തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പരിഷ്കരിച്ചുനൽകിയ ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോൾ മൂല്യനിർണയത്തിനായി നൽകിയ ആദ്യ സൂചികയിൽ വ്യാപക മാറ്റം. ആകെയുള്ള 36 ചോദ്യങ്ങളിൽ 18 എണ്ണത്തിലും വിദഗ്ധസമിതി ഭേദഗതി വരുത്തുകയോ കൂട്ടിച്ചേർക്കൽ നടത്തുകയോ ചെയ്തു. എട്ട് ചോദ്യങ്ങൾക്ക് ഒന്നിലധികം രീതിയിൽ ശരിയുത്തരമെഴുതാമെന്നും വ്യക്തമായി. വിദഗ്ധസമിതി സമർപ്പിച്ച സൂചിക അംഗീകരിച്ച വിദ്യാഭ്യാസവകുപ്പ് ഇതുപ്രകാരമുള്ള മൂല്യനിർണയം ബുധനാഴ്ചമുതൽ ആരംഭിക്കാൻ നിർദേശം നൽകി.
ഇതോടെ മൂന്ന് ദിവസം കെമിസ്ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചതുമൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി. ചോദ്യകർത്താവ് നൽകിയ സൂചികയിൽ വ്യാപക പിഴവുണ്ടെന്ന് വിദഗ്ധസമിതി തയാറാക്കിയ സൂചികയിലൂടെ വ്യക്തമാകുകയും ചെയ്തു. ഉത്തരത്തിൽ അക്ഷരത്തെറ്റ് കടന്നുകൂടിയ 13ാമത്തെ ചോദ്യത്തിന് ഏത് ഉത്തരമെഴുതിയാലും മാർക്ക് നൽകാനും സമിതി നിർദേശിച്ചു. ഈ ചോദ്യത്തിന് ചോദ്യപ്പേപ്പറിൽ നൽകിയതിൽനിന്ന് വ്യത്യസ്തമായ സ്പെല്ലിങ്ങോടുകൂടിയ ഉത്തരമാണ് സൂചികയിൽ ചോദ്യകർത്താവ് നൽകിയത്. ഇതിന് പുറമെ പല ചോദ്യങ്ങളും ഒന്നിൽകൂടുതൽ പിരിവുകൾ ഉള്ളവയാണ്. ഇവക്ക് ഒന്നിലധികം രീതിയിൽ ഉത്തരമെഴുതാനുള്ളതും വിദഗ്ധസമിതിയുടെ സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ ഉത്തരം അതുപ്രകാരം പകർത്തിയെഴുതിയാൽ മാത്രമേ ചോദ്യകർത്താവിന്റെ സൂചികയിൽ മാർക്ക് നൽകാൻ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. എന്നാൽ, വിദഗ്ധസമിതി തയാറാക്കിയ സൂചികയിൽ ശരിയുത്തരം എഴുതുകയോ ശരിയുത്തരത്തിന്റെ ഓപ്ഷൻ നമ്പർ എഴുതുകയോ ചെയ്താൽ മാർക്ക് നൽകണമെന്ന് ഭേദഗതി വരുത്തി. 13 ഹയർസെക്കൻഡറി അധ്യാപകരും മൂന്ന് കോളജ് അധ്യാപകരും ഉൾപ്പെട്ട വിദഗ്ധസമിതി ചൊവ്വാഴ്ച യോഗം ചേർന്നാണ് പുതിയ സൂചിക തയാറാക്കിയത്. ബുധനാഴ്ച രാവിലത്തെ സെഷൻ കെമിസ്ട്രി അധ്യാപകർ പുതിയ സൂചിക പരിചയപ്പെടാൻ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മേയ് മൂന്നിന് തുടങ്ങാനിരുന്ന പ്രാക്ടിക്കൽ പരീക്ഷകൾ മേയ് നാല് മുതൽ ക്രമീകരിക്കാൻ വിഷയങ്ങളുടെ ജില്ല ചീഫുമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.