരെയോ നേരിട്ട് കാണാതെ ഓൺലൈൻ ക്ലാസിെൻറ മാത്രം ബലത്തിൽ വളരെ നിർണായകമായ പ്ലസ് വൺ പൊതു പരീക്ഷ എഴുതേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
നെറ്റ്‌വർക്ക് ലഭ്യതയില്ലായ്മ, ഉപകരണങ്ങളുടെ അഭാവം തുടങ്ങി വിവിധ കാരണങ്ങളാൽ ഓൺലൈൻ ക്ലാസ്സിന് പുറത്തുള്ള ആയിരക്കണക്കിന് കുട്ടികൾ പ്ലസ് വണിൽ പഠിക്കുന്നുണ്ട്. സർക്കാർ കണക്കുപ്രകാരം തന്നെ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കി വരുന്നേയുള്ളൂ. ഒരു ഓൺലൈൻ ക്ലാസ് പോലും ലഭിക്കാത്ത ആദിവാസി മേഖലകളിലെയും മറ്റു പിന്നാക്ക പ്രദേശങ്ങളിലെയും കുട്ടികൾക്ക് മാതൃകാ പരീക്ഷ എഴുതാനാവില്ലെന്നു മാത്രമല്ല പൊതുപരീക്ഷ വെറും പ്രഹസനമായി മാറുകയും ചെയ്യുമെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. പരീക്ഷക്കു മുമ്പ് രണ്ടാം വർഷ വിദ്യാർഥികൾക്ക് നൽകിയതുപോലെ നിയന്ത്രിതമായി നേരിട്ടുള്ള ക്ലാസ്സുകൾ പ്ലസ് വൺ വിദ്യാർഥികൾക്കും നൽകണമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രിയോട് ഒന്നിലധികം തവണ ആവശ്യപ്പെട്ടിരുന്നു. ഓൺലൈന് പുറത്തുള്ള കുട്ടികൾക്കും പിന്നാക്കം നിൽക്കുന്നവർക്കും ഫോക്കസ് ഏരിയ പ്രകാരമുള്ള ക്ലാസുകൾ ലഭ്യമാകാനും ആത്മവിശ്വാസത്തോടെ പരീക്ഷക്ക് ഹാജരാകാനുമുള്ള സാധ്യതയാണ് വകുപ്പിെൻറ നിഷേധാത്മക നിലപാടു മൂലം ഇല്ലാതായത്.
പത്താം ക്ലാസ് ജയിച്ച് എത്തിയ കുട്ടികൾക്ക് തീർത്തും അപരിചിതമായ പഠന മേഖലയാണ് പ്ലസ് വൺ. 40 വ്യത്യസ്ത കോമ്പിനേഷനുകളിലായി 53 വ്യത്യസ്ത വിഷയങ്ങളാണ് പ്ലസ് വണിലുള്ളത്. വ്യത്യസ്ത കോമ്പിനേഷനുകളിലായി 53 വ്യത്യസ്ത വിഷയങ്ങൾ പ്ലസ് വണിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.