തിരുവനന്തപുരം: സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടക്കുന്നതിനാൽ ഇതിനിടയിൽ വാർഷിക പരീക്ഷ നടത്താനാകില്ലെന്ന് വന്നതോടെയാണ് പരീക്ഷ മാർച്ച് അവസാനത്തിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. മാർച്ച് 16ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 21ന് അവസാനിക്കും.
ഈ സാഹചര്യത്തിൽ മാർച്ച് 22നും 30നും ഇടയിൽ പരീക്ഷ നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പ്ലസ് ടു പരീക്ഷ മാർച്ച് 30നും എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31നുമാണ് ആരംഭിക്കുന്നത്. മാർച്ച് അവസാനം സ്കൂൾ വാർഷിക പരീക്ഷ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ചോദ്യപേപ്പർ അച്ചടി വേഗത്തിലാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്ക് പരീക്ഷക്കുപകരം പഠന നേട്ടം വിലയിരുത്തുന്ന വർക്ക് ഷീറ്റുകൾ തയാറാക്കി നൽകുകയാണ്. ഇവ 22നകം സ്കൂളുകളിൽ വിതരണം ചെയ്യണമെന്നാണ് ചുമതലയുള്ള സമഗ്രശിക്ഷ കേരള (എസ്.എസ്.കെ)ക്കുള്ള നിർദേശം. അഞ്ചു മുതൽ ഏഴു വരെ ക്ലാസുകളുടെ ചോദ്യപേപ്പർ തയാറാക്കുന്ന ചുമതലയും എസ്.എസ്.കെക്കാണ്. ചോദ്യപേപ്പർ തയാറാക്കുന്ന നടപടികൾ ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷക്കുള്ള ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടിയുടെ മേൽനോട്ടത്തിൽ ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ (ഡയറ്റ്) ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇവയുടെ പരിശോധന വെള്ളിയാഴ്ചക്കകം എസ്.സി.ഇ.ആർ.ടി പൂർത്തിയാക്കി അച്ചടിക്കായി എസ്.എസ്.കെക്കായി കൈമാറും.
വാർഷിക പരീക്ഷ മാർച്ചിൽ തന്നെ പൂർത്തിയാക്കി ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകൾക്ക് ഏപ്രിൽ, മേയ് മാസങ്ങളിൽ മധ്യവേനലവധി നൽകാനാണ് ധാരണ. പ്ലസ് വൺ പരീക്ഷ ജൂൺ അവസാനമായിരിക്കും നടത്തുക. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ അവസാനം പൂർത്തിയായാൽ മൂന്നാഴ്ച മൂല്യനിർണയത്തിന് വേണ്ടിവരും. ഈ സാഹചര്യത്തിൽ ഈ അധ്യയന വർഷം പ്ലസ് വൺ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല എന്ന വിലയിരുത്തലിലാണ് ജൂണിലേക്ക് മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.