കഥയെഴുതുന്നവർക്ക് എഴുതാൻ കിട്ടുന്ന അവസരങ്ങളാണത്രെ ജീവിതത്തിലെ ഓരോരോ പ്രശ്നങ്ങളും തുടർന്നുള്ള മനസ്സിലെ അസ്വസ്ഥതകളും നൽകുന്നതെന്ന് ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പലപ്പോഴും അവ അഭിമുഖീകരിക്കുമ്പോഴൊക്കെ എത്രയോ തവണ ചിന്തിച്ച് സൃഷ്ടികൾ മനസ്സിൽ കൊത്തിയെടുത്തിട്ടുണ്ടെന്നോ. അതൊരു അക്ഷരക്കൂട്ടമായി ഒരു കടലാസ് കഷണത്തിൽ ഉരുട്ടി എഴുതുമ്പോഴൊക്കെ മനസ്സിൽ തളംകെട്ടി കിടന്ന എല്ലാ പരിഭവങ്ങളും യാതനകളും അക്ഷരങ്ങളെ വലംവെച്ച് മൗനംതൂങ്ങി ഉറങ്ങുന്നതും അനുഭവപ്പെട്ടു. അവർക്ക് ഒരു പുനർജന്മം നൽകാൻ വായനക്കാർക്ക് മാത്രമേ സാധിക്കൂ.
എന്റെ ചിന്തകൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്കിങ്ങനെ കുതിച്ചുകൊണ്ടിരുന്നു. കിടക്കയിൽനിന്നെണീറ്റ് അലോസരമായി കിടന്ന മേശയിൽനിന്നും ഒരു പേപ്പർ എടുത്ത് എഴുതാൻ തുടങ്ങി. നേരം വെളുക്കാൻ ഇനിയും ബാക്കി. ജനാലകൾ ആഞ്ഞടിച്ച് ശബ്ദം ഉണ്ടാക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ചിന്തകൾ ഉറക്കത്തെ കെടുത്തും, ഉറക്കമില്ലായ്മ സമാധാനത്തെ കെടുത്തും. ഒരു ഭയം, എന്തെന്നില്ലാത്ത ഭയം. ഇത് ആരെങ്കിലും വായിച്ചാലോ? ഇല്ല ആർക്കും വായിക്കാൻ കൊടുക്കില്ല. ഇതെനിക്ക് വേണ്ടി ഞാൻ എഴുതുന്നതാണ്.
ഇലാഹിനായി ഒരു തുറന്ന കത്ത്...
എന്നെപ്പോലെ എത്ര പേർ കത്തെഴുതിയിട്ടുണ്ടാകണം, അറിയില്ല. പക്ഷേ, ചിലർ തുടരത്തുടരെ കത്തെഴുതിക്കൊണ്ടിരിക്കുകയാണ്, വിശ്രമമില്ലാതെ.
പിന്നീട് ബോധം വീണപ്പോൾ ഇടക്ക് ഉറങ്ങിപ്പോയി എന്ന് മനസ്സിലായി. കിടക്കയിൽ കിടന്നുകൊണ്ട് ക്ലോക്കിലേക്ക് നോക്കി. കാഴ്ച മങ്ങിയിരിക്കുന്നു. എന്നാലും സുബ്ഹിക്ക് സമയമായെന്ന് തൊട്ടടുത്തുള്ള പള്ളിയിലെ ബാങ്ക് എന്നെ അറിയിച്ചു. ശരീരമാകെ തണുത്തിരിക്കുന്നു. ഞെരങ്ങി ഞെരങ്ങി കട്ടിലിൽനിന്ന് എണീക്കാൻ ഒരു ശ്രമം നടത്തി, ഫലം കണ്ടില്ല. കണ്ണുകളിലൂടെ ഇരുട്ട് അരിച്ചുകയറുന്നു, നെഞ്ചിൻകൂടിനെ ശരീരത്തിൽനിന്നും അറുക്കുന്നു, കൈകാലുകൾ ചലനരഹിതമാകുന്നു. എല്ലാം ഒരുമിച്ചറിഞ്ഞു. ആ കൊച്ചുമുറിയിൽ ഞാൻ ഒറ്റക്കല്ലെന്ന് മനസ്സിലായി. മറ്റാരുടെയൊക്കെയോ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്നു. ചുറ്റുപാടിൽനിന്നും ശബ്ദങ്ങൾ ഉയർന്നു. പിറുപിറുക്കൽ, രഹസ്യങ്ങൾ... ഒടുവിൽ പൊട്ടിക്കരച്ചിൽ. കതക് തുറന്നാരോ അകത്തേക്ക് പ്രവേശിച്ചു.
