കൽപറ്റ: ശാരീരിക വൈകല്യത്തെ മറികടക്കാൻ നിശ്ചയദാർഢ്യത്തിന് കഴിയുമെന്ന് തെളിയിച്ച ഷെറിൻ ഷഹാന സിവിൽ സർവിസ് പരിശീലനത്തിനൊരുങ്ങുന്നു. ലഖ്നൗവിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർട്ട് മാനേജ്മെന്റിൽ നവംബർ ആറിന് ഷെറിൻ ഷഹാനക്ക് ട്രെയിനിങ് ആരംഭിക്കും. ഐ.ആർ.എം.എസിന്റെ ഗ്രൂപ്പ് ‘എ’ സർവിസിൽ ആണ് പ്രവേശനം നേടിയിരിക്കുന്നത്.
ഷെറിൻ ഷഹാനക്ക് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം കിട്ടിയിരുന്നില്ല. അതുക്കൊണ്ട് മൂന്നു മാസത്തെ ഫൗണ്ടേഷൻ കോഴ്സിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രവേശനം കിട്ടാതായതോടെ മുൻ ഐ.പി.എസ് ഓഫിസർ ഋഷിരാജ് സിങിനെ കാണുകയും അദ്ദേഹത്തിന്റെ ഇടപ്പെട്ടതോടെയാണ് നടപടി വേഗത്തിലായത്. എന്തുക്കൊണ്ടാണ് ആദ്യ അലോട്ട്മെന്റിൽ തന്നെ പ്രവേശനം കിട്ടാത്തതെന്ന് വ്യക്തമല്ലെന്ന് ഷഹാന പറഞ്ഞു.
ഈ വർഷത്തെ സിവിൽ സർവിസ് പരീക്ഷയിൽ 913 റാങ്കാണ് ഷെറിൻ ഷഹാന സ്വന്തമാക്കിയത്. വയനാട് കമ്പളക്കാട് സ്വദേശിനിയായ ഷെറിൻ ഷഹാനക്ക് ആറുവർഷം മുമ്പ് 21 വയസിൽ വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ശരീരം തളർന്നു പോയിരുന്നു. ഇതേ തുടർന്ന് വീൽചെയറിന്റെ സഹായത്താലാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽ നിന്നാണ് ബി.എ പൊളിറ്റിക്സ് പഠിച്ചത്. സ്കൂൾ വിദ്യാർഥികൾക്ക് ട്യൂഷൻ ക്ലാസുകൾ എടുത്താണ് സമ്പാദ്യം കണ്ടെത്തിയത്. എം.എ പൊളിറ്റിക്സിന് പഠിക്കുമ്പോൾ പിതാവ് ഉസ്മാൻ മരണപ്പെട്ടു. ഇതിനിടയിൽ വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ഭർത്തൃ വീട്ടിൽ ഗാർഹിക പീഡനങ്ങൾക്ക് ഇരയായി. അതിനിടയിൽ അപകടവും സംഭവിച്ചു. തുടർന്ന് ഏകദേശം രണ്ടു വർഷം കിടപ്പിലായി. നിരാശയുടെ പടുക്കുഴിയിൽനിന്നും ഒടുവിൽ യാഥാർഥ്യം അംഗീകരിച്ച ഷഹാന നിശ്ചയ ദാർഢ്യത്തിലൂടെ തന്റെ ലക്ഷ്യത്തിനായി സഞ്ചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.