ആയഞ്ചേരി: അരനൂറ്റാണ്ടുകാലം വടക്കൻ പാട്ടുകളിലൂടെ ശ്രദ്ധേയയായ വലിയ കുന്നോത്ത് മാണി കടമേരിക്ക് ഫോക് ലോർ അക്കാദമിയുടെ 2021ലെ നാട്ടിപ്പാട്ട് പുരസ്കാരം ലഭിച്ചു. ചെറുപ്രായത്തിൽത്തന്നെ വയലുകളിൽ കൃഷിപ്പണിക്ക് പോകേണ്ടിവന്ന മാണി മറ്റു മുതിർന്ന നാട്ടിപ്പാട്ടുകാരുടെ വാമൊഴികളിൽ നിന്നാണ് വടക്കൻ പാട്ടുകൾ പഠിച്ചത്.
ഒറ്റപ്പെട്ട വടക്കൻ പാട്ടുകൾ മാണി കടമേരിയുടെ പാട്ടുവഴികളിലെ വേറിട്ട കാഴ്ചയായി മാറി. തച്ചോളിപ്പാട്ടുകൾ, പുത്തൂരം പാട്ടുകൾ, ഒറ്റപ്പാട്ടുകൾ, അരവുപാട്ടുകളിലെല്ലാം മാണി കടമേരിയുടെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. കറ്റൊടി രയരപ്പൻ നമ്പ്യാർ ബ്രിട്ടീഷുകാർക്കുവേണ്ടി തലശ്ശേരി കോട്ടയിൽ പുലിയെ വെടിവെക്കാൻ പോയ വീരകഥാഗാനം മാണിയുടെ വേറിട്ട വടക്കൻ പാട്ടുകളിലൊന്നാണ്.
കറ്റൊടി രയരപ്പൻ നമ്പ്യാരുടെ പുലിവേട്ടയുടെ കഥ ജനങ്ങളിലേക്കെത്തിയത് മാണിയുടെ വടക്കൻ പാട്ടുകളിലൂടെയാണ്. നമ്പ്യാരുടെ തിറയാട്ടം ഇന്നും കെട്ടിയാടുന്നു. കടത്തനാട് തമ്പുരാൻ എടുത്തുവളർത്തിയ പനയം കുളങ്ങര ചേരന്റെ സത്യസന്ധതയെക്കുറിച്ചുള്ള വടക്കൻപാട്ടുകൾ മാണിയുടെ അപൂർവം പാട്ടുകളിൽ ഒന്നാണ്.
കുറൂള്ളി ചെക്വോൻ, വയനാടൻ കേളു, കൊടുമല കുങ്കി, പഴശ്ശിരാജ എന്നീ വീരനായകരെയും വീരാംഗനമാരെയും കുറിച്ചുള്ള വടക്കൻ പാട്ടുകൾ മാണി കടമേരി എന്ന പാട്ടുകാരിയെ വ്യത്യസ്തയാക്കുന്നു. ആകാശവാണി കോഴിക്കോടിൽ മാണി കടമേരിയുടെ വടക്കൻ പാട്ടുകൾ അവതരിപ്പിച്ചിരുന്നു. കൈരളി, ഏഷ്യാനെറ്റ്, മീഡിയവൺ എന്നീ ദൃശ്യമാധ്യമങ്ങളിലെ ‘പാട്ടുവഴികളിലൂടെ’ പരിപാടിയിലൂടെ മാണിയുടെ പാട്ടുകൾ നാട്ടുകാർക്കിടയിൽ ഇടം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.