തിരുവനന്തപുരം: സമൂഹമാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ഇരുതല മൂർച്ചയുള്ള വാളുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നന്മക്കും തിന്മക്കും അവയെ ഉപയോഗിക്കാം. മനുഷ്യരെ തമ്മിലടിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ഇവയെ ദുരുപയോഗിക്കുന്നവരുണ്ട്. വ്യാജവാർത്തകളും വ്യാജചരിത്രവുമൊക്കെ സംഘടിതമായി പ്രചരിപ്പിച്ച് ജനങ്ങളെ ചേരിതിരിപ്പിക്കുന്ന, വികാരം ആളിക്കത്തിച്ച് നാടിനെ തകർക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിയാനും യഥാർഥ ചരിത്രമെന്തെന്ന് മനസ്സിലാക്കാനും പുസ്തകവായന അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ രണ്ടാം പതിപ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരും ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അത്യാവശ്യമാണ്. ഏകാധിപതികൾക്കും ഫാഷിസ്റ്റുകൾക്കും അവരെ ഭയമാണ്. കാരണം അവർ സംഘടിതവും വ്യാജവുമായ പ്രചാരണങ്ങളിൽ വീണുപോകില്ല. വ്യക്തിമാഹാത്മ്യങ്ങളിൽ ആകർഷിതരാകുന്നുമില്ല. അതുകൊണ്ട് അവെരയും അവർക്ക് ശക്തിപകരുന്ന പുസ്തകങ്ങളെയും ഇല്ലായ്മ ചെയ്യാനാണ് അത്തരം ഭരണാധികാരികൾ എപ്പോഴും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ നിയമസഭ അവാർഡ് സമ്മാനിച്ചു. എം.ടി. വാസുദേവൻ നായർക്കുവേണ്ടി സതീഷ് കുമാർ പുരസ്‌കാരം ഏറ്റുവാങ്ങി. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, നിയമസഭ സെക്രട്ടറി എ.എം. ബഷീർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.