തിരുവനന്തപുരം: റെഗുലർ വിദ്യാർഥികൾക്കായി നടത്തുന്ന അർധ വാർഷിക പരീക്ഷക്ക് ഓപൺ സ്കൂൾ വിദ്യാർഥികൾക്കും ചോദ്യപേപ്പർ അച്ചടിച്ച് ഹയർ സെക്കൻഡറി വിഭാഗം. ഇതുവഴി ആറു ലക്ഷത്തോളം ചോദ്യപേപ്പർ പാഴായി. ഓപൺ സ്കൂൾ വിദ്യാർഥികൾ കൂടുതലുള്ള ജില്ലകളിൽ വെള്ളിയാഴ്ച ഹയർ സെക്കൻഡറി അർധ വാർഷിക പരീക്ഷക്കുള്ള ചോദ്യപേപ്പറുകൾ എത്തിച്ചപ്പോഴാണ് പിഴവ് പുറത്തുവന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതാനുള്ള വിദ്യാർഥികളുടെ എണ്ണം ഉപയോഗിച്ച് അർധ വാർഷിക പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കിയതാണ് പിഴവായത്.
അരലക്ഷത്തോളം വീതം വിദ്യാർഥികൾ ഓപൺ സ്കൂളിനു കീഴിൽ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതാനുണ്ട്. എന്നാൽ, ഓപൺ സ്കൂൾ വിദ്യാർഥികൾക്ക് പാദവാർഷിക, അർധവാർഷിക പരീക്ഷകൾ നടത്താറില്ല. ഇ, വിഭാഗം വിദ്യാർഥികളുടെ പരീക്ഷ കേന്ദ്രങ്ങളായ സ്കൂളുകളിലേക്കാണ് അർധ വാർഷിക പരീക്ഷക്കായി ചോദ്യപേപ്പർ എത്തിച്ചത്. ഓപൺ സ്കൂളിന് കീഴിലുള്ള ഒരു ലക്ഷത്തോളം വിദ്യാർഥികൾക്കായി ആറു വിഷയങ്ങൾക്കായി ആറു ലക്ഷത്തോളം ചോദ്യപേപ്പറാണ് തയാറാക്കിയത്. ഈ ഇനത്തിൽ 15 ലക്ഷത്തിലധികം രൂപ വിദ്യാഭ്യാസ വകുപ്പിന് പാഴ്ച്ചെലവ് വരുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം പരീക്ഷ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് വേതനം നൽകാതിരിക്കുമ്പോഴാണ് ആവശ്യമില്ലാതെ ഓപൺ സ്കൂൾ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ തയാറാക്കി ലക്ഷങ്ങൾ നഷ്ടം വരുത്തിയത്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.