‘‘ഇന്ന് ഇടയത്താഴം ഇല്ലാതെയാണോ നോമ്പെടുക്കണത്? അതും ഈ ...’’
ബാനുവിന്റെ ശബ്ദമായിരുന്നു അത്. അവർ പൂർത്തിയാക്കാതെ അവിടെ നിന്നു.
‘‘ബാനു...’’
ബാനു പുറത്തേക്ക് പോയി... കുറച്ച് കഴിഞ്ഞപ്പോൾ മടങ്ങിവന്നു. എന്തോ കളഞ്ഞുപോയതുപോലെ അവർ അവിടെ പരതുന്നുണ്ട്.
‘‘എന്താ ബാനു...’’
***
‘‘പേരെന്താ?’’
ചിരിയായിരുന്നു മറുപടി..
‘‘പേരില്ലേ... അതോ മറന്നുപോയോ..?’’
‘‘ന്നെ ബാനുന്ന് വിളിച്ചോളൂ...’’
ബാനു. വീട്ടിൽനിന്ന് മാറി താമസിക്കേണ്ടി വന്നപ്പോൾ ഞാൻ നേരിട്ട സംഘർഷം മാറ്റിയ ആൾ. ബാനുവിന് എന്നിലും ഏറെ പ്രായമുണ്ട്. അവരിലേക്ക് ഞാൻ ആകർഷിക്കപ്പെട്ടത് രണ്ട് കാരണത്താലായിരുന്നു. ഒന്ന്, അവർക്ക് സ്വന്തമെന്ന് പറയാൻ ആരും തന്നെയില്ല. അതുകൊണ്ട് തന്നെ വിഷമങ്ങൾ ഒരു ചിരിയിൽ ഒതുക്കാൻ സ്വയം പഠിച്ചു. രണ്ട്, ബാനു കഥ പറയുമ്പോൾ ഒരു കഥാകാരി അവിടെ ജനിച്ചുവീഴുന്നതായി കാണാം. കഥകൾ പറയുമ്പോൾ അതിലേക്ക് നമ്മളെയും കൂടി കൈപിടിച്ച് ആ കഥാപാത്രങ്ങൾ നടന്ന പാതയിലൂടെ, അനുഭവിച്ച ദീർഘവേദനകളിലൂടെ കടന്നുപോകാനും അവിടേക്ക് കൊണ്ടുപോകാനും അവർക്ക് കഴിയും. അവർക്ക് കിട്ടിയതൊരു ശ്രോതാവിനെയും എനിക്ക് കിട്ടിയത് ഒരു ആത്മമിത്രത്തിനെയും.
നല്ലൊരു മനസ്സുള്ള, ആത്മാവിൽ തൊട്ടറിയുന്ന സൗഹൃദങ്ങളിൽ ഒന്നായി ഞങ്ങളുടേത്. എന്റെ താമസസ്ഥലത്തിന്റെ തൊട്ടടുത്തുള്ള ഒരു ചെറിയ ഹോട്ടലിലാണ് ബാനു ജോലിചെയ്യുന്നത്. ബാനുവിന്റെ ദുരിതജീവിതാനുഭവങ്ങളുടെ കഥകളൊക്കെ ഒരു പുത്തൻ കഥാപുസ്തകം വായിക്കുന്ന ക്ഷമയോടെ താൽപര്യത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്.
