ഹബീബ ടീച്ചർ നൽകിയ സമ്മാനപ്പെട്ടി പ്രയാഗ് തുറന്നുനോക്കി. ടു ബി മുതൽ നയൻ ബി വരെയുള്ള പെൻസിലുകളും രണ്ട് ബ്ലെൻഡിങ് സ്റ്റംപുകളും ഇറേസറും ഷാർപ്നറുമൊക്കെ അടങ്ങിയ ഒന്നായിരുന്നു അത്. അവനതപ്പോൾ അത്യാവശ്യമായിരുന്നു.
ജനലിന്റെ അടുത്താണ് ഇരുന്നു വരക്കാനുള്ള സ്ഥലം പിടിച്ചത്. അതങ്ങനെത്തന്നെ വേണം. വരക്ക് നൽകുന്ന ഡെപ്തും വരക്കുന്നിടത്തെ വെളിച്ചവും തമ്മിൽ നല്ല ബന്ധമുണ്ട്.
അൽപ സമയത്തിനു ശേഷം മത്സരം നടത്തുന്ന മാഷ് ബോർഡിൽ എഴുതി.
ഹൈസ്കൂൾ വിഭാഗം ചിത്രരചന
വിഷയം: നഗരവിശപ്പ്.
അൽപനേരം ആലോചിച്ചതിനുശേഷം ടു ബിയുടെ പെൻസിലെടുത്ത് പ്രയാഗ് അവനല്ലാതെ മറ്റാർക്കും പൂർണമായി മനസ്സിലാക്കാൻ പറ്റാത്ത ഒരു രൂപത്തെ സൃഷ്ടിക്കാൻ കടലാസിന്റെ പരുപരുത്ത വശത്ത് തുടക്കം വെച്ചു. ടീച്ചർ നൽകിയ സമ്മാനപ്പെട്ടിയിൽനിന്നും പെൻസിലുകൾ മാറിമാറി കൈയിലേക്ക് വരുന്നതും കടലാസിലൊരു ത്രീ ഡയമെൻഷൻ ചിത്രം പൊങ്ങി വരുന്നതും ജനാലക്കപ്പുറം പുറത്തിരുന്ന ടീച്ചർ കണ്ടു. പല പേരുകൾകൊണ്ട് വേർതിരിച്ച വലിയ കെട്ടിടങ്ങൾക്കു താഴെ ഒരു ഫ്ലൂറെസന്റ് നെയിം ബോർഡ് തൂങ്ങി കിടപ്പുണ്ടായിരുന്നു.
‘സാഗർ റസ്റ്റാറന്റ്’
ചിത്രത്തിലെ ഹോട്ടലിന് ഇംഗ്ലീഷിൽ പേര് നൽകാമായിരുന്നെന്ന് ഹബീബ ടീച്ചർക്ക് തോന്നി. മത്സരമായതുകൊണ്ട് നിർദേശങ്ങൾക്ക് പ്രസക്തിയില്ലല്ലോ എന്ന് സമാധാനിച്ചു വെളിച്ചം മറയാത്ത മട്ടിൽ അവർ ജനലിന്റെ അടുത്തുനിന്നും മാറി. പ്രയാഗ് അവരെ ശ്രദ്ധിച്ചതേയില്ല.
