സദനം കൃഷ്‌ണൻകുട്ടി, ടി.വി. ഗോപാലകൃഷ്‌ണൻ, നീന പ്രസാദ്

128 പേർക്ക് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം; സദനം കൃഷ്ണൻകുട്ടിക്കും ടി.വി. ഗോപാലകൃഷ്ണനും ഫെലോഷിപ്

ന്യൂഡൽഹി: കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2019, 2020, 2021 വർഷത്തെ പുരസ്‌കാരം സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. സംഗീതം, നൃത്തം, നാടകം എന്നിവയുൾപ്പെടെയുള്ള മേഖലയിൽനിന്നുള്ള 128 കലാകാരന്മാരെയാണ് കഴിഞ്ഞ മൂന്നു വർഷത്തെ അക്കാദമി പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്.

മൂന്നു ലക്ഷം രൂപയുടെ അക്കാദമി ഫെലോഷിപ്പിന്‌ മൃദംഗവിദ്വാനും ഗായകനുമായ ടി.വി. ഗോപാലകൃഷ്‌ണൻ, കഥകളി ആചാര്യൻ സദനം കൃഷ്‌ണൻകുട്ടി എന്നിവർ അർഹരായി. ഡൽഹിയിൽ നടന്ന സംഗീതനാടക അക്കാദമി ജനറൽ കൗൺസിലാണ് ഇവരടക്കം 10 പേർക്ക് ഫെലോഷിപ് നൽകാൻ തീരുമാനിച്ചത്.

സരോജ വൈദ്യനാഥൻ (ഭരതനാട്യം), ദർശന ഝവേരി (മണിപ്പൂരി നൃത്തം), ഛന്നുലാൽ മിശ്ര (ഹിന്ദുസ്ഥാനി സംഗീതം), എ.കെ.സി. നടരാജൻ (ക്ലാർനറ്റ്), സ്വപൻ ചൗധരി (തബല), മാലിനി രാജുർകർ (ഹിന്ദുസ്ഥാനി സംഗീതം), ടീജൻ ബായി (ഛത്തിസ്ഗഢിലെ കലാരൂപമായ പാണ്ഡവാനി), ഭരത് ഗുപ്ത് (സുർബാഹർ) എന്നിവരാണ് ഫെലോഷിപ് ലഭിച്ച മറ്റുള്ളവർ.


കേരളത്തിൽനിന്ന് പുരസ്കാരത്തിന് അർഹരായവർ: പെരുവനം കുട്ടൻ മാരാർ (തായമ്പക), പാലാ സി.കെ. രാമചന്ദ്രൻ (കർണാടക സംഗീതം), തിരുവനന്തപുരം വി. സുരേന്ദ്രൻ (മൃദംഗം), കോട്ടക്കൽ നന്ദകുമാരൻ നായർ (കഥകളി), നിർമല പണിക്കർ (മോഹിനിയാട്ടം), രാധ നമ്പൂതിരി (കർണാടക സംഗീതം), ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള (കഥകളി), കലാമണ്ഡലം ഗിരിജ (കൂടിയാട്ടം). ലക്ഷദ്വീപിൽനിന്നുള്ള പി.പി. സയ്യിദ് മുഹമ്മദിനും (നാടോടി സംഗീതം/നൃത്തം) പുരസ്കാരമുണ്ട്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. പ്രത്യേക ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ജേതാക്കൾക്ക്‌ പുരസ്‌കാരം സമ്മാനിക്കും.

സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ അമൃത് പുരസ്കാരം ആറ് മലയാളികൾക്ക്. സി.എൽ. ജോസ് (നാടകരചന), എൻ. അപ്പുണ്ണി തരകൻ (കഥകളി ചമയം), കലാക്ഷേത്ര വിലാസിനി (ഭരതനാട്യം), കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ), മങ്ങാട് നടേശൻ (കർണാടക സംഗീതം), തങ്കമണി കുട്ടി (ഭരതനാട്യം) എന്നിവരടക്കം ആകെ 86 പേർക്കാണ് പുരസ്കാരം. 75 വയസ്സിന് മുകളിലുള്ളവരും ഇതുവരെ കലാരംഗത്ത് ദേശീയ ബഹുമതിക്ക് അർഹരാകാത്തവർക്കുമാണ് ഈ വർഷം മാത്രമുള്ള അമൃത് പുരസ്കാരം നൽകുന്നത്.

ഉസ്താദ് ബിസ്മില്ല ഖാൻ യുവപുരസ്കാരത്തിന് പാലക്കാട് രാംപ്രസാദ്, വിഷ്ണുദേവ് നമ്പൂതിരി (കർണാടക സംഗീതം), അനുപമ മേനോൻ (മോഹിനിയാട്ടം), മിഥുൻ ശ്യാം (ഭരതനാട്യം), കലാമണ്ഡലം വിനീഷ് (മ്യൂസിക് ഫോർ ഡാൻസ്), അനന്ത ആർ. കൃഷ്ണൻ (മൃദംഗം), കലാമണ്ഡലം ആദിത്യൻ (കഥകളി) തുടങ്ങിയവർ അർഹരായി. 25,000 രൂപയാണ് പുരസ്കാരത്തുക.

Tags:    
News Summary - Kendra Sangeet Natak Akademi award to 128 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.