ബംഗളൂരു: കർണാടകയിൽ വിശ്വേശരയ്യ സാങ്കേതിക സർവകലാശാലക്ക് (വി.ടി.യു) കീഴിലുള്ള സർക്കാർ, സ്വകാര്യ എൻജിനീയറിങ് കോളജുകളിൽ കന്നട പഠനം നിർബന്ധമാക്കി. എൻ.ഐ.ടി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി തുടങ്ങിയ ചുരുക്കം ചില കോളജുകളൊഴിച്ചാൽ ബാക്കിയുള്ള കർണാടകയിലെ എല്ലാ എൻജിനീയറിങ് കോളജുകളും വിശ്വേശരയ്യ സാേങ്കതിക സർവകലാശാലക്ക് കീഴിലുള്ളവയാണ്. അതിനാൽ എൻജീനിയറിങ് കോഴ്സ് പാസാകാൻ കന്നട പഠനം നിർബന്ധമാക്കിയത് മലയാളികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ പഠനഭാരം വർധിപ്പിക്കും.
കന്നട വികസന അതോറിറ്റിയുടെ (കെ.ഡി.എ) ശിപാർശ പ്രകാരമാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2020-21 അധ്യയന വര്‍ഷത്തില്‍ ബി.ഇ, ബി.ടെക്, ബി.പ്ലാനിങ്ങ്, ബി. ആര്‍ക് തുടങ്ങിയ കോഴ്‌സുകള്‍ക്കെല്ലാം കന്നട ഭാഷ പഠനം ഉൾപ്പെടുത്താനാണ് എല്ലാ കോളജുകൾക്കും നിർദേശം നൽകിയത്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട 175 പോയൻറില്‍ ഇനി കന്നട ഭാഷക്ക് ലഭിക്കുന്ന പോയിൻറുകള്‍ കൂടി ഉള്‍പ്പെടുത്തും.
ഒാരോ സെമസ്റ്ററിലും കന്നടയില്‍ ലഭിക്കുന്ന പോയൻറുകള്‍ കൂടി പരിഗണിച്ചായിരിക്കും അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം. കന്നട അറിയുന്നവർക്കായുള്ള പാഠപുസ്തകത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് വേണ്ടിയുള്ള പ്രാഥമിക പാഠങ്ങളടങ്ങിയ പുസ്തകവും ഉണ്ടാകും. നാലു വർഷം സംസ്ഥാനത്ത് പഠിക്കുന്ന മറ്റു ഭാഷകൾ സംസാരിക്കുന്ന വിദ്യാർഥികൾക്ക് കന്നട പഠനം ഏറെ ഗുണം ചെയ്യുമെന്നാണ് സർവകലാശാല അധികൃതർ വിശദീകരിക്കുന്നത്. പഠനത്തിനുശേഷം കർണാടകയിൽ ജോലിചെയ്യുന്നവർക്കും കന്നട ഭാഷാ പഠനം ഗുണകരമാകും.
എന്നാൽ, നിലവിലുള്ള വിഷയങ്ങള്‍ക്ക് പുറമേ കന്നട ഭാഷ കൂടി നിർബന്ധമായി പഠിച്ച് പാസാകേണ്ടത്, പഠനഭാരം വർധിപ്പിക്കുമെന്ന ആശങ്കയാണ് വിദ്യാർഥികൾക്കുള്ളത്. തുടർന്നുള്ള അധ്യയനവർഷങ്ങളിൽ വി.ടി.യുവിന് കീഴിലുള്ള 220 എൻജിനീയറിങ് കോളജുകളിലും കന്നട ഡിപ്പാർട്ട്മെൻറും തുടങ്ങാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.