അന്ന് ഫെബ്രുവരി 18. ഒറ്റമുറിയിൽ ഇരുന്ന് വല്ലാതെ മുഷിഞ്ഞിരുന്നു. പതിവ് തെറ്റിക്കേണ്ടെന്ന് കരുതി ഉച്ചഭക്ഷണത്തിനായി താജിൽ ചെന്നു. ഹോട്ടൽ താജ്. കറുത്ത ഉരുണ്ട അക്ഷരങ്ങളിൽ മഞ്ഞ ബോർഡിൽ എഴുതിയിരിക്കുകയാണത്. സിറാജിക്കയും ഭാര്യയും കഴിഞ്ഞ ഇരുപത് വർഷമായി നടത്തുന്ന ഹോട്ടൽ. അന്നുമുതൽ ബാനു അവരുടെ ഒപ്പമുണ്ടത്രെ. പലപ്പോഴും അവരവിടെ ജോലിചെയ്യുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് അത്രമേൽ ജീവിതത്തിന്റെ ചവർപ്പ് കുടിച്ചിറക്കിയിട്ടും എങ്ങനെ ഇവർക്ക് ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുന്നുവെന്ന്. അവർ അനാഥയാണ്, എക്കാലവും. ചെറുപ്പത്തിൽ മാതാപിതാക്കൾ ഒരു കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞു. വലുതായപ്പോൾ തന്നെ വഞ്ചിച്ച് ഉപേക്ഷിച്ച താൻ ഏറെ സ്നേഹിച്ച തന്റെ സ്നേഹിതൻ.
****
ബാനു ഭക്ഷണം വിളമ്പിയതിനുശേഷം എന്റെ എതിർ സീറ്റിൽ വന്നിരുന്നു. ഇവിടെ വന്നിട്ട് ഇത്രയും നാളുകൾ പിന്നിട്ടിട്ടും ഇന്നേവരെ ഞാൻ ഒറ്റക്കിരുന്നേ കഴിച്ചിട്ടുള്ളൂ. ഞാനത് ആസ്വദിച്ച് കഴിച്ചു. അവർ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
എന്റെ മനസ്സ് കൊളുത്തിവലിച്ചത് പഴയ ഓർമയിലേക്കാണ്. ഞാനന്ന് ആറിൽ പഠിക്കുന്നു. അതൊരു പരീക്ഷക്കാലം കൂടിയായിരുന്നു. പരീക്ഷയുടെ തലേദിവസം തുടങ്ങിയ വയറുവേദനയുടെ അവസാനം കണ്ടത് പരീക്ഷ ഹാളിൽ വെച്ചാണ്. ആദ്യം അടിവയറ്റിൽ വലിയൊരു പാറക്കഷണം കെട്ടിവെച്ചതുപോലെ. അതിന്റെ ഭാരം വയറിൽ തുളച്ച് കയറിയപ്പോൾ ഞാൻ ഞെരുങ്ങി. ഉത്തരങ്ങൾ എഴുതുന്നത് തുടർന്നു. തല ചുറ്റുന്നതുപോലെ. വയറിനകത്തൊരു നീരാളി മാംസത്തെ വലിച്ച് കീറി ചോര പുറത്തേക്ക് ചീറ്റി. കാലുകൾ ഇറുക്കിപ്പിടിച്ചുകൊണ്ട് വയറിൽ കൈ അമർത്തിപ്പിടിച്ച് ഞാൻ കരഞ്ഞു. പരീക്ഷ കഴിഞ്ഞപാടെ വീട്ടിലേക്ക് ഓടി. ഇട്ട ചുരിദാറിൽ പറ്റിയ ചോരക്കറ മറക്കാൻ റസിയ അവളുടെ കറുത്ത തട്ടം എന്റെ അരയിൽ കെട്ടിയിരുന്നു. അവൾ നേരത്തേതന്നെ വലിയ പെണ്ണായതാണത്രെ.
