തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ എം.ഫിൽ കോഴ്സ് നിർത്തി. കോഴ്സിന് ഇനി വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിെൻറ അധ്യക്ഷതയിൽ സർവകലാശാല വൈസ്ചാൻസലർമാർ കൂടി പെങ്കടുത്ത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി തീരുമാനിച്ചു. പകരം നാല് സെമസ്റ്ററുകളിലായി രണ്ട് വർഷ ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്സ് ഡിഗ്രി വിത്ത് റിസർച്) കോഴ്സ് ആരംഭിക്കും. അതേ സമയം നിലവിൽ കോഴ്സ് ചെയ്യുന്നവർക്ക് പൂർത്തിയാക്കാം. ദേശീയ വിദ്യാഭ്യാസ നയം 2020 എം.ഫിൽ നിർത്താൻ നിർദേശിച്ചിരുന്നു. നയം നടപ്പാക്കുന്നതിലേക്ക് എത്തിയിട്ടില്ലെങ്കിലും എം.ഫിൽ തുടരേണ്ടതില്ലെന്ന് യു.ജി.സി സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നു.
തുടർന്ന് കോഴ്സിന് പ്രവേശനം നൽകുന്നത് സംബന്ധിച്ച് സർവകലാശാലകൾ സർക്കാറിൽനിന്ന് വ്യക്തത തേടി. സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപദേശവും തേടി. കൗൺസിൽ ഗവേണിങ് ബോഡി യോഗം വിഷയം ചർച്ച ചെയ്ത് തുടരേെണ്ടന്ന് തീരുമാനിക്കുകയായിരുന്നു. യു.ജി.സി നിർദേശ വിരുദ്ധമായി പ്രവേശനം നടത്തിയാൽ യു.ജി.സി അംഗീകാരമില്ലാത്ത സാഹചര്യമുണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
പകരം പി.ജി കോഴ്സിന് ശേഷം സൂപ്പർ സ്പെഷാലിറ്റി എന്ന നിലയിൽ ഗവേഷണാധിഷ്ഠിത ബിരുദാനന്തര ബിരുദ കോഴ്സ് ആരംഭിക്കാമെന്നും നിർദേശിച്ചു. വ്യവസായ മേഖലയുമായി ബന്ധപ്പെടുത്തി പുതിയ കോഴ്സ് രൂപകൽപന ചെയ്യുന്നത് തൊഴിൽ സാധ്യത വർധിപ്പിക്കാനിടയാക്കുമെന്ന നിർദേശവും കൗൺസിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. പിഎച്ച്.ഡിക്ക് മുന്നോടിയായി മുന്നൊരുക്ക കോഴ്സായും ഗവേഷണാധിഷ്ഠിത പി.ജി കോഴ്സിനെ ഉപയോഗപ്പെടുത്താം. പുതിയ കോഴ്സ് സർവകലാശാലകൾ തന്നെയാണ് രൂപകൽപന ചെയ്യേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ ഡോ. രാജൻഗുരുക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. ഗവേഷണത്തിന് ഉൗന്നൽ നൽകുന്ന അധിക പി.ജി കോഴ്സായാണ് ഇത് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രണ്ടാഴ്ച മുമ്പ് കാലടി സംസ്കൃത സർവകലാശാല മലയാളം എം. ഫിൽ കോഴ്സിന് പ്രവേശന പരീക്ഷ നടത്തി താൽക്കാലിക റാങ്ക് പട്ടിക പുറത്തിറക്കിയിരുന്നു. പുതിയ തീരുമാനം ഈ കോഴ്സിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.