റിയാദ്: പുതിയ അധ്യയന കാലയളവിലെ മെഡിക്കൽ ആയുഷ് പ്രവേശന പരീക്ഷയായ നീറ്റ് ഉൾപ്പെടെയുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷകൾ എഴുതാൻ പ്രവാസി വിദ്യാർഥികളും തയാറെടുപ്പ് തുടങ്ങി. ദേശീയ പരീക്ഷ ഏജൻസി പുതിയ 2023-24 വർഷത്തെ പുതിയ പരീക്ഷ കലണ്ടർ കഴിഞ്ഞ ദിവസം പുറത്തിറക്കിയതോടെ സൗദി അറേബ്യയിലുള്ളവരുൾപ്പെടെ വിദ്യാർഥികളും രക്ഷിതാക്കളും ഊർജിതരായി. മേയ് ഏഴിനാണ് (ഞായറാഴ്ച) നീറ്റ് പരീക്ഷ. ഗൾഫ് രാജ്യങ്ങളിൽ 10 കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതാൻ സൗകര്യമുള്ളത്. സൗദി അറേബ്യയിലെ ഏക കേന്ദ്രം റിയാദിലാണ്. കഴിഞ്ഞ പരീക്ഷ മുതലാണ് സൗദിയിൽ സൗകര്യം ഏർപ്പെടുത്തിത്തുടങ്ങിയത്. നീണ്ടകാലത്തെ ആവശ്യങ്ങൾക്കൊടുവിലാണ് കേന്ദ്രം അനുവദിച്ചത്. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഏർപ്പെടുത്തിയ കേന്ദ്രത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി ഇന്ത്യൻ വിദ്യാർഥികൾ പരീക്ഷ എഴുതാൻ എത്തിയിരുന്നു. എന്നാൽ, വിദ്യാർഥികളുടെ സൗകര്യാർഥം ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽകൂടി സെൻറർ അനുവദിക്കണമെന്ന് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്. ആയിരത്തിലധികം കി.മീ. സഞ്ചരിച്ചാണ് നൂറുകണക്കിന് കുട്ടികൾ പരീക്ഷയെഴുതാൻ റിയാദിൽ എത്തിച്ചേരേണ്ടത്.
മുൻകാലങ്ങളിൽ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അഖിലേന്ത്യതലത്തിൽ ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റിനൊപ്പം മറ്റു പല പരീക്ഷകളും എഴുതണമായിരുന്നു. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ അവരുടേതായ പ്രവേശന പരീക്ഷകളും നിലനിന്നിരുന്നു. എന്നാൽ, ഇപ്പോൾ വിവിധങ്ങളായ ഈ പരീക്ഷകളൊക്കെ ഏകീകരിച്ച് 'നീറ്റ്' ആക്കിയതിനാൽ മെഡിക്കൽ മേഖല തൊഴിലായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു പരീക്ഷ മാത്രം എഴുതി സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് മുന്നേറാൻ സാധിക്കുന്നു. ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഏക പ്രവേശന പരീക്ഷ നീറ്റ് മാത്രമാണ്.
പ്രവാസലോകത്തുനിന്ന് ധാരാളം കുട്ടികൾ എഴുതാറുള്ള ജോയൻറ് എൻട്രൻസ് എക്സാമിന്റെ (ജെ.ഇ.ഇ) തീയതികളും പ്രഖ്യാപിച്ചു. ജനുവരി 24 മുതൽ 31 വരെയാണ് ആദ്യ സെഷൻ. രണ്ടാം സെഷൻ ഏപ്രിൽ ആറുമുതൽ 12 വരെയും. എൻജിനീയറിങ്, ആർക്കിടെക്ചർ എന്നിവയിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.