കോട്ടയം: പഠനത്തിന് വിദേശത്തേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണത്തിൽ വലിയ വർധന, ഇതോടെ സംസ്ഥാനത്തെ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പയും മൂന്നുവർഷം കൊണ്ട് മൂന്നിരട്ടിയായി. സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 2021 മുതൽ ബാങ്കുകൾ അനുവദിക്കുന്ന വായ്പകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായില്ലെങ്കിലും വലിയ തുക ആവശ്യമുള്ള വിദേശ വിദ്യാഭ്യാസ വായ്പയിൽ വലിയ വർധനയുണ്ടായതായാണ് കണക്കുകൾ.
വിദേശത്ത് എത്തിയ മലയാളി വിദ്യാർഥികളിൽ വനിതാപങ്കാളിത്തം 32 ശതമാനമായി ഉയർന്നുവെന്നാണ് കണക്കുകൾ. 2018ൽ പഠിക്കാനും ജോലിക്കായി വിദേശത്തെത്തിയ വനിതകൾ 15 ശതമാനം മാത്രമായിരുന്നു. വിദേശത്ത് പഠിക്കാനായി പോകുന്നവരിൽ ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ളവരുടെയും പെൺകുട്ടികളുടെയും എണ്ണം കൂടുകയാണ്.
സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് കാനഡ, യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളിൽ നടത്തിയ സർവേയിൽ വിദേശത്തേക്ക് പോകാനുള്ള താൽപര്യം പുതുതലമുറയിൽ വർധിക്കുന്നതായി വ്യക്തമാകുന്നു. പഠനത്തിന് പോകുന്ന ഭൂരിപക്ഷം പേരും വിദേശരാജ്യങ്ങളിൽതന്നെ തുടരാൻ താൽപര്യം പ്രകടിപ്പിക്കുന്നതായും തെളിയുന്നു. സർവേയിൽ പഠനശേഷം നാട്ടിലേക്ക് മടങ്ങിയേക്കാമെന്ന സൂചന നൽകിയത് 16 ശതമാനം മാത്രമാണ്. സർക്കാർ ജോലി ഉൾപ്പെടെ ലഭിക്കില്ലെന്ന ആശങ്കയും വിദേശത്തേക്ക് പോകാൻ പ്രേരകമാകുന്നെന്നും അവർ പ്രതികരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.