ലൈംഗികാ​ക്രമണങ്ങളുടെ ഉത്തരവാദിത്തം പെൺകുട്ടികൾക്ക്​; വിവാദ സർക്കുലർ തിരുത്തി ജെ.എൻ.യു

ന്യൂഡൽഹി: പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവാദ സർക്കുലർ തിരുത്തി ജവഹർ ലാൽ നെഹ്​റു സർവകലാശാല. 'ലൈംഗികാക്രമണം ഒഴിവാക്കാൻ പെൺകുട്ടികൾ പുരുഷ സുഹൃത്തുക്കൾക്കിടയിൽ ഒരു രേഖ വരയ്ക്കുന്നത്​ എങ്ങനെയെന്ന്​ അറിഞ്ഞിരിക്കണം' എന്ന പരാമർശമാണ്​ സർക്കുലറിൽ തിരുത്തിയത്​.

ജനുവരി 17ന്​ നടക്കാനിരിക്കുന്ന ലൈംഗികാ​ക്രമണവുമായി ബന്ധപ്പെട്ട കൗൺസലിങ്​ സെഷനെക്കുറിച്ച്​ വിദ്യാർഥികളെ അറിയിച്ചുകൊണ്ടുള്ളതായിരുന്നു​ സർക്കുലർ. സർവകലാശാലയുടെ ഇന്‍റേണൽ കംപ്ലയിന്‍റ്​ കമ്മിറ്റിയാണ്​ സർക്കുലർ പുറത്തിറക്കിയത്​. വെബ്​സൈറ്റിലും ഇവ പ്രസിദ്ധീകരിച്ചിരുന്നു.

ലൈംഗികാക്രമണ സംഭവങ്ങളിൽ ഉത്തരവാദിത്തം പെൺകുട്ടികൾക്ക്​ തന്നെയാണെന്ന സർക്കുലർ ഏറെ പ്രതിഷേധങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

'അടുത്ത സുഹൃത്തുക്കൾ ലൈംഗികാതിക്രമം നടത്തുന്നതായ ഒട്ടേറെ പരാതികൾ സമിതിക്ക്​ ലഭിക്കാറുണ്ട്​. ആൺകുട്ടികൾ പലപ്പോഴും സൗഹൃദത്തിന്‍റെ അതിർവരമ്പ്​ ലംഘിക്കാറുള്ളതായി കാണുന്നു. അതുകൊണ്ട്​ ഇത്തരം അതിക്രമങ്ങൾക്ക്​ ഇരയാകാതിരിക്കാൻ ആൺസൗഹൃദങ്ങൾക്കിടയിൽ വ്യക്തമായ അതിർവരമ്പ്​ ​വരക്കേണ്ടത്​​ എവിടെയാണെന്ന്​ പെൺകുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്​' -സർക്കുലർ വിവരിക്കുന്നു. ഇതിൽ തിരുത്തൽ വരുത്തിയാണ്​ പുതിയ സർക്കുലർ ഇറക്കിയിരിക്കുന്നത്​.

'ലൈംഗികാ​ക്രമണമായി കണക്കാക്കുന്ന സൗഹൃദവും പെരുമാറ്റവും സംബന്ധിച്ച്​ ആൺകുട്ടികളെ ബോധവൽക്കരിക്കും. ലൈംഗികാക്രമണങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന്​ പെൺകുട്ടികളെയും ബോധവൽക്കരിക്കും' -പുതിയ സർക്കുലറിൽ പറയുന്നു.

ലൈംഗികാക്രമണത്തിന്​ വിധേയമാകുന്നവരെ അധിക്ഷേപിക്കുന്നതാണ്​ സർവകലാശാലയുടെ സർക്കുലർ എന്ന്​ ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി വിദ്യാർഥി യൂണിയനുകൾ അടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ ദേശീയ വനിത കമ്മീഷൻ സർക്കുലർ സ്ത്രീവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന്​ എവിടെയാണ്​ അതിർവരമ്പ്​ വേണ്ടതെന്ന്​ പെൺകുട്ടികൾ മനസ്സിലാക്കണം എന്ന്​ ആവശ്യപ്പെടുന്ന സർക്കുലർ സ്ത്രീവിരുദ്ധമാണെന്ന്​ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ ആരോപിച്ചു.

Tags:    
News Summary - JNU changes language of its invitation for counselling session on sexual harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.