നീറ്റ് പരീക്ഷ നടത്തിപ്പിൽ പാളിച്ചകളേറെ നിരീക്ഷണം പേരിനു മാത്രം

ന്യൂഡൽഹി: മേയ് അഞ്ചിന് നടന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്-യു.ജി)നടത്തിപ്പിൽ സുരക്ഷ വീഴ്ചകൾ ഏറെയുണ്ടായെന്ന് റിപ്പോർട്ട്. പരീക്ഷ നടക്കുന്ന മുറികളിൽ രണ്ട് സി.സി.ടി.വികൾ നിർബന്ധമായും വേണമെന്നാണ് ചട്ടം. എന്നാൽ, മിക്ക സെന്ററുകളിലും സി.സി.ടി.വി സ്ഥാപിച്ചിട്ടില്ലെന്നാണ് പരീക്ഷ അവലോകന ചുമതലയുള്ള മൂന്നാം കക്ഷിയുടെ കണ്ടെത്തൽ.

പരീക്ഷ കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് സുരക്ഷയുണ്ടായിരുന്നില്ലെന്നും പരീക്ഷ ദിനത്തിൽ നടത്തിയ സന്ദർശനത്തിൽ കണ്ടെത്തുകയുണ്ടായി. പരീക്ഷഫലം പ്രഖ്യാപിച്ച് 12 ദിവസങ്ങൾക്കുശേഷം ജൂൺ 16നാണ് റി​പ്പോർട്ട് സമർപ്പിച്ചത്. പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷക്കിടെ, നിഷ്‍കർഷിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ, പ്രഥമദൃഷ്ട്യാ ക്രമക്കേടുകൾ നടക്കുന്നു​​ണ്ടോ തുടങ്ങിയവ കണ്ടെത്താനാണ് പരീക്ഷ നടത്തിപ്പുമായി ബന്ധമില്ലാ​ത്ത മൂന്നാമതൊരു ടീമിനെ ചുമതലപ്പെടുത്തിയത്. പരീക്ഷ നടന്ന മേയ് അഞ്ചിന് രാജ്യത്തെ 4000ത്തിലധികം പരീക്ഷ കേന്ദ്രങ്ങളിൽ 399 കേന്ദ്രങ്ങളിലാണ് ഇവർ സന്ദർശനം നടത്തിയത്. ഇതിൽ 186 കേന്ദ്രങ്ങളിലും (46 ശതമാനം) നിർബന്ധമായും പ്രവർത്തിക്കേണ്ട രണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തി. പരീക്ഷ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം നീറ്റ് നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) ആസ്ഥാനത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലേക്ക് കൈമാറണമെന്നും വിദഗ്ധ സംഘം നിരീക്ഷിക്കണമെന്നുമാണ് ചട്ടം.

68 കേന്ദ്രങ്ങളിൽ ചോദ്യപേ​പ്പർ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളിൽ സുരക്ഷ ജീവനക്കാരുണ്ടായില്ല. 83 കേന്ദ്രങ്ങളിൽ വിദ്യാർഥികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ജീവനക്കാർക്ക് നിശ്ചിത ​യോഗ്യതയുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പരീക്ഷ നടത്തിപ്പിൽ വീഴ്ച ഉണ്ടായെന്ന റിപ്പോർട്ടും പുറത്തുവരുന്നത്. വിഷയത്തിൽ പ്രതിഷേധം കനക്കുകയാണ്. നീറ്റ്-നെറ്റ് വിവാദം രാഷ്ട്രീയമായി ഉന്നയിക്കാനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. മൂന്നാം മോദി സർക്കാറിന്റെ ആദ്യ പാർല​മെന്റ സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്മാക്കിയിട്ടുണ്ട്. 

പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യു-ജി), കോളജ് അധ്യാപക യോഗ്യത പരീക്ഷ (യു.ജി.സി നെറ്റ്) എന്നിവയുടെ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം ആളിക്കത്തുന്നു. വിദ്യാർഥികൾ തുടക്കമിട്ട പ്രതിഷേധം പ്രതിപക്ഷം ഏറ്റെടു​​ത്തതോടെ സമരം കൂടുതൽ കരുത്താർജിച്ചു.

വെള്ളിയാഴ്ച കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ തലസ്ഥാന നഗരങ്ങളിൽ നടത്തിയ പ്രതിഷേധങ്ങളിൽ പലയിടത്തും സംഘർഷമുണ്ടായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, പരീക്ഷ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷ ഏജൻസിയെ (എൻ.ടി.എ) ഒഴിവാക്കുക, ബി.ജെ.പി - ആർ.എസ്.എസ് പിടിയിൽനിന്ന് വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കുക, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് കോൺഗ്രസ് പ്രതിഷേധം. ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷത്തിലേക്ക് നീങ്ങി. ഹൈദരാബാദിൽ​ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുടെ വസതിക്ക് മുമ്പിൽ യൂത്ത് ​കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ലഖ്നോവിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

സംസ്ഥാനങ്ങളിൽ നടന്ന കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് പി.സി.സി അധ്യക്ഷന്മാർ നേതൃത്വം നൽകി. സത്യപ്രതിജ്ഞക്ക് പിന്നാലെ തിങ്കളാഴ്ച പാർല​മെന്റിൽ വിഷയം ഉയർത്തി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് എം.പിമാർ പറഞ്ഞു. ​​എൻ.എസ്.യു, ഐസ തുടങ്ങിയ സംഘടനകൾ വിവിധ കാമ്പസുകളിൽ വെള്ളിയാഴ്ചയും പ്രതിഷേധം തുടർന്നു. തിങ്കളാഴ്ച പാർലമെൻറ് ഉപ​രോധിക്കുമെന്ന് എൻ.എസ്.യു പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് രാഹുൽ ഗാന്ധിയെ സന്ദർ​ശിച്ച് പിന്തുണ ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.  

യോഗാചരണത്തിൽ പ​ങ്കെടുക്കാനാവാതെ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: ​വിദ്യാർഥി പ്രതിഷേധത്തെതുടർന്ന് ഡൽഹി സർവകലാശാലയിലെ യോഗ ദിനാചാരണത്തിൽ പ​ങ്കെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കഴിഞ്ഞില്ല. ​വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് സർവകലാശാല കാമ്പസിനകത്ത് നടക്കേണ്ടിയിരുന്ന പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു മന്ത്രി. എന്നാൽ, പരിപാടി തുടങ്ങും മുമ്പെ ഇടത് വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കരി​ങ്കൊടിയുമായി പ്രതിഷേധിച്ചതോടെ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - NEET examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.