ദോഹ: രണ്ടു മാസത്തോളം നീണ്ട വേനലവധി കഴിഞ്ഞ് ആഗസ്റ്റ് 27 ഓടെ ഖത്തറിലെ മുഴുവൻ വിദ്യാലയങ്ങളിലും ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാകുന്നത്.
കിൻഡർ ഗർട്ടനും സ്കൂളുകളും ഉൾപ്പെടെ 1.32 ലക്ഷം വിദ്യാർഥികളാണ് പുതു അധ്യയന വർഷത്തിൽ പഠനത്തിരക്കിലേക്ക് നീങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. 279 സ്കൂളുകളാണ് ആകെയുള്ളത്. ഇവയിൽ 214 സ്കൂളുകളിലായി 1.24 ലക്ഷം കുട്ടികൾ 27 ഞായറാഴ്ച ക്ലാസുകളിലെത്തും. 65 കിൻഡർഗർട്ടനുകളിലായി 7936 പേരും ആഗസ്റ്റ് അവസാനത്തിൽ ക്ലാസുകളിലെത്തും.
സ്കൂൾ അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഈ മാസം 20 ഓടെ തന്നെ സജീവമാകും. ഇന്ത്യൻ സ്കൂളുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ അധ്യാപകരെത്തിയിട്ടുണ്ട്.
വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന് കുട്ടികളെത്തും മുമ്പായി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും, അവരെ സ്വീകരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾക്കുമായാണ് അധ്യാപകരും ജീവനക്കാരും നേരത്തെ എത്തുന്നത്. വിവിധ സ്കൂളുകളിൽ അധ്യാപകർക്കായി ഓറിയന്റേഷൻ ക്യാമ്പുകളും പരിശീലന പരിപാടികളും സജീവമാണ്.
ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയുടെ നേതൃത്വത്തിൽ വാർഷിക വിദ്യാഭ്യാസ മീറ്റ് തിങ്കളാഴ്ച നടക്കും. ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ വിദ്യഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ, സർക്കാർ, സ്വകാര്യ സ്കൂൾ മേധാവികൾ, അകാദമിക് വിദഗ്ധർ, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.