മുക്കം: ഈ വര്‍ഷത്തെ സ്കൂള്‍ പഠനകാലം അവസാനിക്കാറായിട്ടും മുക്കം ഉപജില്ലയിലെ നിരവധി പ്രൈമറി വിദ്യാലയങ്ങളില്‍ ഇനിയും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ല.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രധാനാധ്യാപകര്‍ വിരമിക്കുകയോ സ്ഥലംമാറി പോവുകയോ ചെയ്ത സ്കൂളുകളിലാണ് ഇതുവരെ നിയമനം നടക്കാത്തത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഏകോപനമോ അധ്യാപകര്‍ക്കും രഷിതാക്കള്‍ക്കും സംഘടിപ്പിക്കുന്ന വിവിധ ഓണ്‍ലൈന്‍ പരിശീലന പരിപാടികളോ ഇത്തരം സ്കൂളുകളില്‍ കാര്യക്ഷമമായി നടക്കുന്നില്ല. കുട്ടികളുടെ അക്കാദമിക നിലവാരത്തെ ഇത് സാരമായി ബാധിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
ആയിരത്തിലധികം കുട്ടികളുള്ള ജി.എം.യു.പി.എസ് ചേന്ദമംഗലൂര്‍, ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്കൂളുകളായ ജി.യു.പി.എസ് മണാശേരി, ജി.യു.പി.എസ് തോട്ടുമുക്കം, മലയോര മേഖലകളിലെ ആദിവാസികള്‍ ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ പഠിക്കുന്ന ജി.ടി.എല്‍.പി.എസ് കൂമ്പാറ, ജി.എല്‍.പി.എസ് തൊണ്ടിമ്മല്‍, കക്കാടംപൊയില്‍, മഞ്ഞക്കടവ്, തുടങ്ങിയ സ്കൂളുകളിലാണ് ഇതുവരെ പ്രധാനാധ്യാപകരെ നിയമിക്കാത്തത്. ഈ സ്കൂളുകളിലെ ശമ്പളവിതരണത്തേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മാര്‍ച്ച് മാസം സര്‍വിസില്‍നിന്നും വിരമിക്കുന്ന മുക്കം എ.ഇ.ഒയുടെ മേല്‍നോട്ടത്തിലാണിപ്പോള്‍ ഈ വിദ്യാലയങ്ങളിലെ അക്കാദമികവും ഭരണപരവുമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം, ഈ വര്‍ഷം വിരമിക്കുന്ന നാൽപതോളം അധ്യാപകരുടെ പെന്ഷന് രേഖകള്‍ തയാറാേക്കണ്ട എ.ഇ.ഒ ഓഫിസിലെ ജീവനക്കാരുടെ അഭാവവും വലിയ തലവേദനയാവുകയാണ്.
പ്രൈമറി ഹെഡ്മാസ്റ്റര് നിയമനവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാലാണ് നിയമനം നടക്കാത്തതെന്ന് മുക്കം എ.ഇ.ഒ ജി.കെ. ഷീല അറിയിച്ചു. എന്നാല്‍, കഴിഞ്ഞ വേനലവധിക്കാലത്ത് നടക്കേണ്ട പ്രധാനാധ്യാപക നിയമനങ്ങള്‍ അകാരണമായി വൈകിപ്പിച്ചതാണിപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ, നിയമസഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അധ്യാപകരെ ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലര്‍ സ്കൂളുകളിലെത്തിയിട്ടുണ്ട്. ഇതിലേക്കും അധ്യാപകരെ നിയമിക്കേണ്ട ചുമലത പ്രധാനാധ്യാപകനാണ്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.