തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ പ്രഖ്യാപിച്ച താൽക്കാലിക ബാച്ച് അനുവദിച്ച് ഉത്തരവ് വൈകുന്നു. പ്രവേശന നടപടി വൈകുന്നതിനാൽ വടക്കൻ ജില്ലകളിലെ വിദ്യാർഥികൾ കൂട്ടത്തോടെ ഓപൺ സ്കൂളിൽ (സ്കോൾ കേരള) പ്രവേശനമെടുത്തു തുടങ്ങി.
സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിൽനിന്ന് വെള്ളിയാഴ്ചവരെയുള്ള കണക്ക് പ്രകാരം 4363 പേർ ഓപൺ സ്കൂളിൽ പ്ലസ് വൺ പഠനത്തിന് ചേർന്നു. പാലക്കാട് 1542 പേരും കോഴിക്കോട് 876 പേരും കണ്ണൂരിൽ 465 പേരും കാസർകോട് 320 പേരും ഓപൺ സ്കൂളിൽ ചേർന്നിട്ടുണ്ട്. സീറ്റ് ക്ഷാമം പരിഹരിക്കാൻ 72 താൽക്കാലിക ബാച്ച് അനുവദിക്കാനാണ് തീരുമാനം. മതിയായ സൗകര്യമുള്ള ഗവ. ഹയർസെക്കൻഡറി സ്കൂൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു.
ഡെപ്യൂട്ടി ഡയറക്ടറുടെ അഭാവത്തിൽ പാലക്കാട് ജില്ലയിൽ ചുമതല ജില്ല കോഓഡിനേറ്റർക്കായിരുന്നു. എയ്ഡഡ് ഹയർസെക്കൻഡറി പ്രിൻസിപ്പലായ കോഓഡിനേറ്റർ സൗകര്യമുള്ള സർക്കാർ സ്കൂളുകളില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതാണ് തീരുമാനം വൈകാനിടയാക്കിയതെന്നാണ് ആക്ഷേപം. തുടർന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ സഹായത്തോടെ സ്കൂളുകളുടെ പട്ടിക തയാറാക്കുകയായിരുന്നു. ഈ പട്ടിക ലഭിച്ചശേഷമാണ് ബാച്ച് അനുവദിക്കാനുള്ള നിർദേശം സർക്കാറിലേക്ക് സമർപ്പിച്ചത്. ഇതാണ് സർക്കാർ ഉത്തരവ് വൈകുന്നതിന് കാരണമായി പറയുന്നത്.
പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം വൈകിയതിനാൽ പ്ലസ് വൺ പ്രവേശനത്തിൽ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ നടപടികളും നീട്ടിവെച്ചിരിക്കുകയാണ്. ബാച്ച് അനുവദിച്ചശേഷം നിലവിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ട്രാൻസ്ഫർ അനുവദിക്കും. തുടർന്നായിരിക്കും ശേഷിക്കുന്ന സീറ്റുകളിലേക്ക് മൂന്നാം സപ്ലിമെൻററി അേലാട്ട്മെൻറ് നടത്തുക. കുട്ടികൾ ഓപൺ സ്കൂളിൽ ചേരാൻ തുടങ്ങിയതിനാൽ താൽക്കാലിക ബാച്ചിെൻറ ഗുണം ലഭിക്കാതെവരുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.