അടർന്നുവീണ വട്ടക്കണ്ണട

ഉണർന്നെണീറ്റയുടൻ പ്രത്യാശയോടെ ഞാൻ തോട്ടത്തിലേക്ക് ചെന്നു. നട്ടുവളർത്തിയ മരത്തിൽ മിനുത്ത ശിരസ്സിന്റേയും വട്ടമൊത്ത കണ്ണടയുടേയും മുദ്രയുള്ള വിളഞ്ഞ കറൻസി നോട്ടുകൾ ഒട്ടിപ്പിടിച്ച് തൂങ്ങിക്കിടന്നു. മഴ മാറിയിട്ടും മരം പെയ്ത്ത് നിർത്തിയിരുന്നില്ല. കുതിർന്ന നോട്ടുകൾ ഉണങ്ങാൻ ചൂടുവെയിലാവശ്യമായിരുന്നു. കാറ്റിന്റെ ഗതിവേഗത്തിലുണ്ടായ വ്യതിയാനം കുറച്ചൊരാശ്വാസമായി. ഏതോ പാട്ട് മൂളിക്കൊണ്ട് കാറ്റ് നോട്ടുകളെ തഴുകിയും തലോടിയും അവയിലെ ഈർപ്പമകറ്റാൻ ബദ്ധപ്പെട്ടുകൊണ്ടിരുന്നു. പ്രഭാതത്തിൽ തിരനോട്ടം നടത്തി മറയിലേക്ക് നീങ്ങിയ സൂര്യൻ മേഘങ്ങൾക്കിടയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. മടിച്ചുമടിച്ച് ആകാശപ്പടവുകൾ താണ്ടി മുകളിലേക്കെത്തി. ഉച്ചയായി. ഉടുപ്പുകൾ ഊരിയിട്ടിട്ട് സൂര്യൻ നഗ്നനായി നിന്ന് പെയ്തു.

മരം ഏകാന്തമായ പ്രൗഢിയോടെ ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി നിൽക്കുകയാണ്. ശിരസ്സും വട്ടക്കണ്ണടയും ഉണങ്ങിക്കഴിഞ്ഞപ്പോൾ മരം പിടിച്ച് കുലുക്കി. ചില്ലകൾ ഉലഞ്ഞാടി. നോട്ടുകൾ പാറിക്കളിച്ച് വീഴുകയായി. നൃത്തം ചെയ്ത് നൃത്തം ചെയ്ത് താളത്തിൽ വീണുകൊണ്ടിരുന്നു. നിങ്ങൾ നൂറു നൂറ് കഥകൾ ഇതിനോടകം വായിച്ച് തള്ളിയിട്ടുണ്ടാകും. സകലതും നുണക്കഥകൾ. ഇതെങ്കിലും വിശ്വസനീയമായ കഥയായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ടാകും. വിവരണങ്ങൾ വായിച്ചപ്പോൾതന്നെ ഒരു നുണക്കഥയുടെ എല്ലാ ലക്ഷണങ്ങളും നിങ്ങളിതിൽ കണ്ടു കഴിഞ്ഞു, എങ്കിലും തുടരും.

നോട്ടുകൾ പെറുക്കി വലുതും ചെറുതുമായ ചാക്കുകളിലും സഞ്ചികളിലുമാക്കി. ചുമട് ചുമന്ന് നീങ്ങി. വിജനമായ വഴിയോരം. ഒരു ശബ്ദം ഇടക്ക് കാതിൽ വീണു. അതൊരു സഹായാഭ്യർഥന പോലെ തോന്നിയതിനാൽ ശബ്ദം വന്ന ഭാഗത്തേക്ക് മുഖം തിരിച്ചു: ഉയരമുള്ള പീഠത്തിന്മേൽ നിന്നു നിന്ന് കാൽ കഴച്ച ഒരു പ്രതിമ. അത് ചെറുതായി ചലനം കൊണ്ടു.

പിടിച്ചിറങ്ങാൻ കൈത്താങ്ങ് ആവശ്യപ്പെടുകയാണെന്നു തോന്നി. മറ്റൊന്നും ചിന്തിക്കാതെ നീട്ടിക്കൊടുത്ത കൈ ഏണി മാതിരി അത് ഉപയോഗയോഗ്യമാക്കി. ശിരസ്സു മുതൽ പാദം വരെ അടിഞ്ഞുകൂടിയ പൊടി തട്ടിപ്പറപ്പിക്കുന്നതിനിടെ പ്രതിമയുടെ ഒരു കാലിലെ ചെരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടു. ആരോ ഊരിയെടുത്ത് വലിച്ചെറിഞ്ഞിരിക്കാം. കണ്ണടയുടെ വട്ടങ്ങളിലൊന്ന് അടർന്ന് തൂങ്ങിക്കിടക്കുന്നു. അക്രമികളുടെ കല്ലേറിൽ പറ്റിയതാവും. വീണുകിടന്ന നീണ്ട വടിയുടെ അറ്റം കൈയിൽപിടിച്ച് പ്രതിമ പിന്തുടർന്നു.

