തിരുവനന്തപുരം: കോവിഡ് ഭീതിക്കിടെ മുഖാവരണം ധരിച്ചും കൈ അണുമുക്തമാക്കിയും 13.72 ലക്ഷം വിദ്യാർഥികൾ ചൊവ്വാഴ്ച മുതൽ പരീക്ഷാ ഹാളിലെത്തുന്നു. കർശന ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളോടെയാണ് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷ ക്രമീകരണം പൂർത്തിയാക്കിയത്.
ചൊവ്വാഴ്ച എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് നടക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷ ബുധനാഴ്ച മുതലാണ്. എസ്.എസ്.എൽ.സി 28നും ഹയർസെക്കൻഡറി പരീക്ഷ 30നും പൂർത്തിയാകും. ലോക്ഡൗൺ കാരണം കുടുങ്ങിയ 10920 വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റിനൽകിയിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രതയോടെയാണ് പരീക്ഷ.
സാമൂഹിക അകലം പാലിക്കാൻ ക്ലാസിൽ പരമാവധി 20 കുട്ടികൾ മാത്രമേ പാടുള്ളൂ. മൂന്ന് വിഭാഗങ്ങളിലായി 13,72,012 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. 2945 കേന്ദ്രങ്ങളിൽ 4,24,214 പേരാണ് ഉച്ചക്കുശേഷം നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ളത്. ഇതിൽ ഗൾഫിലെയും (597 കുട്ടികൾ), ലക്ഷദ്വീപിലെയും (592) ഒമ്പത് വീതം കേന്ദ്രങ്ങൾ ഉൾപ്പെടുന്നു.
2032 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷ. 4,52,572 പേർ പ്ലസ് ടു പരീക്ഷയും 4,38,825 പേർ പ്ലസ് വൺ പരീക്ഷയും എഴുതും. 389 കേന്ദ്രങ്ങളിൽ 29,178 പേർ രണ്ടാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷയും 27,203 പേർ ഒന്നാം വർഷ പരീക്ഷയും എഴുതും. പത്താം ക്ലാസിൽ ചൊവ്വാഴ്ച ഉച്ചക്ക് 1.45 മുതൽ 4.30 വരെ ഗണിത പരീക്ഷയാണ് നടക്കുന്നത്. ഒന്നും രണ്ടും വർഷ വി.എച്ച്.എസ്.ഇക്ക് എൻറർപ്രണർഷിപ് ഡെവലപ്മെൻറ് (രാവിലെ (9.45-12.30) ആണ് പരീക്ഷ.
സമ്പർക്ക വിലക്കുള്ള വിദ്യാർഥികൾക്ക് പ്രത്യേക ക്ലാസ് മുറിയിലായിരിക്കും പരീക്ഷ. അധ്യാപകർക്ക് ഗ്ലൗസും ത്രീ ലെയർ മാസ്കും നിർബന്ധമാണ്. രക്ഷാകർത്താക്കൾ കൂട്ടംകൂടി നിൽക്കുകയോ കാമ്പസിനകത്ത് പ്രവേശിക്കുകയോ ചെയ്യരുത്. സ്കൂളുകൾ ഇതിനകം അണുമുക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.