തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ വിവിധ വിഭാഗങ്ങളുമായി നടത്തിവന്ന ആദ്യഘട്ട ചർച്ച പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച മന്ത്രി വി. ശിവൻകുട്ടി വിളിച്ച യോഗത്തിൽ വിദ്യാർഥി സംഘടനകളും തൊഴിലാളി സംഘടനകളും സംസ്ഥാന സർക്കാറിെൻറ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
13 വിദ്യാർഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ യോഗവും നടന്നു. ഞായറാഴ്ച ഡി.ഇ.ഒ എ.ഇ.ഒ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിൽ അധ്യാപക പരിശീലനം, കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ നടത്തൽ എന്നിവയിൽ കൂടിയാലോചന നടന്നു. മേയ് അഞ്ചിനകം മാർഗരേഖ പുറത്തിറക്കാനാണ് നീക്കം.
നിശ്ചിത ദിവസത്തിനകം ക്ലാസുകൾ തുടങ്ങാൻ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാൻ സൗകര്യമൊരുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഈമാസം 20 മുതൽ 30 വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഇത് വിജയമാക്കാൻ മന്ത്രി അഭ്യർഥിച്ചു. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണന. ഓരോ സ്കൂളിലും ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം.
സർക്കാർ-സ്വകാര്യ ഡോക്ടർമാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. ആയുഷ് നിർദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും. പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിെൻറ ഭാഗമായി ആവശ്യമെങ്കിൽ അധ്യാപക രക്ഷാകർതൃ സമിതികൾ പുനഃസംഘടിപ്പിക്കണം. പി.ടി.എ ഫണ്ട് സ്കൂൾ മെയിൻറനൻസിനായി ഉപയോഗിക്കാം. അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്കൂൾ തുറക്കുന്നതിന് മുമ്പ് പരിശീലനം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർമാരുടേയും ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരുടേയും യോഗം വിളിച്ചും മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മന്ത്രി ഒാർമിപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാരുടേയും എയ്ഡഡ് സ്കൂൾ മാനേജർമാരുടേയും യോഗം വിളിക്കാൻ ഡി.ഡി.ഇമാർക്ക് മന്ത്രി നിർദേശം നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എന്നിവരും യോഗങ്ങളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.