തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം ഉയർത്തിയ ഭീതിയിൽ സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം അധ്യയന വർഷത്തിനും വീടുകളിൽ തന്നെ തുടക്കം. ഒാൺലൈൻ/ഡിജിറ്റൽ സംവിധാനങ്ങളിൽ ചൊവ്വാഴ്ചയാണ് പഠനാരംഭം. സ്കൂളുകൾക്കു പുറമെ കോളജുകളും ഒാൺലൈനായി നാളെത്തന്നെ തുറക്കും. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ചേർന്ന 3,39,395 വിദ്യാർഥികൾ ഒരു ദിവസം പോലും സ്കൂളിൽ പോകാതെയാണ് ഇൗ വർഷം രണ്ടാം ക്ലാസിലെത്തുന്നത്.
കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനം നേടിയ നാലു ലക്ഷത്തിലധികം വിദ്യാർഥികളും വിദ്യാലയങ്ങളിൽ കഴിയാത്തവരാണ്. ഇതിനു പുറമെ സ്കൂൾ മാറ്റം വാങ്ങിയ കുട്ടികൾക്കും പുതിയ ക്ലാസുകളിലെത്താൻ കഴിഞ്ഞിട്ടില്ല. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി ഏകദേശം 39 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്നത്. ഇൗ വർഷം ഒന്നാം ക്ലാസിൽ പുതുതായി 3.4 ലക്ഷത്തോളം വിദ്യാർഥികളെയാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ കാരണം ഒാൺലൈനായും നേരിട്ട് വിളിച്ചുപറഞ്ഞുമുള്ള പ്രവേശന നടപടികളാണ് നടക്കുന്നത്. ലോക്ഡൗൺ പിൻവലിക്കുന്ന മുറക്ക് വിദ്യാർഥി പ്രവേശനം വർധിക്കുെമന്നാണ് കരുതുന്നത്.
സ്കൂളുകൾ തുറക്കുന്നില്ലെങ്കിലും വെർച്വൽ പ്രവേശനോത്സവത്തിലൂടെയാണ് നവാഗതരെ സ്വാഗതം ചെയ്യുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എട്ട് വിദ്യാർഥികളും ഏതാനും അധ്യാപകരും ഉൾപ്പെടെ 30 പേർ മാത്രം പെങ്കടുക്കുന്നതാകും പരിപാടി. ഇത് വിക്ടേഴ്സ് ചാനൽ തത്സമയം സംപ്രേഷണം ചെയ്യും. വിക്ടേഴ്സിലൂടെ രാവിലെ എട്ടു മുതൽ പരിപാടികൾ ആരംഭിക്കും.
പത്തരക്ക് അംഗൻവാടി കുട്ടികൾക്കുള്ള പുതിയ 'കിളിക്കൊഞ്ചൽ' ക്ലാസുകൾ ആരംഭിക്കും. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാര്യർ തുടങ്ങിയവർ വിക്ടേഴ്സിലൂടെ ആശംസകൾ നേരും. ഡോ. മുരളി തുമ്മാരുകുടി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, യൂനിസെഫ് സോഷ്യല്‍ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആൻറണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. സ്കൂൾതലത്തിലും വെർച്വൽ പ്രവേശനോത്സവമൊരുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.