കോഴിക്കോട്: പ്രകൃതിദുരന്തങ്ങളും മഹാമാരികളും തുടർക്കഥയാകുന്ന സാഹചര്യത്തിൽ ദുരന്ത ലഘൂകരണവും നിയന്ത്രണവും ബിരുദതലത്തിൽ പഠിപ്പിക്കാനായി യു.ജി.സി കരിക്കുലം പുറത്തിറക്കി. ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ മാനേജ്മെന്റ് എന്ന പേരിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സാണ് ഉദ്ദേശിക്കുന്നത്.
സർട്ടിഫിക്കറ്റ് കോഴ്സ് പുർത്തിയാക്കിയവർക്ക് ദുരന്തനിയന്ത്രണത്തിൽ ബിരുദം നേടാനും അവസരമുണ്ട്. ദുരന്തങ്ങൾ തടയാനും കൈകാര്യം ചെയ്യാനും പരമ്പരാഗതമായ അറിവുകൾ സ്വന്തമാക്കുന്നതിനൊപ്പം ആധുനിക സജ്ജീകരണങ്ങളെക്കുറിച്ചും ബിരുദ വിദ്യാർഥികൾക്ക് അറിവ് നൽകുകയാണ് ലക്ഷ്യം. ബിരുദത്തിന് പഠിക്കുന്ന മൂന്ന് കോടിയോളം വിദ്യാർഥികളെ പ്രകൃതി ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലടക്കം പങ്കാളികളാക്കാനും ലക്ഷ്യമിടുന്നു.
ഫൗണ്ടേഷൻ കോഴ്സും സർട്ടിഫിക്കറ്റ് കോഴ്സുമാണ് നടത്തുക. ഫൗണ്ടേഷൻ കോഴ്സിൽ മൂന്ന് ക്രെഡിറ്റുകളിലായി 45 മണിക്കൂറാണ് പഠനമുണ്ടാവുക. ദുരന്തവും സാധ്യതകളും തടയാനുള്ള മാർഗങ്ങളും ലഘൂകരണവും പഠിപ്പിക്കും. ആകെ നൂറ് മാർക്കിൽ 40ഉം ഇന്റേണൽ മാർക്കാണ്. ഇന്റേണലിൽ പത്ത് മാർക്കിന്റെ വീതം രണ്ട് യൂനിറ്റ് ടെസ്റ്റുകളുണ്ടാകും. അസൈൻമെന്റുകൾക്ക് 20 മാർക്ക് നൽകും.
ബിരുദവിദ്യാർഥികൾ പഠനത്തിന്റെ ഒന്നാം വർഷത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് കോഴ്സ് പഠിക്കേണ്ടത്. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓൺ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് എന്നാണ് കോഴ്സിന്റെ പേര്. രണ്ട് സെമസ്റ്ററുകളിലായി 38 ക്രെഡിറ്റുകളടങ്ങിയ ഈ കോഴ്സിന് ശേഷം സമാന വിഷയങ്ങൾ പഠിച്ച് ബിരുദം നേടാവുന്നതാണെന്നും യു.ജി.സി വ്യക്തമാക്കുന്നു. സർട്ടിഫിക്കറ്റ് കോഴ്സിൽ കാലാവസ്ഥ വ്യതിയാനമുൾപ്പെടയെുള്ള വിഷയങ്ങൾ രണ്ട് സെമസ്റ്ററുകളിലായി പഠിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.