തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് -പി.ജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് മൂന്നുമാസം പൂർത്തിയാകുമ്പോഴും കൗൺസലിങ് നടപടികൾ അനിശ്ചിതത്വത്തിൽ. കേന്ദ്രസർക്കാറിന്റെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസസിന് (ഡി.ജി.എച്ച്.എസ്) കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടപടികൾ ആരംഭിക്കാത്തതാണ് രാജ്യത്തെ മെഡിക്കൽ പി.ജി കൗൺസലിങ് ഒന്നടങ്കം സ്തംഭനത്തിലാക്കിയത്.
നീറ്റ് പി.ജി പരീക്ഷ ഫലം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കൈമാറാത്തതിനാൽ സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുന്ന നടപടികൾ പ്രവേശന പരീക്ഷ കമീഷണറേറ്റും നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം വരെ മെഡിക്കൽ പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകളിലേക്ക് അഖിലേന്ത്യ ക്വോട്ടയിൽ എം.സി.സി വഴിയും ബാക്കിവരുന്ന 50 ശതമാനം സംസ്ഥാന സർക്കാറുകളുടെ പ്രവേശന ഏജൻസികളും വഴിയായിരുന്നു കൗൺസലിങ്. എന്നാൽ, മെഡിക്കൽ പി.ജി, യു.ജി കോഴ്സുകളിലെ കൗൺസലിങ് പൂർണമായും എം.സി.സി വഴിയാക്കുന്നെന്ന് ഡി.ജി.എച്ച്.എസ് കഴിഞ്ഞ മാർച്ചിൽ സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.
പിന്നാലെയാണ് കൗൺസലിങ് നടപടികൾ സ്തംഭനത്തിലായത്. 462 പി.ജി സീറ്റുകളാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ സ്റ്റേറ്റ് ക്വോട്ടയിലുള്ളത്. ഇതിനുപുറമെ, സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 168 എൻ.ആർ.ഐ സീറ്റ് ഉൾപ്പെടെ 608 പി.ജി സീറ്റുകളുമുണ്ട്.
സംസ്ഥാന ക്വോട്ടയിലെ 50 ശതമാനം സീറ്റിലേക്ക് കേരള റാങ്ക് പട്ടിക തയാറാക്കാൻ കേരളത്തിൽ നിന്നുള്ളവരുടെ പരീക്ഷ ഫലം ലഭ്യമാക്കാൻ പ്രവേശന പരീക്ഷ കമീഷണർ ഫലം പ്രസിദ്ധീകരിച്ച മാർച്ച് 14ന് ശേഷം കത്ത് നൽകിയിരുന്നു. മറുപടി ലഭിക്കാതെ വന്നതോടെ വീണ്ടും കത്ത് നൽകി. വിവരങ്ങൾ വെബ്സൈറ്റിലൂടെ അറിയിക്കാമെന്ന മറുപടി മാത്രമാണ് ഡി.ജി.എച്ച്.എസിൽ നിന്ന് ലഭിക്കുന്നത്.
മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിലെ ആശങ്ക സംസ്ഥാന സർക്കാർ തീരുമാന പ്രകാരം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡി.ജി.എച്ച്.എസിനെ അറിയിച്ചെങ്കിലും അതിനും മറുപടി ലഭിച്ചിട്ടില്ല. മുഴുവൻ സീറ്റുകളിലേക്കുമുള്ള കൗൺസലിങ് പൂർണമായും ഈ വർഷം കേന്ദ്രസർക്കാർ ഏറ്റെടുക്കുമോ എന്നതിൽ പോലും ഇപ്പോൾ ഡി.ജി.എച്ച്.എസിൽ നിന്ന് വ്യക്തത ലഭിക്കുന്നില്ല.
കേന്ദ്രസർക്കാർ തയാറാക്കുന്ന സമയക്രമം അനുസരിച്ച് മാത്രമേ സംസ്ഥാനങ്ങളിലെ പ്രവേശന ഷെഡ്യൂൾ തയാറാക്കാനാകൂ. പ്രവേശന പരീക്ഷ ഫലം വന്ന് മൂന്നുമാസമാകുമ്പോഴും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ വ്യക്തമായ നിർദേശങ്ങളും നടപടികളുമില്ലാത്തത് പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
തിരുവനന്തപുരം: മെഡിക്കൽ യു.ജി, പി.ജി കോഴ്സുകളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനം ഏകീകൃത കൗൺസലിങ്ങിലൂടെ കേന്ദ്രസർക്കാർ ഏറ്റെടുക്കുമ്പോൾ സംവരണം നടപ്പാക്കുന്നതിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ ആശങ്ക അറിയിച്ചു. ഇതിനുപുറമെ, പി.ജി കോഴ്സുകളിലെ സർവിസ് ക്വോട്ട സംവരണം നടപ്പാക്കുന്നതിലും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അയച്ച കത്തിൽ ആശങ്ക അറിയിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള സംവരണ നിയമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്ന പ്രവേശന നടപടികളിൽ പിഴവില്ലാതെ പിന്തുടരാനാകുമോ എന്ന ആശങ്കയാണ് പ്രധാനമായും കത്തിൽ ഉന്നയിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും പ്രവേശന പരീക്ഷ കമീഷണറും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ആശങ്ക അറിയിച്ചത്.
ഏകീകൃത കൗൺസലിങ് നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളിലെ സംവരണ രീതിയുടെ വിവരങ്ങളും സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ നോഡൽ ഓഫിസറുടെ പേര് നിർദേശിക്കാനും ഡി.ജി.എച്ച്.എസ് കഴിഞ്ഞ മാർച്ച് 13ന് അയച്ച കത്തിൽ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.