തിരുവനന്തപുരം: ആവശ്യകതയും തൊഴിൽസാധ്യതയും ഉൾപ്പെടെ പരിഗണിച്ച് പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകൾ അനുവദിക്കുന്നത് പഠിക്കാൻ വിദഗ്ധസമിതി രൂപവത്കരിച്ചു. സർക്കാർ നിർദേശപ്രകാരം ഉന്നത വിദ്യാഭ്യാസ കൗൺസിലാണ് സമിതിക്ക് രൂപം നൽകിയത്.
എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ് അധ്യക്ഷനായ സമിതിയിൽ ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.എം.എസ്. രാജശ്രീ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടിവ് ബോഡി അംഗങ്ങളായ ഡോ.കെ.കെ. ദാമോദരൻ, പോൾ വി. കാരന്താനം എന്നിവർ അംഗങ്ങളായാണ്.
കോളജുകളിൽ ഏതാനും വർഷമായി സാമ്പ്രദായിക കോഴ്സുകളിൽ ഉൾപ്പെടെ പലതിലും സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആഗോള തൊഴിൽ വിപണിയിലെ സാധ്യതകൾകൂടി മുന്നിൽ കണ്ടുള്ള കോഴ്സുകൾ എങ്ങനെ നടപ്പാക്കാനാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമിതിയുടെ നിർദേശം പ്രതീക്ഷിക്കുന്നതായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് പറഞ്ഞു. അടുത്തവർഷം പുതുതായി അനുവദിക്കേണ്ട കോഴ്സുകളുടെ പൊതുസ്വഭാവവും സമിതി നിർദേശിക്കും.
നേരത്തേ ആവശ്യക്കാർ ഏറെയുണ്ടായിരുന്ന സയൻസ് കോഴ്സുകളിൽ ഉൾപ്പെടെ ഒട്ടേറെ കോളജുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സീറ്റൊഴിവിന്റെ എണ്ണം വർഷംതോറും വർധിക്കുകയാണ്. ഉപരിപഠന സാധ്യത തേടി വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നത് സീറ്റൊഴിവിനുള്ള കാരണങ്ങളിൽ പ്രധാനമാണ്. ഈ പ്രവണത വർധിക്കുന്നത് ഭാവിയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തിരിച്ചടിയാകും.
പഠനവും തൊഴിലും തമ്മിലുള്ള അന്തരം നികത്തണമെന്ന് സമീപകാലത്ത് സർക്കാറിന് സമർപ്പിച്ച വിദഗ്ധ സമിതി റിപ്പോർട്ടുകളിലെല്ലാം നിർദേശമുണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ കോഴ്സുകൾ അനുവദിക്കുന്നതിൽ സ്വീകരിക്കേണ്ട സമീപനത്തിൽ സർക്കാർ അഭിപ്രായം തേടിയതും ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമിതിയെ നിയോഗിച്ചതും.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി സമർപ്പിച്ച നിർദേശപ്രകാരം സംസ്ഥാനത്ത് മൂന്നുവർഷ ബിരുദ കോഴ്സുകൾക്ക് പകരം നാലുവർഷ കോഴ്സുകൾ തുടങ്ങുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. അടുത്ത അധ്യയനവർഷത്തോടെ മുഴുവൻ സർവകലാശാലകളിലും നാലുവർഷ ബിരുദ കോഴ്സുകൾ നിലവിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.