തിരുവനന്തപുരം: കോവിഡ് വ്യാപന ആശങ്കകളൊഴിഞ്ഞ് സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകൾക്ക് തുടക്കം. ബുധനാഴ്ച രണ്ടാംവർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് തുടങ്ങിയത്. വ്യാഴാഴ്ചഎസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കും. ഹയർ സെക്കൻഡറിയിൽ ബുധനാഴ്ച സോഷ്യോളജി/ആന്ത്രപ്പോളജി/ഇലക്ട്രോണിക് സർവിസ് ടെക്നോളജി (ഓൾഡ്)/ ഇലക്ട്രോണിക് സിസ്റ്റംസ് വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. ആകെയുള്ള 4,33,325 വിദ്യാർഥികളിൽ 70440 പേർക്കായിരുന്നു ബുധനാഴ്ച പരീക്ഷയുണ്ടായിരുന്നത്. 907 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.
കഴിഞ്ഞ രണ്ട് വർഷവും കോവിഡ് വ്യാപനഘട്ടത്തിലായിരുന്നു പൊതുപരീക്ഷകൾ നടന്നത്. ഫോക്കസ് ഏരിയ ചോദ്യങ്ങൾ 70 ശതമാനം മാർക്കിൽ പരിമിതപ്പെടുത്തിയതിൽ കുട്ടികൾക്കിടയിൽ ആശങ്ക ഉയർന്നിരുന്നെങ്കിലും പരീക്ഷയുടെ ആദ്യദിനത്തിൽ അത്തരം പരാതികളൊന്നും ഉയർന്നിട്ടില്ല.
സോഷ്യോളജി, ആന്ത്രപ്പോളജി പരീക്ഷകൾ പൊതുവെ എളുപ്പമായിരുന്നുവെന്നാണ് വിദ്യാർഥികളുടെ പ്രതികരണം. ബുധനാഴ്ച പരീക്ഷയുള്ള കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിൽ ഏപ്രിൽ ഒന്നിലെ ഹയർ സെക്കൻഡറി പരീക്ഷയെഴുതാൻ 2005 കേന്ദ്രങ്ങളിലായി 419640 പേരുണ്ട്. വി.എച്ച്.എസ്.ഇയിൽ എന്‍റർപ്രണർഷിപ് ഡെവലപ്മെന്‍റ്/ജി.എഫ്.സി പരീക്ഷയായിരുന്നു ബുധനാഴ്ച. വ്യാഴാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ 2961 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 426999ഉം പ്രൈവറ്റായി 408 പേരും എഴുതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.