കൊച്ചി: സാഹിത്യ അക്കാദമി നഷ്ടപരിഹാരം നൽകി തന്നെ ഒതുക്കുകയല്ല വേണ്ടതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ഒന്നുമല്ലെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുഹൃത്ത് സി.ഐ.സി.സി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെയ്സ്‌ബുക്കിൽ കുറിച്ചത്.
സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണു വിഷയത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ-സിനിമാ താരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.
സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു. സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.’’– ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.