സാഗർ റസ്റ്റാറന്റിന്റെ നെയിം ബോർഡിന് താഴെയുള്ള യൂനിഫോം ധാരിയായ മെല്ലിച്ച മനുഷ്യൻ തന്റെ കൈയിൽ നീട്ടിപ്പിടിച്ചു നിൽക്കുന്ന ഹോട്ടൽ എന്നെഴുതിയ ചെറിയ ബോർഡിൽ ബ്ലെൻഡിങ് സ്റ്റംപുപയോഗിച്ച് ബ്ലൻഡ്ഷെയ്ഡ് നൽകുകയായിരുന്നു പ്രയാഗ്. അയാളുടെ ചെവിയുടെ വശത്തുകൂടി ഉച്ചവിയർപ്പ് ഒഴുകി യൂനിഫോം നനച്ചിട്ടുണ്ട്. കുടിച്ചുതീരാറായ വാൻഡ്ഫിൻ കുടിവെള്ള ബോട്ടിൽ അയാളുടെ കാലുകൾക്ക് സമീപം മറിഞ്ഞു കിടപ്പുണ്ട്. കുപ്പിയുടെ വായ്ഭാഗംവരെ വെള്ളം ചെരിഞ്ഞു വരച്ചിട്ടുണ്ട്. ദാഹിച്ചുവലഞ്ഞ ഭൂമിയുടെ വായിലേക്ക് ഇപ്പൊ
ഒഴുകിയെത്തുമെന്ന് തോന്നും...
മൂടി തുറക്കണോ..?
വേണ്ട... ഉച്ചതിരിയും വരെ അയാൾക്ക് ചിലപ്പോൾ ദാഹം തീർക്കേണ്ടി വരും... ചിത്രത്തിലാണെങ്കിൽപോലും വെള്ളം കളയാനുള്ളതല്ല. പ്രയാഗ് അതിന്റെ മൂടി
തുറന്നില്ല.
പാർക്കിങ് സ്ഥലത്ത് ആഡംബര കാറുകൾ പാർക്കുചെയ്തിരുന്നു. അതിൽനിന്നിറങ്ങി വരുന്ന കാലുകളിൽ പൊടിപറ്റാത്ത ഷൂവുകൾ. ചാർക്കോൾ പെൻസിൽകൊണ്ട് പ്രയാഗ് അതിനെ വീണ്ടും കറുപ്പിച്ചു.കാറിന്റെ ചാവി വിരലിൽ കറക്കിക്കൊണ്ട് ഒരാൾ കുടുംബവുമൊത്ത് ഹോട്ടലിലേക്ക് കയറിപ്പോകുന്നു. വിശപ്പണഞ്ഞിട്ടും തൂക്കിപ്പിടിച്ച പാർസൽ കവറുമായി സാഗറിൽനിന്നും കുറച്ചുപേർ ഇറങ്ങി വരുന്നു. പ്രയാഗ് നയൻ ബി പെൻസിൽ ഒന്നുകൂടെ ഷാർപെൻ ചെയ്തെടുത്തു... അവിടെയും ഇവിടെയുമായി ഒരു തൊടൽ... വിയർപ്പുരുണ്ട വെള്ളത്തുള്ളിയെപ്പോലെ യൂനിഫോം ധാരി തലകറങ്ങി വീഴുമെന്ന് തോന്നിപ്പിക്കുന്ന കറുത്തൊരു വരകൂടി ചേർത്തു.
അയാളെ വീഴ്ത്തണോ?
പെൻസിൽ ലെഡ് കൊണ്ട് ഒരാളെ വീഴ്ത്താൻ എളുപ്പമാണല്ലോ. പേക്ഷ, അയാളെ സ്നേഹിക്കുന്നവരുടെ വിതുമ്പലുകൾ പെൻസിലിന്റെ മുനയൊടിക്കുമെന്നു തോന്നിയപ്പോൾ അതുമവൻ വേണ്ടാ എന്ന് തീരുമാനിച്ചു.
മത്സരം അവസാനിക്കാൻ അഞ്ചു മിനിറ്റുകൂടിയുള്ളൂ എന്നുകേട്ടപ്പോൾ പ്രയാഗ് ചിത്രലോകത്തുനിന്നും തലയുയർത്തി. ജനലിനപ്പുറത്ത് തന്റെ ടീച്ചറിരിക്കുന്ന തണലിലേക്ക് നോക്കി. തന്റെ കുട്ടി വിജയിയാകുമെന്ന ആത്മവിശ്വാസം ഹബീബ ടീച്ചറുടെ ചുണ്ടിൽ വിരിഞ്ഞു.
