സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്‍കരിക്കാനും,സർവ്വകലാശാലാനിയമങ്ങൾ പരിഷ്‌കരിക്കാനും, പരീക്ഷാനടത്തിപ്പ് കാലോചിതമാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനുകളെന്നു മന്ത്രി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ നൽകാൻ നിയോഗിച്ച ഏഴംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷെൻറ ചെയർമാനായി ഡോ. ശ്യാം ബി. മേനോന്‍ (മുന്‍ വൈസ് ചാൻസലർ, അംബേദ്‌കര്‍ യൂണിവേഴ്സിറ്റി. പ്രൊഫസര്‍,സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, ദില്ലി സർവ്വകലാശാല) പ്രവർത്തിക്കും. ഡോ. പ്രദീപ് ടി (ഡയറക്ടര്‍, ഡിപ്പാർട്ട്മെൻറ് ഓഫ് കെമിസ്ട്രി,ഐ.ഐടി, ചെന്നൈ) കൺവീനറായിരിക്കും. ഡോ.സാബു തോമസ് (വൈസ് ചാൻസലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,കോട്ടയം), ഡോ. ഐഷാ കിദ്വായ് (പ്രൊഫസര്‍,സെൻറർ ഫോര്‍ ലിംഗ്വിസ്റ്റിക്സ്, ജെ.എന്‍.യു), പ്രൊഫസര്‍ രാംകുമാര്‍ (മെമ്പര്‍, സംസ്ഥാന ആസൂത്രണ ബോർഡ്), ഡോ. സാബു അബ്ദുല്‍ ഹമീദ് (പ്രൊ-വൈസ് ചാൻസലർ, കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ. എം.വി നാരായണന്‍ (റിട്ട. പ്രൊഫസര്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി)എന്നിവരാണ് ഇതിൽ അംഗങ്ങൾ.
സർവ്വകലാശാലാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച അഞ്ചംഗ സർവ്വകലാശാലാ നിയമപരിഷ്കാര കമ്മീഷെൻറ ചെയർമാൻ ഡോ. എന്‍.കെ. ജയകുമാര്‍ (മുന്‍ വൈസ് ചാൻസലർ, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗല്‍ സ്റ്റഡീസ്) ആണ്. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാൻസലർ കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ. ജോയ് ജോബ് കുളവേലില്‍(മെമ്പര്‍, ഗവേണിംഗ് ബോഡി,കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസില്‍), ഡോ. കെ. ദാമോദരന്‍ (പ്രിൻസിപ്പാള്‍, ഗവ. കോളേജ്, മലപ്പുറം), അഡ്വ. പി.സി ശശിധരന്‍ (ഹൈക്കോടതി, എറണാകുളം) എന്നിവരാണ് അംഗങ്ങൾ.
സർവ്വകലാശാലകളിലെ പരീക്ഷാനടത്തിപ്പ് കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള നാലംഗ പരീക്ഷാ പരിഷ്കരണ കമ്മീഷന്‍ ചെയർമാൻ ഡോ. സി.ടി. അരവിന്ദകുമാര്‍ (പ്രോ-വൈസ് ചാൻസലര്‍,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം) ആണ്. ഡോ. എ. പ്രവീണ്‍ (രജിസ്ട്രാര്‍, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല), ഡോ.സി.എല്‍. ജോഷി (മുന്‍രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. കെ.എസ്. അനിൽകുമാർ(രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി)എന്നിവരാണിതിലെ അംഗങ്ങൾ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കേരളത്തെ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുക എന്നതാണ് സർക്കാരിെൻറ സർവ്വപ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്. ജ്ഞാന സമൂഹമായുള്ള കേരളത്തിെൻറ പരിവര്‍ത്തനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം കാലോചിതമാക്കുന്നതടക്കമുള്ള സമൂലമായ പരിഷ്കരണമാണ് അതിൽ ഒന്നാമത്തേത്. ഡിജിറ്റൽ യുഗത്തിെൻറ സാധ്യതകൾക്ക് അനുഗുണമായ വിധത്തിൽ സർവ്വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മാറണം. പരീക്ഷകളടക്കമുള്ള മൂല്യനിർണ്ണയരീതികൾ കാര്യക്ഷമവും കാലോചിതവുമാക്കണം. ഇക്കാര്യങ്ങളിൽ പഠനം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷനുകളോട് നിർദ്ദേശിക്കും- മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.