തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യപേപ്പർ പാറ്റേൺ വിദ്യാർഥി വിരുദ്ധമെന്ന് വ്യാപക വിമർശനം. കോവിഡ് വ്യാപനകാലത്ത് വിദ്യാർഥികളെ സമ്മർദത്തിലാക്കിയും ഫോക്കസ് ഏരിയയുടെ ഗുണം ലഭിക്കാത്ത രീതിയിലുമാണ് ചോദ്യപേപ്പർ ഘടന തയാറാക്കിയതെന്നാണ് വിമർശനം. സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു ഉൾപ്പെടെ ഒട്ടേറെ അധ്യാപക സംഘടനകൾ ചോദ്യപേപ്പർ ഘടനക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. 60 ശതമാനം പാഠഭാഗമാണ് ഇത്തവണ ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. 50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ചോയ്സായി അധികം നൽകാനും തീരുമാനിച്ചിരുന്നു. ഫോക്കസ് ഏരിയയിൽനിന്ന് 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 80 മാർക്കിനുള്ള ചോദ്യപേപ്പറിൽ ചോയ്സ് ഉൾപ്പെടെ 120 മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തും. 120 മാർക്കിന്റെ 70 ശതമാനം എന്ന നിലയിൽ 84 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് വരുമെന്ന ധാരണയാണ് സർക്കാർ ഉത്തരവിലൂടെ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും പരന്നത്.
ഇതുപ്രകാരം ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള പഠനത്തിലേക്ക് ഭൂരിഭാഗം വിദ്യാർഥികൾ മാറുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ 13ന് അവസാനിച്ച ചോദ്യപേപ്പർ തയാറാക്കൽ ശിൽപശാലയിലാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കുന്ന പാറ്റേൺ പുറത്തുവന്നത്. 120 മാർക്കിന് പകരം 80 മാർക്കിന്റെ 70 ശതമാനം എന്ന നിലയിൽ 56 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് ഉൾപ്പെടുത്തുന്ന രീതിയിലായിരുന്നു ശിൽപശാലയിൽ അവതരിപ്പിച്ച പാറ്റേൺ. ഇതേ പാറ്റേൺതന്നെ 40 മാർക്കിന്റെയും 60 മാർക്കിന്റെയും ചോദ്യപേപ്പറുകളിലും നടപ്പാക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ 14ന് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് ഫോക്കസ് ഏരിയ ചോദ്യങ്ങൾ 70 ശതമാനത്തിൽ ഒതുക്കിയതും 30 ശതമാനം പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരിക്കുമെന്നും പുറത്തുവന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠനം ഏറക്കുറെ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചു നടത്തുന്നതിനിടെയാണ് ചോദ്യപേപ്പർ പാറ്റേൺ പുറത്തായത്. മാർച്ചിലും ഏപ്രിലിലുമായി നടത്തുന്ന പരീക്ഷക്ക് ഫോക്കസ് ഏരിയക്ക് പുറത്തുള്ള പാഠങ്ങളും പഠിക്കേണ്ടിവരുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് ജനുവരി 18നാണ്. പഠനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്ന സമയത്തുള്ള ഫോക്കസ് ഏരിയ മാർക്ക് നിയന്ത്രണം ഓൺലൈൻ പഠനം കാര്യക്ഷമമല്ലാത്തതും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിൽ പിറകിൽ നിൽക്കുന്നതുമായ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കാണ് തിരിച്ചടിയാകുന്നത്. ചോദ്യപേപ്പർ ഘടന നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ആശങ്ക പരിഹരിക്കാനാകുമായിരുന്നെന്നും അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.