പല വേദികളിൽനിന്നും പരിപാടികളാസ്വദിച്ച് റിസൽട്ട് വരും വരെ അവർ രാജാസ് സ്കൂളിൽതന്നെ നിന്നു. മത്സരാർഥികൾക്കും എസ്കോർട്ടിങ് ടീച്ചേഴ്സിനും വേണ്ടി തയാറാക്കിയ സദ്യയും പായസവും നല്ല രുചിയുണ്ടായിരുന്നു. റിസൽട്ട് വന്നപ്പോൾ വൈകുന്നേരമായി. പ്രതീക്ഷിച്ചപോലെ
ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി അവൻ സംസ്ഥാനതലത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് വിധികർത്താക്കളുടെ അറിയിപ്പ് കേട്ടതും ഹബീബ ടീച്ചർ അവനെ ചേർത്തുപിടിക്കുകയും നെറ്റിയിലൊരു ഉമ്മവെക്കുകയും ചെയ്തു.
രാജാസിൽനിന്നും തിരിച്ചുപോരുമ്പോൾ വെയിലിറങ്ങിയിരുന്നു. രാവിലെ വന്ന അതേ വേഗത പിടിച്ച് ടീച്ചർ വണ്ടിയോട്ടിക്കൊണ്ടിരുന്നു. രണ്ടോ മൂന്നോ നഗരങ്ങൾ കഴിഞ്ഞ് ടീച്ചർ പറഞ്ഞു.
‘‘ഒരു ചായ കുടിക്കാം’’
‘‘ഇവിടെ അടുത്ത് നല്ലൊരു ഹോട്ടലുണ്ട് ടീച്ചർ’’ –പ്രയാഗ് തന്റെ മൗനം വെടിഞ്ഞു.
അൽപദൂരം കഴിഞ്ഞ് ഒരു ഫ്ലൂറസെന്റ് നെയിം ബോർഡ് കണ്ട് ടീച്ചർ
വണ്ടി ഒതുക്കി.
‘സാഗർ റസ്റ്റാറന്റ്’
അതിന്റെ താഴെ നീല സെക്യൂരിറ്റി യൂനിഫോം ധരിച്ച ഒരു മനുഷ്യൻ ഹോട്ടൽ എന്നെഴുതിയ ഒരു ബോർഡ് പിടിച്ച് അവരെ ഹോട്ടലിലേക്ക് ക്ഷണിക്കുന്നു. അയാൾ വിയർത്തു നനഞ്ഞിട്ടുണ്ട്. വെള്ളം തീർന്നുപോയ വാൻഡ്ഫിൻ വെള്ളക്കുപ്പി അയാളുടെ പാദത്തെ തൊട്ട് അപ്പോഴും
കിടപ്പുണ്ട്. പ്രയാഗ് മെല്ലെ നടന്നുചെന്ന് അയാൾക്ക് കൈ കൊടുത്തു...
‘‘ഫസ്റ്റ്ണ്ട് അച്ഛാ...’’
ഒട്ടിയ വയറുംകൊണ്ട് അകിട് തൂങ്ങിയ ഒരു പട്ടി അപ്പോൾ അവരെ മറികടന്ന് പിന്നിലേക്ക് നടന്നുപോയി. നേരിയ ഒരു പുഞ്ചിരിയോടെ അവരെ റസ്റ്റാറന്റിന്റെ ഉള്ളിലേക്കു കയറ്റി അയാൾ ആരോടൊക്കെയോ പറയുന്നുണ്ടായിരുന്നു :
‘‘എന്റെ മകനും ടീച്ചറുമാണ്... ചിത്രരചനയിൽ ഫസ്റ്റടിച്ചു വരികയാണ്.’’
പിന്നെ അതിവേഗത്തിൽ അയാൾ പഴയ സ്ഥലത്തു തന്നെ വന്നുനിൽപു തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.