തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി. രാവിലെ 9.30 മുതൽ 11.15 വരെ ഒന്നാം ഭാഷ -പാർട്ട് ഒന്ന് പരീക്ഷയാണ് നടക്കുന്നത്. ഈ മാസം 29 വരെയാണ് പരീക്ഷ.
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷം ഏർപ്പെടുത്തിയ ഫോക്കസ് ഏരിയ ഇളവുകളെല്ലാം പിൻവലിച്ചുള്ള പരീക്ഷയാണ് ഇക്കുറി. തുടക്കത്തിലെ 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനുള്ള സമാശ്വാസ സമയമാണ്.
ഇത്തവണ 4,19,362 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. 2960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗൾഫിൽ 518 പേരും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും പരീക്ഷയെഴുതും.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ വെള്ളിയാഴ്ച തുടങ്ങും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. 4,25,361 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയും 4,42,067 രണ്ടാം വർഷ പരീക്ഷയുമെഴുതും. മാർച്ച് 30നാണ് ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 389 കേന്ദ്രങ്ങളിലായി നടക്കുന്ന ഒന്നാം വർഷ വി.എച്ച്.എസ്.ഇ പരീക്ഷക്ക് 28,820 പേരും രണ്ടാം വർഷത്തിന് 30,740 പേരും ഹാജരാകും. ചൂട് വർധിച്ച സാഹചര്യത്തിൽ പരീക്ഷ ഹാളിൽ വിദ്യാർഥികൾക്ക് കുടിവെള്ളം നൽകാൻ ക്രമീകരണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ 26 വരെ 70 ക്യാമ്പുകളിലായി നടക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ മേയ് ആദ്യ വാരംവരെ 80 ക്യാമ്പുകളിലായി നടക്കും. വി.എച്ച്.എസ്.ഇ മൂല്യനിർണയവും ഇതേ സമയത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.