തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ മലബാറിലെ സീറ്റ് ക്ഷാമത്തിലേക്കുള്ള സൂചനയായി ട്രയൽ അലോട്ട്മെന്റ്. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ 2,45,976 അപേക്ഷകരിൽ 1,20,939 പേർക്കാണ് പ്രവേശന സാധ്യത സൂചിപ്പിക്കുന്ന ട്രയൽ അലോട്ട്മെന്റിൽ ഇടം ലഭിച്ചത്. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 82,425 പേരിൽ 36,385 പേർക്കാണ് ട്രയൽ അലോട്ട്മെന്റിൽ ഇടംലഭിച്ചത്.
ജില്ലയിൽ ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകൾ 49,664 ആണ്. അവശേഷിക്കുന്ന സീറ്റുകൾകൂടി ചേർത്ത് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചാലും 32,761 പേർക്ക് ഏകജാലക പ്രവേശനത്തിൽ സീറ്റുണ്ടാകില്ല. മലബാറിലെ ആറ് ജില്ലകളിൽ ആകെയുള്ള 1,60,267 മെറിറ്റ് സീറ്റുകളിൽ 1,20,939 എണ്ണത്തിലേക്കാണ് ട്രയൽ അലോട്ട്മെന്റ് നടന്നത്.
അവശേഷിക്കുന്ന 39,328 സീറ്റുകൾ കൂടി പരിഗണിച്ചാലും ഈ ജില്ലകളിൽ ഏകജാലകത്തിൽ അപേക്ഷിച്ച 85,709 പേർക്ക് സീറ്റുണ്ടാകില്ല. മലപ്പുറത്തിന് പുറമെ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അപേക്ഷകരും സീറ്റും തമ്മിലെ അന്തരം വലുതാണ്.
പാലക്കാട് ജില്ലയിൽ 45,203 അപേക്ഷകർക്കായി മെറിറ്റിലുള്ളത് 27,199 സീറ്റുകളാണ്. ഇതിലേക്ക് 22,565 പേർക്കാണ് ട്രയൽ അലോട്ട്മെന്റ് നൽകിയത്. കോഴിക്കോട് ജില്ലയിൽ 48,121 അപേക്ഷകർക്ക് 31,151 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിലേക്ക് 23,731 പേർക്കാണ് ട്രയൽ അലോട്ട്മെന്റ് ലഭിച്ചത്.
സംസ്ഥാനത്താകെ 4,65,815 പേർ അപേക്ഷിച്ചതിൽ 3,07,344 മെറിറ്റ് സീറ്റുകളിലേക്ക് 2,44,618 പേർക്കാണ് ട്രയൽ അലോട്ട്മെൻറ് ലഭിച്ചത്. അപേക്ഷകർക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷകളിൽ തിരുത്തൽ വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും അവസരമുണ്ട്. ജൂൺ അഞ്ചിന് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.