വീട്ടിൽ എത്തിയപ്പോൾ വീടിന്റെ പിൻവാതിലിൻ പടിയിൽ പണിക്കാർക്കായി വെച്ചിരിക്കുന്ന ചോറിൻ കലവും മൊന്തയും കണ്ടു. വീട്ടിലെ എല്ലാവരും ജോലി കഴിഞ്ഞെത്താൻ ഇനിയും വൈകും. ഞാൻ കൈ വയറിൽ അമർത്തി തല ചായ്ച് ആ പടിയിൽ തന്നെ ഇരുന്നു. ഉച്ചഭക്ഷണം കഴിക്കാനായി പണിക്കാർ വന്നു. തറയിൽ കട്ടപിടിച്ച് കിടന്ന കറ കണ്ട് കുമാരിയേട്ടത്തിക്ക് കാര്യം മനസ്സിലായിരിക്കണം. അവർ എന്നെ കുളിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. മുഷിഞ്ഞ വസ്ത്രം ഒരു അറപ്പും കൂടാതെ അവർ വൃത്തിയാക്കുന്നുണ്ടായിരുന്നു. അതവരുടെ തൊഴിലല്ല. അതിനവർക്ക് കൂലിയും കാണില്ല. പക്ഷേ, സ്നേഹത്തിന് ഒരു ഭാഷയുണ്ടത്രെ.
സോപ്പ് പതകൾ ചുവപ്പ് നിറത്തിലായി പതഞ്ഞ് തനിക്ക് നേരെ തെറിക്കുമ്പോഴും അവരുടെ മുഖത്ത് നിസ്സഹായതയെക്കാൾ മറ്റെന്തിന്റെയോ അംഗീകാരമായിരുന്നു. എന്തിന്? മനുഷ്യത്വത്തിന്റെ, സ്ത്രീത്വത്തിന്റെ കടമയാകുമോ...
***
ബാനു കൈ കഴുകാനായി എഴുന്നേറ്റു. പുറകെ ഞാനും. അന്നൊരുപാട് ഓർമകൾ വാർത്തെടുത്തു. ചിലതെന്നെ ചിന്തിപ്പിച്ചു. മറ്റു ചിലതെന്നെ കരയിപ്പിക്കുകയും ചെയ്തു.
****
‘‘ബാനു... എന്തെങ്കിലും പറ, ഒന്നും പറയാതെ പോകരുത്’’.
ബാനു തിരച്ചിൽ നിർത്താതെ തുടർന്നു. ഇനി ബാനു എന്റെ തോന്നലാണോ. ഞാൻ കണ്ണ് മുറുക്കെ അടച്ചു. യാ റബ്ബി... ഇന്ന് അവസാനത്തെ നോമ്പാണ്. പെരുന്നാളിനുള്ള എന്റെ കുപ്പായം പുതിയ രണ്ട് വെള്ളത്തുണികളാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ബാനു തിരച്ചിൽ നിർത്തിയപ്പോഴാണ്. ചുറ്റിനും ആളുകൾ അപ്പോഴുമുണ്ട്. അവരൊക്കെ ഇലാഹിന് കത്തെഴുതുന്നവരാണ്. അതിലാരുടെയോ കണ്ണെന്റെ കത്തിൽ ചെന്നുടക്കി.
‘‘മയ്യത്തിനെ കുളിപ്പിക്കാൻ സമയമായി’’
എവിടെന്നോ ശബ്ദം ഉയർന്നു. തൊട്ടടുത്തുള്ള പള്ളിയിൽ നിസ്കാരത്തിനുശേഷം മരണവാർത്ത അറിയിക്കുമ്പോൾ അതിലൊന്ന് എന്റേത്. വന്നവർക്കിടയിൽ എന്റെ പ്രിയപ്പെട്ടവരുമുണ്ടെങ്കിലും ഞാൻ നോക്കിയത് ബാനുവിന്റെ കലങ്ങിയ കണ്ണുകളെ മാത്രം. ആ കണ്ണുകൾ കഥപറഞ്ഞ് കഴിഞ്ഞില്ലായിരിക്കണം.
ഇനി മീസാന്കല്ലിനു ചോട്ടിലെ മണ്ണില് ഞാൻ മയങ്ങുമ്പോൾ അവർ നട്ട മൈലാഞ്ചി ചെടിയുടെ മണം പടരണം... ആ പുഞ്ചിരിപോലെ അത് ചുറ്റിനും ഒഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.