തളിപ്പറമ്പ്: കില കാമ്പസിൽ ഒരുങ്ങുന്നത് ജനാധിപത്യ പഠനത്തിനുള്ള മികവിന്റെ കേന്ദ്രം. പുതിയ കാലത്തിനനുസരിച്ച് ചിന്തിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും ചെയ്യുന്ന യുവതലമുറയെയും നേതാക്കളെയും സൃഷ്ടിക്കുകയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കില അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന്റെയും ശിലയിട്ട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ് കോളജിന്റെയും ലക്ഷ്യം. സോഷ്യൽ എൻജിനീയറിങ് ഉൾപ്പെടെയുള്ള ഉന്നത പഠന, ഗവേഷണ, വിജ്ഞാന വിനിമയ കേന്ദ്രമാക്കി വികസിപ്പിക്കുകയാണിവിടം. മാനവിക-സാമൂഹിക വിഷയങ്ങൾക്കുപുറമെ ശാസ്ത്ര, സാങ്കേതിക, കമ്യൂണിക്കേഷൻ, ആസൂത്രണ വിഷയങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണവും പഠന പ്രവർത്തനങ്ങളും ആരംഭിക്കും. വിവിധ വിഷയങ്ങളിൽ ആഗോള പ്രശസ്തരായ വിദഗ്ധരെ ഇതിന്റെ ഭാഗമാക്കും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നിർവഹണ മേഖലകൾക്കും സഹായകമാകും വിധം വിദഗ്ധരെ രൂപപ്പെടുത്തും. അന്താരാഷ്ട്ര നേതൃപഠന കേന്ദ്രത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആൻഡ് ലീഡർഷിപ് എന്ന പേരിൽ ആരംഭിക്കുന്ന പി.ജി കോളജിന്റെ പ്രവർത്തനം ഈ വർഷം ആരംഭിക്കും. നവീനവും ലോകനിലവാരത്തിലുള്ളതുമായ പി.ജി കോഴ്‌സുകളാണ് കണ്ണൂർ യൂനിവേഴ്‌സിറ്റുമായി അഫിലിയേറ്റ് ചെയ്തുകൊണ്ട് ആരംഭിക്കുക.
എം.എ സോഷ്യൽ എന്റർപ്രണർഷിപ് ആൻഡ് ഡെവലപ്‌മെന്റ്, എം.എ പബ്ലിക്ക് പോളിസി ആൻഡ് ഡെവലപ്‌മെന്റ്, എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ഗവേണൻസ് എന്നീ മൂന്ന് കോഴ്‌സുകളാണ് നിലവിൽ ആരംഭിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് കോഴ്‌സിന്റെ പ്രയോജനം ലഭിക്കും. ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദതലത്തിൽ കേരളത്തിൽ മറ്റ് കോളജുകളിലോ യൂനിവേഴ്‌സിറ്റികളിലോ പഠനാവസരമില്ല.
നിലവിലുള്ള കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് കോളജ് ആരംഭിക്കുക. തദ്ദേശ സ്ഥാപനങ്ങളെ ഒരുമിച്ചുചേർത്തുകൊണ്ട് അവർക്കാവശ്യമായ വിവര, വിജ്ഞാന, സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കുന്ന നോളജ് സിറ്റി രൂപപ്പെടുത്തുകയാണ് അടുത്ത ഘട്ടം പ്രവർത്തനം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസന രംഗത്ത് പ്രത്യേക പങ്കുവഹിക്കാൻ സാധിക്കുന്ന രീതിയിൽ നോളജ് സിറ്റിയെ മാറ്റും. നാട്ടിലെ ടൂറിസത്തിനും മറ്റ് പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഊർജം നൽകുന്ന ഒന്നായി ഈ കേന്ദ്രം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.