പിടയുന്ന പ്രാണനേ, മാപ്പ്‌

അടരുന്ന പ്രാണവായുവെ സാക്ഷിയാക്കി

തെരുവിന്‍റെ മൂകഭയാനകമാത്രയിൽ

ഒടുവിലൊരുനൂൽ ‌പ്രത്യാശയെങ്കിലും

കരുതിവെക്കുവാനില്ലാതെ വെറുതെ

തൻകുഞ്ഞുതളിർവായ നുണയുവാനിത്തിരി

അന്നം ചികഞ്ഞുനടക്കുന്ന യാത്രയിൽ

പ്രണയവും സ്വപ്നവും കുറുകാത്ത മരണ-

മരവിപ്പ്‌ പൂക്കുന്നിടത്തിതാകസ്മികം!

ഒരു ശ്വാസകണിക നുണഞ്ഞിറക്കുവാൻ

വെറുതെ പണിപ്പെട്ടു ശ്രമിച്ചതിനൊടുക്കം

അടരാടിയ മണ്ണിനെ തനിച്ചാക്കി ദൂരെ

ഇരുളിലേക്കാണ്ടുപോകുന്ന ജീവനേ,

ആരാണിത്ര തിടുക്കത്തിലൊന്നിലെന്‍റെ

ജീവനെ തല്ലിക്കൊഴിക്കുന്നതീവിധമെന്ന്,

ആരുമേയെന്നുള്ളിൽ കുടുങ്ങിയ മുറവിളി

കേൾക്കാതെ പോയൊരു ദാരുണസത്യം

ആരോട്‌ പറയുവാനിതൊക്കെയെന്നാകിലും

വെറുതെ പൊരുതിമരിച്ച മോഹമേ നിന്നെ

കേൾക്കുവാനാരുണ്ടിവിടെയെന്നൊരു കേഴൽ

ഒടുവിലൊഴിയുമ്പോഴുള്ളം പൊടിഞ്ഞുവോ?

Tags:    
News Summary - malayalam poem by anas mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT