കേരളം ഉന്നതവിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സമഗ്ര പരിഷ്കരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജഗിരി ബിസിനസ് സ്കൂളിന് ലഭിച്ച അസോസിയേഷൻ ടു അഡ്വാൻസ്ഡ് കൊളീജിയറ്റ് സ്കൂൾസ് ഓഫ് ബിസിനസ് (എ.എ.സി.എസ്.ബി) രാജ്യാന്തര അംഗീകാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യ വികസനം, പാഠ്യപദ്ധതിയിലും ബോധനസമ്പ്രദായത്തിലും നൂതനമായ മാറ്റം, വിദ്യാഭ്യാസ - വ്യാവസായിക മേഖലകൾ തമ്മിലുള്ള ജൈവബന്ധം തുടങ്ങിയ നടപടികളാണ് ഇതിന്‍റെ ഭാഗമായി സർക്കാ‍ർ ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച മൂന്ന് കമ്മീഷനുകളുടെ റിപ്പോർട്ട് നടപ്പാക്കാനാണ് ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സാമ്പത്തിക സഹായം നൽകുകയും ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കുകയും ചെയ്യും.

സർവകലാശാലകളുടെ അക്കാദമിക് സ്വാതന്ത്ര്യവും ഉറപ്പാക്കും. വിവര സാങ്കേതിക രംഗത്തെ മുന്നേറ്റം പ്രയോജനപ്പെടുത്തി സമൂഹത്തെ വിജ്ഞാനസാന്ദ്രമാക്കുന്നതിനുള്ള നടപടികളാണ് സർക്കാ‍ർ കൈക്കൊള്ളുന്നത്. കെ. ഫോൺ അടക്കമുള്ള പദ്ധതികൾ ഇതിനു വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇതിനകം നിരവധി വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്.

1,89,971 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് 117 കോടി രൂപ വിനിയോഗിച്ചു. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ പുരസ്കാരം ആയിരം വിദ്യാർഥികൾക്ക് നൽകി. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലെറ്റ്സ് മൂവ് ഡിജിറ്റൽ പാഠ്യപദ്ധതി നടപ്പാക്കി. വിവിധ അക്കാദമിക് കേന്ദ്രങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. സർവകലാശാലകളിലെ അക്കാദമിക്, പരീക്ഷാ കലണ്ടറുകൾ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചു. നാക് അക്രഡിറ്റേഷൻ മാതൃകയിൽ അംഗീകാരം നൽകുന്നതിന് സംസ്ഥാന തലത്തിൽ ഏജൻസിയെ ഏർപ്പെടുത്തി. കേരള സർവകലാശാലയിൽ ഡോ. താണു പത്മനാഭൻ അന്താരാഷ്ട്ര പഠന ഗവേഷണ കേന്രത്തിന് 88 കോടി അനുവദിച്ചു. 77 പേർക്ക് മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നൽകി - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.എം.ഐ പ്രൊവിൻസ് കൊച്ചി പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര അധ്യക്ഷത വഹിച്ചു. ഫാ. ബെന്നി നൽക്കര മുഖ്യമന്ത്രിക്ക് സ്മരണിക നൽകി ആദരിച്ചു.

Tags:    
News Summary - The Chief Minister will make Kerala the center of higher education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.