പോണ്ടിച്ചേരി സർവകലാശാല; ഉപരിപഠനത്തിന്റെ വിജയകവാടം

മക്കളെ പുറത്തുവിട്ട് പഠിപ്പിക്കുന്ന കാര്യത്തില്‍ മലയാളി രക്ഷിതാക്കള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. സുരക്ഷാ കാര്യങ്ങള്‍ ആലോചിച്ച് പുറത്തേക്കുവിടാനും വയ്യ- പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. എന്നാല്‍, മക്കളുടെ കരിയര്‍ ഭാവിയെ തടസ്സപ്പെടുത്താനും പറ്റില്ല. ഈയൊരു പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാണ് തെക്കേ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങള്‍.

പോണ്ടിച്ചേരി സർവകലാശാല അവയിലൊന്നാണ്. പ്രീമിയര്‍ കേന്ദ്ര സർവകലാശാലകളുടെ കൂട്ടത്തില്‍ പ്രായം കുറഞ്ഞ സ്ഥാപനങ്ങളില്‍ ഒന്നാണിത്. പുതുച്ചേരിയിലെ കാലാപേട്ട് എന്ന സ്ഥലത്ത് 1985ലാണ് ഇത് സ്ഥാപിതമാവുന്നത്.ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളജുകള്‍, പ്രഫഷനല്‍ കോളജുകള്‍ അടക്കം 70തിലധികം അഫിലിയേറ്റഡ് കോളജുകള്‍ സര്‍വകലാശാലക്ക് കീഴിലുണ്ട്. ക്യൂ എസ് റാങ്കിങ്ങില്‍ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ 801 - 1000 സ്ഥാനത്താണ് ഉള്ളതെങ്കില്‍, ഏഷ്യയില്‍ 351 - 400 സ്ഥാനമുണ്ട്. കേന്ദ്ര സർവകലാശാലകളിൽ ഒമ്പതാം സ്ഥാനത്താണ് പോണ്ടിച്ചേരി.

ഇവിടെ പഠിച്ച ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് ലോക പ്രശസ്‍ത സര്‍വകലാശാലകളില്‍ ഗവേഷണ പഠനങ്ങള്‍ക്കായി അവസരം ലഭിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി ഓഫ് ഇലനോയ്സ്, ലിസ്ബണ്‍, ഫ്രാന്‍സിലെ സോര്‍ബോണ്‍, മിഷിഗന്‍ സർവകലാശാല എന്നിവ അവയില്‍ ചിലതാണ്.

മൊത്തത്തില്‍ ഒരുവിധം എല്ലാ കോഴ്സുകളിലേക്കും പ്രവേശനം സി.യു.ഇ.ടി അടിസ്ഥാനത്തിലാണ്. ബി.ടെക് അടക്കം 25 ഡിഗ്രി പ്രോഗ്രാമുകളുണ്ട്. എല്ലാ ഡിഗ്രികളും ഇനിമുതല്‍ നാലുവര്‍ഷ കോഴ്സുകളായിരിക്കും. 62 പി.ജി കോഴ്സുകളും രണ്ട് പി.ജി ഡിപ്ലോമ കോഴ്സുകളും വാഴ്സിറ്റി നല്‍കിവരുന്നുണ്ട്. 14 സ്കൂള്‍ ഓഫ് സ്റ്റഡീസിന് കീഴിലായിട്ടാണ് ഈ കോഴ്സുകള്‍ വിന്യസിച്ചിരിക്കുന്നത്.

വളരെ ശ്രദ്ധയാകര്‍ഷിച്ച കോഴ്സുകളാണ് പി.ജി തലത്തില്‍ എം.ബി.എയും പ്ലസ് ടുകാര്‍ക്കുള്ള സീല്‍ കോഴ്സും (സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് അഡ്മിനിസ്ട്രേഷന്‍ ആൻഡ് ലോ), ഫ്രാന്‍സിലെ സോര്‍ബോണ്‍ സർവകലാശാലയുമായി സഹകരിച്ച് നടത്തുന്ന സീല്‍ കോഴ്സില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഒരു വര്‍ഷം ഫ്രാന്‍സില്‍ പഠിക്കാം.

എം.ബി.എ കോഴ്സുകള്‍ക്ക് മികച്ച പ്ലേസ്മെന്റ് സൗകര്യങ്ങള്‍ ആണുള്ളത്. ഇൻഷുറൻസ് മാനേജ്മെന്റ്, ബാങ്കിങ് ടെക്നോളജി, ഫിനാന്‍ഷ്യല്‍ ടെക്നോളജി മുതലായ വളരെ വ്യത്യസ്തമായ എം.ബി.എ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ബയോകെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഇക്കോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, മറൈന്‍ ബയോളജി, ഗ്രീന്‍ എനര്‍ജി ടെക്നോളജി പോലുള്ള വ്യത്യസ്തവും അപൂര്‍വവുമായ കോഴ്സുകള്‍ പോണ്ടിച്ചേരിയിലെ പ്രത്യേകതയാണ്.

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ മൈക്രോബയോളജി ഗവേഷണ പഠനങ്ങളില്‍ ഒന്ന് ഇവിടെയാണ്. പി.ജി കോഴ്സുകള്‍ക്കിടയില്‍ ബയോടെക്നോളജിയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ഒഴിച്ച് ബാക്കി എല്ലാ കോഴ്സുകൾക്കും സി.യു.ഇ.ടി വഴിതന്നെയാണ് പ്രവേശനം. ഓരോ ഡിഗ്രികള്‍ക്കും വേണ്ട യോഗ്യതകള്‍ പുതിയ പ്രോസ്പെക്ടസില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ചില എം.ബി.എ കോഴ്സുകള്‍ ഒഴിച്ച് ഒട്ടുമിക്ക കോഴ്സുകള്‍ക്കും വളരെ കുറഞ്ഞ ഫീസാണ് ഇവിടെ.

ശ്രദ്ധിക്കുക 

1. സി.യു.ഇ.ടി പരീക്ഷക്ക് അപേക്ഷിക്കുകയും, ഫലം പ്രസിദ്ധീകരിച്ചാൽ പോണ്ടിച്ചേരി സർവകലാശാലാ സൈറ്റില്‍ അത് സമര്‍പ്പിക്കുകയും വേണം.

2. മൊത്തം ഡിഗ്രികള്‍ നാലുവര്‍ഷ കോഴ്സുകളാക്കി മാറ്റിയിട്ടുണ്ട്.

3. പുതിയ പ്രോസ്പെക്ടസില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെയുള്ള ഇന്റഗ്രേറ്റഡ് ഡിഗ്രി പി.ജി പ്രോഗ്രാമുകള്‍ ഇല്ല, അവയെല്ലാം നാല് വര്‍ഷ ഡിഗ്രി പ്രോഗ്രാമുകളായി മാറ്റിയിരിക്കുന്നു.

4. ഓരോ കോഴ്സിന്റെയും യോഗ്യതകള്‍ പ്രോസ്പെക്ടസില്‍ പരിശോധിച്ച് സൂക്ഷിച്ച് അപേക്ഷ സമര്‍പ്പിക്കുക.

5. സി.യു.ഇ.ടി സൈറ്റിലും പ്രോസ്പെക്ടസിലും യോഗ്യതാ ടെസ്റ്റ്‌ പേപ്പറുകളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അത് സൂക്ഷ്മമായി പരിശോധിച്ച് അപേക്ഷ സമര്‍പ്പിക്കുക.

Tags:    
News Summary - Pondicherry University-Gateway to Higher Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.