ബംഗളൂരു: കർണാടകയിലും സാമൂഹിക മേഖലകളിൽ സജീവമായി ഇടപെട്ട വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഡോക്യുമെന്റററി സംവിധായകനും സാമൂഹികപ്രവർത്തകനുമായ കെ.പി. ശശി. ബംഗളൂരുവിലടക്കം അദ്ദേഹം നിരവധി തവണ എത്തി പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. അദ്ദേഹത്തെ ഓർക്കുകയാണ് ബംഗളൂരുവിലെ സാമൂഹിക പ്രവർത്തക മധു ഭൂഷൻ.
മനുഷ്യരുടെ വിടവാങ്ങലുകൾ അനിവാര്യമാണെങ്കിലും നേരത്തേ വിടവാങ്ങിയെന്ന് തോന്നുന്ന നിരവധി പേരുണ്ട്. അതിലെ പ്രമുഖ പേരാണ് ഇപ്പോൾ കെ.പി. ശശിയുടേതും. ഞങ്ങൾ എല്ലാവരും എഴുപതുകളിലെയും എൺപതുകളിലെയും കുട്ടികളായിരുന്നു. ആദർശവാദവും അതിനൊത്ത ജീവിതവും നയിച്ചയാളായിരുന്നു കെ.പി. ശശി.
എൺപതുകളുടെ തുടക്കത്തിൽ ആണവോർജം ദുരുപയോഗംചെയ്ത് മനുഷ്യർക്കും പ്രകൃതിക്കും ദുരന്തമുണ്ടാക്കുന്നത് സംബന്ധിച്ച് ഡോക്യുമെന്ററി എടുക്കുന്നത് ചർച്ചചെയ്യാൻ ഞങ്ങളുടെ കൂട്ടായ്മയിൽ വന്നപ്പോഴാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. എന്റെ ജീവിതപങ്കാളി കുമാർ കേരളത്തിലേക്കുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം പലപ്പോഴും ചേർന്നു. സിനിമ നിർമാണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന സമീപനങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു.
ചൂടേറിയ ചർച്ചകളും സംവാദങ്ങളും ഏറെ കേട്ടു. ചുറ്റുമുള്ളവർക്ക് എന്ത് തോന്നിയാലും തീരുമാനങ്ങളിൽ വിട്ടുവീഴ്ച ചെയ്തില്ല. ഒഡിഷയിലെ കാണ്ഡമാൽ വിഷയത്തിലും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണത്തിലും മതപരിവർത്തനം തടയൽ ബില്ലിനെതിരെയും അദ്ദേഹം ഇടപെട്ടു. ആദിവാസി -മനുഷ്യാവകാശ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടു.
വൈദികരടക്കമുള്ളവരുമായി അഭിമുഖം നടത്തി. സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെട്ടു. ഇടതോ വലതോ എന്നതിനപ്പുറം നിശിതമായ രാഷ്ട്രീയവിമർശനങ്ങൾ നടത്തി. സ്ഥാപനവൽക്കരിച്ച മതങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും കലഹിച്ചു. കാർട്ടൂണിസ്റ്റ് എന്നനിലയിൽ ഏറെ യാത്രകൾചെയ്ത് അനീതിക്കെതിരെ വരച്ചു.കെ.പി. ശശിയുടെ സാന്നിധ്യം ഏറെ ആവശ്യമായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.