ന്യായവും നീതിയുമല്ല
പക്ഷമാണ് മുഖ്യം.
എന്റെ മതവും ജാതിയുമല്ല
ശത്രുവാണ് മുഖ്യം.
എനിക്ക് രക്തവും രക്ഷയും നൽകിയിട്ടുണ്ട്.
അവനോടെനിക്ക് പ്രിയംതന്നെ.
പക്ഷേ, അവന്റെ മതം
അതെന്റെ ശത്രുവാണ്.
കാരണം ചോദിക്കരുത്.
പറയാൻ ഒന്നുമില്ല,
പക്ഷേ, എനിക്ക് പ്രിയപ്പെട്ടവർ
പറയുന്നു,
അവർ ശത്രുക്കളാണെന്ന്.
ഓരോ ഇടങ്ങളിലും ഞാനാ
ദൗത്യം നിറവേറ്റിക്കൊണ്ടിരുന്നു.
ദിനവും മരിച്ചുവീഴുന്ന കണക്ക്
ആശ്വാസവും ആശങ്കയും നിറച്ചു.
രാത്രിയുടെ യാമങ്ങളിലെപ്പഴോ
മയക്കത്തിലേക്കു വീഴുമ്പോഴും
നാളെ ആശ്വാസകരമായ എണ്ണം
കിനാവു കണ്ടു.
ഉറക്കത്തിനിടെ ഭയാനകമായ എന്തോ
ശബ്ദം കേട്ടാണ് ഞെട്ടിയത്.
വെടിയുണ്ടകൾ തുളച്ചുകയറിയ
ദേഹത്ത് രക്തമൊലിച്ചിറങ്ങുന്നുണ്ടോ,
ഞാനെന്റെ ദേഹം തടവിനോക്കി.
ഞാൻ സുരക്ഷിതനാണ്.
പുറത്ത് വെടിവെപ്പ് നടക്കുന്നുണ്ടോ,
പതിയെ വാതിൽ തുറന്നു.
മെല്ലെ ഇടനാഴിയിലേക്കിറങ്ങിയപ്പോൾ
മേശപ്പുറത്തെ പാത്രത്തിൽനിന്നും
പൂച്ച നക്കി തുടക്കുന്നു.
പാത്രങ്ങൾ ചിലത് താഴെ വീണു
ചിതറിക്കിടക്കുന്നുണ്ട്.
സ്ഥലകാലബോധം എന്നെ ഉണർത്തി.
ഭയപ്പെട്ടതൊന്നുമില്ല.
യുദ്ധമങ്ങ് ദൂരെ ദൂരെയാണ്
തകർന്നുവീഴുന്നതും മരിച്ചുവീഴുന്നതും
അവിടെയാണ്.
എനിക്കാശ്വസിക്കാം.
നന്നായുറങ്ങാം.
നാളെ,
എനിക്കെന്റെ വിലാപമറിയിക്കാം.
പതിവുപോലെ ഞാനൊന്നൂടെ
സുഖമായ് ഉറങ്ങട്ടെ.
വര: ഇസ്ഹാഖ് നിലമ്പൂർ
റസാഖ് കിണാശ്ശേരി
ലേഖനം
ഭയമുള്ള ജീവികൾ
ആളുകൾക്ക് ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലർക്ക് ആൾക്കൂട്ടത്തെ ഭയമായിരിക്കും. മറ്റു ചിലർക്ക് മൃഗങ്ങളെ ഭയമായിരിക്കും. അതൊക്കെ ഓരോ വ്യക്തികളുടെ മനോനിലയനുസരിച്ചിരിക്കും. ഭയം ഒരു താൽക്കാലിക പ്രതിഭാസമാണ്. ജീവിതത്തിൽ ആവശ്യമായ ഒന്നാണ് ഭയം. നമ്മുടെ യുക്തിക്കനുസരിച്ചു ഭയത്തെ നിയന്ത്രിക്കാനുമാകും.
യാത്രയെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് കാറിൽ കയറുന്നത് ഭയമുണ്ടാക്കുന്ന ഒന്നാണെന്നു കരുതുക. ബസിലും ട്രെയിനിലും വിമാനത്തിലും പോകുന്നത് അയാൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല. ഭയം ഉണ്ടെങ്കിലും നിർബന്ധിതാവസ്ഥയിൽ ഭയം മാറ്റി കാറിൽ പോകാനും അയാൾക്ക് സാധിക്കും.
എന്നാൽ, ഫോബിയ എല്ലാവർക്കും ഉണ്ടാകുന്ന ഒന്നല്ല. ചില വ്യക്തികൾക്ക് ഒരു കാരണവുമില്ലാതെ പ്രത്യേക നിറത്തോടോ സ്ഥലത്തോടോ വ്യക്തികളോടോ ജനവിഭാഗത്തോടോ വെറുപ്പ് തോന്നും. അതിൽനിന്ന് മോചനം നേടാൻ അവർ ആഗ്രഹിച്ചാലും അതിന് വേണ്ടി ഒന്നും ചെയ്യാനവർക്കാകില്ല.
കാറിനെ ഭയമുള്ളയാൾക്ക് യുക്തി ഉപയോഗിച്ച് അതിൽ കയറാമെങ്കിൽ ഫോബിയ ഉള്ളയാൾ അതിന് തയാറാകാതെ യാത്ര തന്നെ മാറ്റി വെക്കുകയാണ് ചെയ്യുക. ഫോബിയയുടെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന് മരിക്കാനുള്ള പേടിയാണ്. യാഥാർഥ്യമില്ലാതെ തീരുമാനം എടുക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും ഫോബിയ ബാധിച്ചവരിൽ കാണാം.
ഫോബിയയെ ഉത്കണ്ഠ വൈകല്യമായി കണക്കാക്കുകയും അതിനെ മൂന്നായി തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാമത്തേതായ ‘അഗോറഫോബിയ’ ഒരു ഉത്കണ്ഠാരോഗമാണ്. തന്നെ വഴിയിൽ ആരെങ്കിലും തടയുമോ, തനിക്ക് ഇഷ്ടമില്ലാത്ത ഏതെങ്കിലും നിറം അവർ കാണിക്കുമോ തുടങ്ങിയ ഉത്കണ്ഠയുള്ള മനസ്സുമായി കഴിയുന്നവരായിരിക്കും അവർ.
വീട്ടിൽനിന്ന് പുറത്തിറങ്ങാൻ ഭയമുള്ള അവർ പുറത്തിറങ്ങണമെങ്കിൽ ആയിരങ്ങളെ ചുറ്റും നിർത്താൻ ശ്രമിക്കും. അത് അഗോറാഫോബിയയുടെ പ്രത്യേകതയാണ്. പെട്ടെന്ന് ചികിത്സിക്കാൻ കഴിയുന്ന ഒന്നല്ല അഗോറാഫോബിയ. രണ്ടാമത്തേതാണ് ‘സ്പെസിഫിക് ഫോബിയ’. പ്രധാനപ്പെട്ട ഉത്കണ്ഠ രോഗങ്ങളിൽ ഒന്നാണിത്. പ്രസംഗിക്കാൻ സാധിക്കാതെ വരുക. എഴുതി വായിച്ചാലും അത് പൂർത്തിയാക്കാൻ കഴിയുമോ എന്ന ഉത്കണ്ഠ. ചില നിറങ്ങൾ കാണുമ്പോൾ മനസ്സ് കലങ്ങി മറിയുക. അവിടെ അസ്വസ്ഥനാവുക. ഇതൊക്കെ സ്പെസിഫിക് ഫോബിയകൾ ബാധിച്ചവരിൽ സാധാരണയായി കാണുന്ന കാര്യമാണ്.
അവസാനത്തേതാണ് ‘സാമൂഹിക ഭയം’. ആളുകൾ തനിക്കെതിരെ എന്തെങ്കിലും പറയുമോ എന്ന ഭയത്താൽ വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്നവരാണ് അവർ. അധികാര സ്ഥാനത്തിരിക്കുന്നവർക്കാണ് ഇത്തരം രോഗമെങ്കിൽ തന്റെ സൈന്യത്തെ ഉപയോഗിച്ച് അണികളെ കൽത്തുറുങ്കിൽ വരെ അടച്ചേക്കാം. പുറത്തിറങ്ങിയാൽ താൻ ആക്രമിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നുമുള്ള ഭയം കാരണം അയാളുടെ ചിന്തകൾ അപകടത്തിലേക്ക് നയിക്കും.
