തൃക്കരിപ്പൂർ: അധ്യാപക രക്ഷാകർതൃ സമിതികളുടെ പ്രവർത്തനം മരവിപ്പിച്ച് സ്കൂളുകളിൽ മാനേജ്മെന്റ് കമ്മിറ്റികൾ ശക്തിപ്പെടുത്താൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻറ് ഹൈദരാബാദിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ ധാരണ.
ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലയിലും നടപ്പാക്കിയ പൈലറ്റ് പ്രോജക്ടുകൾ വലിയ വിജയമായി സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളായ വിദ്യാഭ്യാസ പ്രവർത്തകരെ പങ്കെടുപ്പിച്ച് ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളെ(എം.എസ്.സി) ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏക വിഷയത്തിലാണ് സുദീർഘമായ ആലോചന നടന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര വർധനക്ക് സാമൂഹിക ഇടപെടൽ എന്നതാണ് എസ്.എം.സികളിലൂടെ കേന്ദ്രം വിഭാവനം ചെയ്യുന്നത്. രക്ഷിതാക്കൾക്ക് കൂടുതൽ പ്രാമുഖ്യമുള്ള കമ്മിറ്റിയിൽ ചെയർമാൻ പ്രദേശത്തെ പൗരപ്രമുഖൻ ആയിരിക്കും.
തെലങ്കാനയിൽ എസ്.എം.സി ഇടപെട്ട് ഒട്ടേറെ വിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെ എത്തിക്കാൻ സാധിച്ചതായി സെമിനാർ മുന്നോട്ടുവെച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എസ്.എം.സി അധ്യാപകരുടെ പ്രകടനം ഉൾെപ്പടെ വിലയിരുത്തുന്നതായി അവിടെ നിന്നുള്ള അനുഭവം. അധ്യയനം മെച്ചപ്പെടുത്താത്ത അധ്യാപകർക്ക് വേതനം തടയുന്നതിന് ശിപാർശ ചെയ്യുന്നതിന് ഉൾെപ്പടെ അധികാരം മാനേജ്മെൻറ് കമ്മിറ്റികൾ ആർജ്ജിച്ചു. എസ്.എം.സി ശാക്തീകരണം നേരിടുന്ന വെല്ലുവിളികൾ മറികടക്കാനുള്ള മാർഗനിർദേശങ്ങളും സെമിനാർ എടുത്തുപറയുന്നു.കേരളത്തിലെ സ്കൂളുകളിൽ പി.ടി.എയും സമാന്തരമായി എസ്.എം.സിയും പ്രവർത്തിക്കുന്ന കാര്യം സംസ്ഥാനത്തുനിന്നുള്ള പ്രതിനിധികൾ അവതരിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരിക്കും എസ്.എം.സികൾ പുനഃസംഘടിപ്പിക്കുക. പ്രതിമാസം കമ്മിറ്റി യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളായി കൊല്ലം ജില്ല വിദ്യാഭാസ ഓഫിസർ എസ്. ഷാജി, കൂക്കാനം ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ വി.വി. രവീന്ദ്രൻ, സമഗ്ര ശിക്ഷ പ്രതിനിധികളായ ഡോ. ലേജു തോമസ്, മനോഹരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.