തിരുവനന്തപുരം: വർഷത്തിൽ മൂന്ന് തവണ നടത്തേണ്ട അധ്യാപക യോഗ്യതാ പരീക്ഷ കെ-ടെറ്റ് ഇനി രണ്ട് വട്ടം നടത്തിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച 2018 ഏപ്രിൽ 24ലെ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഭേദഗതി വരുത്തി. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സർക്കാർ/എയ്ഡഡ് മേഖലയിലുള്ള സ്പെഷൽ സ്കൂൾ നിയമനത്തിന് പുതിയ യോഗ്യതാപരീക്ഷ ഏർപ്പെടുത്തും. ഇതിനായി കെ-ടെറ്റ് അഞ്ചാം കാറ്റഗറി എന്ന പുതിയ വിഭാഗം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി ഡയറക്ടർ പരീക്ഷ കമീഷണറുമായി ആലോചിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.
2012 ജൂൺ ഒന്ന് മുതൽ നിയമിക്കപ്പെട്ട അധ്യാപകരിൽ ഇതുവരെ കെ-ടെറ്റ് യോഗ്യത നേടാത്തവർക്ക് അവസാന അവസരമായി 2023 ജൂണിൽ പ്രത്യേക പരീക്ഷ നടത്താനും ഉത്തരവായിട്ടുണ്ട്. യോഗ്യത നേടാത്തവർക്ക് നേരേത്ത അനുവദിച്ച ഇളവ് പരീക്ഷാതീയതി വരെയായിരിക്കും. പ്രത്യേക പരീക്ഷയിലും യോഗ്യത നേടാത്തവരുടെ സർവിസ് ക്രമീകരിക്കില്ല. ഇളവ് കാലയളവിനുള്ളിൽ യോഗ്യത നേടുന്നവരുടെ പ്രൊബേഷൻ, ഇൻക്രിമെന്റ് എന്നിവ കെ.ഇ.ആർ പ്രകാരം പരിഗണിച്ച് തീർപ്പാക്കും. ഇളവ് കാലയളവിൽ യോഗ്യത നേടാത്ത സർക്കാർ/ എയ്ഡഡ് പാർട്ട് ടൈം അധ്യാപകർക്ക് ഫുൾടൈം ബെനിഫിറ്റ് അനുവദിക്കില്ല.
യോഗ്യത നേടാത്തവർക്ക് പ്രമോഷനും നൽകില്ല. കെ-ടെറ്റ് കാറ്റഗറി മൂന്ന് പാസായ ഭാഷാധ്യാപകരെ കാറ്റഗറി നാല് പാസാകുന്നതിൽ നിന്ന് ഒഴിവാക്കിയ 2022 ജൂൺ 24ലെ ഉത്തരവിന് 2012 ജൂൺ ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകാനും സർക്കാർ ഉത്തരവായി. ദിവസവേതന അടിസ്ഥാനത്തിലുള്ള ഒഴിവുകളിൽ കെ-ടെറ്റ് യോഗ്യത/ ഇളവ് ലഭിച്ച ഉദ്യോഗാർഥികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്ന വ്യവസ്ഥയിൽ ഇളവ് നൽകില്ല. ബി.എഡ്/ ഡിഎൽ.എഡ് മൂന്നും നാലും സെമസ്റ്റർ/ രണ്ടാം വർഷ കോഴ്സിന് പഠിക്കുന്നവർക്ക് കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ സ്ഥാപനാധികാരിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇക്കാര്യം പരീക്ഷഫലത്തിന് ശേഷം വിദ്യാഭ്യാസ ഓഫിസുകളിൽ നടത്തുന്ന യോഗ്യത പരിശോധനയിൽ പ്രത്യേകം പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.