ഈ ഭയങ്ങളിൽനിന്നെല്ലാം മോചനം നേടുകയാണ് വ്യക്തികളെയും സമൂഹങ്ങളെയും മനുഷ്യകുലത്തെ തന്നെയും ചൂഴ്ന്നുനിൽക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും രക്ഷാപ്പെടാനുള്ള മാർഗം.
വര: ഇസ്ഹാഖ് നിലമ്പൂർ
ഷഫീഖ് കയനി
മിനിക്കഥ
ഓർമച്ചെപ്പ്
പറയാൻ മറന്ന വാക്കുകൾകൊണ്ട് പിന്നിട്ട യൗവനത്തിന്റെ തീവ്രപ്രണയവും വിരഹവും ആത്മനൊമ്പരങ്ങളും ഓർമകളുടെ അക്ഷരക്കൂട്ടങ്ങളിൽ അടുക്കിവെച്ച ഒരു അനശ്വര കവിത അവൾക്കായി ഹൃദയത്തിൽ കുറിച്ചുവെച്ചിട്ടുണ്ട്. ഒറ്റക്കിരിക്കുമ്പോൾ നിറമുള്ള ഓർമകളുടെ കിനാവുകളാൽ പെരുമഴയായി പെയ്തിറങ്ങിയവ. ഒരിക്കലും തിരിച്ചുവരില്ലെന്ന ബോധ്യത്തോടെതന്നെ ഋതുഭേദങ്ങൾക്ക് വഴങ്ങാതെ മനസ്സിൽ സൂക്ഷിച്ചതാണ്. സ്വൈരക്കേടൊന്നുമില്ലാതെ ഈ കൂട്ട് എന്നേ ജീവിതത്തിന്റെ ഭാഗമായിരുന്നു.
തിരക്കുകളൊഴിയുമ്പോൾ ഇടക്കൊരോർമപ്പെടുത്തലായി ഒരിക്കൽകൂടി ഇതുവഴി വരാം. പരിചയം പുതുക്കിപോവാലോ... പുസ്തകക്കെട്ടുകൾ മാറോടണച്ച് കൂട്ടംകൂടിയും ഒറ്റക്കും സൊറപറഞ്ഞും അതിരുകളില്ലാത്ത സ്വപ്നങ്ങൾ നെയ്തുകൂട്ടിയും ഗ്രൗണ്ടിനരികിലൂടെ ചെറിയ പുല്ലാനിക്കാടുകളും വെട്ടുപാറക്കൂട്ടങ്ങളും കടന്ന് ആൽച്ചുവട്ടിലൂടെ എന്റെയീ കലാലയമുറ്റത്തേക്ക് നടന്നുവന്നിരുന്ന പ്രിയപ്പെട്ടവരെയും കാത്ത് എത്രനാൾ ഈ പഴയ ക്ലാസ്മുറിയുടെ വരാന്തയിൽ ഒറ്റക്ക്...
ഒരു നോട്ടം, ഒരു ചെറു പുഞ്ചിരി, ചെറു ദേഷ്യം നിന്റെ താളവും ഭാവവും നൽകിയ ഊർജത്തിൽ പൊതിഞ്ഞ സ്വപ്നങ്ങളിൽ ഏകനായി, പിന്നിട്ട കാലത്തിനൊപ്പം. പ്രിയപ്പെട്ടവളെ... ഒരായുസ്സ് മുഴുവൻ ഓർത്തിരിക്കാൻ പിന്നെയെനിക്കെന്തു വേണം?
കാലം മായ്ക്കാത്ത വിസ്മയങ്ങളിൽ നീയിന്നുമൊരു ചിത്രശലഭമായി ഇടയ്ക്കിടെയെന്റെ മുന്നിൽ തെളിഞ്ഞുവരാറുണ്ട്. ആരും കാണാതെ പുസ്തകത്താളിനുള്ളിൽ ഒളിപ്പിച്ചുവെച്ച മയിൽപീലി പെറ്റിട്ടു വേണം കൂട്ടുകാരിക്ക് സമ്മാനിക്കാനെന്ന് മോഹിച്ചുനടന്ന കൂട്ടുകാരനെയൊക്കെ കാലം കുരുക്കിട്ട് പൂട്ടിയില്ലേ…
റഷീദ് പാണ്ടിക്കാട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.