കോഴിക്കോട്: ഏറെ ചർച്ചകൾ നേരിട്ട കേരളം കുഴിമന്തി എന്ന വാക്കിനുപിന്നാലെയാണിപ്പോൾ. എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമനാണ് `ഞാൻ ഏകാധിപതിയായാൽ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്ന്' ഫേസ് ബുക്കിൽ കുറിച്ചത്. ഇതിനെ തുടര്‍ന്ന് ചൂട് പിടിച്ച ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് ശ്രീരാമൻ എഴുതിയത്.
മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം എഴുതുന്നു.
ശ്രീരാമന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
``ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.
🙉🙊🙈
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി''
എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം ഒരു `തംസപ്പ് ഇമോജി' നല്‍കിക്കൊണ്ടാണ് ശ്രീരാമന് പിന്തുണ നല്‍കിയത്. ഇതോടെ, സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗങ്ങൾ ചൂണ്ടികാണിച്ച് വിമർശനം ചൊരിയുന്നവർ ഏറെയാണ്. 'മാഷ് തന്നെ പല പ്രസംഗങ്ങളില്‍ ആയി പറയുന്നത് കേട്ടിട്ടുണ്ട് ഭാഷയും സംസ്‌കാരവും ഒക്കെ പരസ്പര കൊടുക്കല്‍ വാങ്ങലുകളിലൂടെ വളരുന്നതും വികസിക്കുന്നതും ആണെന്ന്, പിന്നെ കുഴിമന്തി ക്ക് എന്താണ് പ്രശ്‌നം,'എന്ന് ഒരാള്‍ ചോദിക്കുന്നു. ഇതിനുമറുപടിയുമായി വി.കെ. ശ്രീരാമൻ തന്നെ രംഗത്തെത്തി. 'വെടക്കൊന്നും കൊടുക്കരുത് വെടക്കൊന്നും വാങ്ങരുത്. നശിക്കുമല്ലെങ്കില്‍ സംസ്‌കാരം' എന്നാണ് വി.കെ. ശ്രീരാമന്റെ മറുപടി.
ഇതിനിടെ, എഴുത്തുകാരി ശാരദകുട്ടിയുടെ കമന്റും വന്നു, അതിങ്ങനെയാണ്
'കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,'.
കവി കുഴൂർ വിത്സൻ ശ്രീരാമന്റെ നിലപാടിനെതിരെ പ്രതികരിച്ചതിങ്ങനെ:
``വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോർക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് . എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ . തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു''. ലോകത്ത് നീറുന്ന വിഷയങ്ങൾ ഏറെയുണ്ടായിരിക്കെ കുഴിമന്തിക്ക് പിന്നാലെ പോകുന്നതിനു പിന്നിലെ ഉള്ളിലെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുചാടിയതാണെന്നാണ് പൊതുവിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.