പൊട്ടിയുംപൊളിഞ്ഞും കിടക്കുകയായിരുന്നു പാത. അതിന്റെ ഓരം ചേർന്ന് നടന്നു. മിണ്ടിയും മിണ്ടാതെയും അനുഗാമിയും. കെട്ടിട സമുച്ചയത്തിന്റെ കൂറ്റൻ പ്രവേശന കവാടം കടന്നു. പടികൾ ചവിട്ടിത്താണ്ടി ആപ്പീസിന്റെ മുന്നിലെത്തി. കറൻസി നോട്ട് വിളയിക്കുന്ന കർഷകനാണെന്നു പറഞ്ഞപ്പോൾ പാറാവുകാരൻ അഭിവാദ്യം ചെയ്ത് ഉള്ളിലേക്ക് കടത്തിവിടാനൊരുങ്ങി. അവജ്ഞയോടെ മുഖം വക്രിപ്പിച്ചുകൊണ്ട് പാറാവുകാരൻ തന്റെ പരുക്കനായ കരങ്ങളാൽ അനുഗാമിയെ ഒരു ഭാഗത്തേക്ക് ഊക്കോടെ പിടിച്ചുതള്ളി.

മൃഷ്ടാന്നം കഴിഞ്ഞ് ആപ്പീസിലെ സുഖശീതളിമയിൽ മയങ്ങുകയായിരുന്നു ആപ്പീസർ. മുരടനക്കി ഉണർത്തിയിട്ട് ഹസ്തദാനത്തിനായി കൈ നീട്ടിക്കൊടുത്തു. (അതിനുമുന്നേ കൈതന്നു). ചുളിവുകൾ ആക്രമിച്ചു തുടങ്ങിയ മുഖത്തെ കണ്ണടക്കുള്ളിൽ ദുരയുടെ നരച്ച രണ്ട് നക്ഷത്രങ്ങൾ. നിറചാക്ക് മേശക്കടിയിലൂടെ തള്ളിക്കൊടുത്തു. ചാക്കുകൾ കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന ലിഖിതം ആപ്പീസിനു വെളിയിൽ തൂക്കിയിട്ടിരുന്നുവെങ്കിലും കാര്യസാധ്യത്തിന് അവ ഒഴിവാക്കാനാവുമായിരുന്നില്ല.

ആപ്പീസറുടെ ഇരിപ്പിടത്തിനടുത്തായിരുന്നു ഷെൽഫിന്റെ സ്ഥാനം. ചാക്കുകെട്ട് കണ്ടപ്പോൾ ഷെൽഫിന്റെ പാളികൾ താനേ തുറക്കുകയും ഒരു ഫയൽ അതിൽ നിന്ന് വെളിയിലേക്കിറങ്ങി വരുകയും ചെയ്തു. എവിടെനിന്നോ ഒരു പേന ഇപ്പോൾ ആപ്പീസറുടെ കൈവിരലുകൾക്കിടയിലേക്ക് ഇഴഞ്ഞുകയറി.

ആപ്പീസർ ഒപ്പിട്ടു. ഫയൽ ഡെസ്പാച്ച് വിഭാഗത്തിലേക്ക് പറന്നുപോയി. ഒരു സഞ്ചി ഡെസ്പാച്ച് ക്ലർക്കിനടുത്തേക്ക് നടന്നുനീങ്ങി. ഇനി വെച്ചുതാമസിപ്പിക്കില്ലെന്ന് മേശക്കപ്പുറത്തുനിന്ന് ശബ്ദവും വാക്കുമില്ലാതെ ഉറപ്പു തന്നനുഗ്രഹിച്ച് ക്ലർക്ക് കൈ താഴ്ത്തി.

ഇനിയങ്ങോട്ട് കഥയുടെ വിശ്വാസയോഗ്യത പൂർണമായും നഷ്ടപ്പെടുന്നതായി തോന്നും. പാതിയെഴുതി നിർത്തുന്ന ശീലമില്ലാത്തതിനാൽ തുടരുന്നു.

ശേഷിച്ച ചുമട് കെട്ടഴിച്ച് കുടഞ്ഞിട്ടപ്പോൾ നോട്ടുകളിൽ മാറിവന്നിരിക്കുന്ന മുഖചിഹ്നം കണ്ട് ഞെട്ടിപ്പോയി. തൂക്കം നോക്കി കടയുടമ വിലയിട്ടു. ലക്ഷങ്ങളുടെ നോട്ടുകൾക്ക് കേവലം ആയിരങ്ങളുടെ വില.

കടക്കാരൻ പലവ്യഞ്ജനത്തിന്റെ കുറിപ്പടി വാങ്ങി. സാധനങ്ങൾ കൊച്ചു പൊതിയാക്കി കൈവെള്ളയിലേക്ക് ​െവച്ചുതന്നു. പൊതി കീശയിൽ തിരുകി.

പെട്ടെന്നാണ് പ്രതിമയെക്കുറിച്ചോർമയുണ്ടായത്. എവിടെ​െവച്ചാണ് കാണാതായതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും അതോർമ വന്നില്ല. നോട്ടം പോയത് പ്രതിമയുടെ നില്പിടത്തേക്കാണ്. പീഠത്തിൽ ഒരു പ്രതിമ നിൽക്കുന്നു: ആകൃതി മാറിയ കണ്ണട. താടിയുണ്ട്. അത് ഭംഗിയായി വെട്ടിയൊതുക്കിയിരിക്കുന്നു.

ഭക്തജനം കൂടിനിന്ന് പ്രതിമക്ക് ഉച്ചത്തിൽ ജയ് വിളിക്കുന്നു. പീഠത്തിനുതാഴെ കൊത്തിപ്പെറുക്കുകയായിരുന്ന പ്രാവുകൾ ചിറകിട്ടടിച്ച് പൊങ്ങിപ്പറന്നു. ശാന്തിതേടി അവ പറക്കുകയാണ്.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT