ഞങ്ങളുടെ ദേശത്ത്, എന്നുവെച്ചാൽ, ബോധപ്പാറ അംശം ദേശത്ത് കള്ളൻമാരായി വാഴ്ത്തപ്പെട്ട രണ്ട് വിശുദ്ധൻമാരെ ഉള്ളൂ. ബഷീർ കഥാപാത്രങ്ങളായ ആനവാരി രാമൻ നായരെയും പൊൻകുരിശു തോമയെയുംപോലെ ഈ രണ്ടുപേർ കൂട്ടുകെട്ടുള്ളവരായിരുന്നില്ല, എങ്കിലും അവർ വിശുദ്ധൻമാർ തന്നെ ആയിരുന്നു. ഒരു പക്ഷേ ബോധപ്പാറയുടെ ചരിത്രത്തിൽ കള്ളൻമാരായി ഒരുപാട് പേരുണ്ടായിരുന്നിരിക്കാം. അല്ല ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. എന്നാൽ, അവർ കള്ളൻമാരായി അറിയപ്പെടുകയോ അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുകയോ ചെയ്യുന്നവരല്ല.
എന്നാൽ, താന്നി ചോട്ടിൽ ഹുസ്സനും പണ്ടാരക്കൽ വാസുവും കള്ളൻമാരായി ജനിച്ചു കള്ളൻമാരായി ജീവിച്ചു പോരുന്നവരാണ്. അവർക്ക് മോഷണം തൊഴിൽ മാത്രമല്ല, ഒരു വിശുദ്ധ സേവനംകൂടിയാണ്. ഹുസ്സൻ കള്ളുകുടിക്കുമെങ്കിൽ വാസു കഞ്ചാവാണ് വലിക്കുക. ഹുസ്സൻ ആളുകളിൽനിന്നും വീടുകളിൽനിന്നും പണമാണ് മോഷ്ടിക്കുക എങ്കിൽ വാസു അമ്പലത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറക്കുകയും പറമ്പുകളിൽ വിളഞ്ഞു നിൽക്കുന്ന അടക്കയും തേങ്ങയും കുരുമുളകുമൊക്കെയാണ് മോഷ്ടിക്കുക. ഹുസ്സൻ ഒരു അമ്പലത്തിന്റെ ഭണ്ഡാരമോ വാസു ഒരു മസ്ജിദിന്റെ നേർച്ചപ്പെട്ടിയോ ഇന്നിതുവരെ തകർത്തിട്ടില്ല. അവരുടെ മോഷണം ഒരു മോഷണമായി ദേശക്കാരാരും കണ്ടതുമില്ല.
ഹുസ്സനെ ഹുസ്സൻക്കാ എന്നും വാസുവിനെ വാസുവേട്ടാ എന്നും അല്ലാതെ ആരും മറ്റൊരു പേരും നാട്ടുകാർ വിളിക്കാറില്ല. ഞങ്ങൾക്കെല്ലാം അവരോട് ബഹുമാനമാണ്. നാട്ടുകാർക്ക് ശല്യമില്ലാതെ ജീവിക്കാൻ, ആരുടെയും വെറുപ്പ് സമ്പാദിക്കാതെ ജീവിക്കാൻ കള്ളൻമാർ എന്ന പേരിൽ അറിയപ്പെടാൻ അവർക്കേ സാധിച്ചിട്ടുള്ളൂ. ഞങ്ങളുടെ നാടിന്റെ ഇക്കോവ്യൂഹത്തിലെ പ്രധാന കണ്ണിതന്നെയായായിരുന്നു ഈ കള്ളൻമാർ.
കഞ്ചാവിനും ഉത്സവങ്ങളിൽ പോയി ആനമയിൽ ഒട്ടകവും ഉണ്ടയും പടയും കളിക്കാനും സിനിമ കാണാനും അൽപം ഭക്ഷണം കഴിക്കാനും വേണ്ടിയാണ് വാസുവേട്ടൻ മോഷ്ടിച്ചത്. കൂടുതലും അടക്കയാണ് മോഷണം. രാത്രി ദിനേശിൽനിന്ന് സെക്കൻഡ് ഷോ കഴിഞ്ഞ് ബ്രദേഴ്സ് ഹോട്ടലിൽനിന്ന് ഒരു കട്ടൻ ചായയും കുടിച്ച് തോട്ടുവരമ്പിലും പാടവരമ്പിലും നന്നായി വിളഞ്ഞുനിൽക്കുന്ന അടക്കമാത്രം പൊക്കും, അതും കൂടുതൽ കവുങ്ങും പറമ്പും തോട്ടവും പാടങ്ങളുമുള്ളവരുടേത് മാത്രം. അതിന് ന്യായവും ഉണ്ട്.
‘കൂടുതൽ ഉള്ളവനിൽനിന്നും രണ്ടോ മൂന്നൊ കൊല അടക്കയോ ഇത്തിരി കുരുമുളകോ ഒരു വാഴക്കുലയോ എടുത്തെന്ന് കരുതി അവന് നഷ്ടമൊന്നും വരില്ല. ഉണ്ടായാലും കാര്യമാക്കില്ല, മോഷണത്തിന്റെ ഒരു ധാർമിക ശാസ്ത്രമുണ്ട്. ചോര ശാസ്ത്രത്തിൽ നിന്നുമാത്രം പഠിക്കാനാവില്ല. അതിന് മാനിെഫസ്റ്റോകൂടി പഠിക്കണം. ബഹുരാഷ്ട്ര മുതലാളിത്തത്തെ അറിയണം’ –വാസുവേട്ടൻ ഒരിക്കൽ പറഞ്ഞു.
വാസുവേട്ടൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. എന്നാൽ, കൊടി പിടിക്കാനോ ജാഥ നടത്തി അവകാശങ്ങൾ നേടിയെടുക്കാനോ അദ്ദേഹം പോയില്ല. എങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുന്നവർ ഒരു പൊതി കഞ്ചാവിനുള്ള പണം കൊടുത്തും ലോഹ്യം പറഞ്ഞ് വാസുവേട്ടനെ സ്നേഹം പ്രകടിപ്പിച്ച് ശ്വാസം മുട്ടിച്ചു. കുണ്ടിൽ ഗോപാലൻ ഒറ്റ വോട്ടിന് മെമ്പറായത് വാസുവിന്റെ വോട്ടിനാലാണെന്ന് വാസുവേട്ടൻ ഇന്നും പറയും.
താന്നി ചോട്ടിൽ ഹുസ്സന് രാഷ്ട്രീയമില്ല. രാത്രി മോഷണമില്ല പകൽമാത്രം. സാധനങ്ങൾ ഒന്നും വേണ്ട. സ്വർണംപോലും വീണ് കിടക്കുന്നത് കണ്ടാലും എടുക്കില്ല. പണം, അതു മാത്രം മതി. ആളൊഴിഞ്ഞ വീട്ടിൽനിന്നോ തിരക്കുകൂടിയ സ്ഥലത്തുനിന്നോ പോക്കറ്റടിക്കുകയാണ് പതിവ്. അന്നന്നേക്ക് കള്ള് കുടിക്കാനുള്ള പത്തോ അമ്പതോ രൂപ. ഒന്നും കിട്ടിയില്ല എങ്കിൽ കടം പറയും. തിരിച്ച് കൊടുക്കും.
ഹുസ്സൻക്കാ ഒരു പെണ്ണ് കെട്ടിയിരുന്നു. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പേ അടുത്ത വീട്ടിലെ കുട്ടിയുടെ കഴുത്തിലെ സ്വർണമാല കളിക്കിടയിൽ എവിടയോ വീണുപോയി. തന്റെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന കുട്ടിയെ ഒന്ന് താലോലിക്കാൻ ഹുസ്സൻ പിന്നിലൂടെ വന്ന് എടുത്തു അകാശത്തിൽ വട്ടം കറക്കി ഭൂമിയിൽ തന്നെ വെച്ചു. അന്ന് വൈകിട്ടാണ് മാല നഷ്ടപ്പെട്ട വിവരം കുട്ടിയുടെ തള്ള കണ്ടത്. മാല കണ്ടെത്താൻ അവർ തങ്ങളുപ്പാപ്പാന്റെ അടുത്തു ചെന്നു. വീടിനടുത്ത് തന്നെയുണ്ട്. കുട്ടിയോട് തന്നെ ചോദിച്ചാൽ മതി. ആരാ എടുത്തത് എന്ന്. തങ്ങളുപ്പാപ്പ പറഞ്ഞത് പ്രകാരം വീട്ടിലെത്തി തള്ള കുട്ടിയോട് ചോദിച്ചു.
‘മോനെ, ആരാ എടുത്തത്?’
‘ഹുസ്സൻക്കാ, കുട്ടി പറഞ്ഞത് ഹുസ്സൻ തന്നെ എടുത്തു എന്നാ. കേസായി, പൊലീസ് ഹുസ്സനെ കൊണ്ടു പോയി. ഹുസ്സൻ കട്ടിട്ടില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. നാട്ടിൽ തിരിച്ചെത്തിയത് കള്ളൻഹുസ്സൻ ആയിട്ടാണ്. അതോടെ ഉണ്ടായിരുന്ന തൊഴിൽ പോയി, ഭാര്യ പോയി. കള്ളൻഹുസ്സൻ എന്ന പേരു മാത്രമായി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കുട്ടി തന്നെ നഷ്ടപ്പെട്ട സ്വർണമാല എടുത്തുകൊടുത്തു. അത് ഒരു ഒട്ടകമാർക്ക് കാലി തീപ്പെട്ടി കൂട്ടിൽ കുട്ടി ഇട്ടുവെച്ചതായിരുന്നു. നഷ്ടപ്പെട്ട തൊഴിലോ ഭാര്യയോ തിരിച്ചുവന്നില്ല. കള്ളൻ എന്ന പേരും തിരിച്ച് പോയതുമില്ല. അങ്ങനെ കള്ളനായി തന്നെ ഹുസ്സൻ ജീവിക്കാനാരംഭിച്ചു. കുടിയും തുടങ്ങി.
ഈ രണ്ടു കള്ളൻമാരാണ് ബോധപ്പാറയുടെ ആസ്ഥാന കള്ളൻമാരെങ്കിലും സ്വർണം കടത്തുന്ന ഫരീദ് മാപ്ലയും പൊതു പ്രശ്നങ്ങൾക്ക് പിരിവ് എടുത്ത് അത് മുക്കുന്ന വിജയനും കൈക്കൂലി വാങ്ങിയും അഴിമതി നടത്തിയും കോടികൾ സമ്പാദിക്കുന്ന എൻജിനീയർ അപ്പുമാരാരും ആരാെന്റ കീശയിലെ പണത്തിന്റെ ബലത്തിൽ ഖദർഷർട്ട് ധരിച്ച് നടക്കുന്ന ദേശീയ പാർട്ടിക്കാരുമടക്കം ഒരു മാതിരി എല്ലാവരും മാന്യൻമാരായി ജീവിക്കുന്ന നാടാണ്. ഇവരോടൊന്നും ഇല്ലാത്ത ആദരവാണ് വാസുവേട്ടനും ഹുസ്സൻക്കാക്കും ദേശക്കാർ നൽകുന്നത്.
ഒരിക്കൽ ഭണ്ഡാരം കുത്തിത്തുറന്നപ്പോൾ ഒരു സ്വർണാഭരണം കിട്ടി വാസുവേട്ടന്. അതിൽ ഒരു പേര് കൊത്തിവെച്ചിരുന്നു, ദേവു. ദേവു എന്നത് വാസുവേട്ടന്റെ അമ്മയുടെ പേരായിരുന്നു. ആ പേര് അമ്മയുടെ മുലപ്പാലിന്റെ ഇളം ചുട് വാസുവേട്ടനിലേക്കു പകർന്നു. ദിവസങ്ങളോളം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒടുവിൽ അഞ്ച് വയസ്സുള്ള തന്നെ കുട്ട്യേസ്സൻ മാപ്ലയുടെ പീടികത്തിണ്ണയിൽ ഉറക്കിക്കിടത്തിയ ഓർമ വാസുവേട്ടനിൽ വേരുപിടിച്ചു.
പുലർച്ചെ കട തുറക്കാനെത്തിയ കുട്ട്യേസ്സൻമാപ്ലയുടെ മുഖം ഓർമയിലേക്ക് വരുന്നു. തലേന്ന് രാത്രി അച്ഛൻ കള്ളു കുടിച്ച് വന്ന് അമ്മയെ മർദിക്കുന്നതും അമ്മ തന്നെ എടുത്ത് വീടിന് വെളിയിലൂടെ പാടവരമ്പിലൂടെ മണ്ണാത്തി അമ്പലപ്പറമ്പും പിന്നിട്ട് മാപ്ലയുടെ പീടികത്തിണ്ണയിൽ അഭയത്തിനായി വന്നിരിക്കുന്നതും ഓർമയിൽ തെളിഞ്ഞു. പിന്നെ കുറെക്കാലം അമ്മയെ അന്വേഷിച്ചു. മതം മാറി ഇസ്ലാമായെന്ന് ആരൊ ഒരു വാർത്ത നാട്ടിലെത്തിച്ചു. ഏതോ നാട്ടിൽവെച്ച് ആരോ കേട്ട വാർത്ത –മതം മാറിയ കഥയും കൂടെ ആരോ വിവാഹം കഴിച്ച കഥയും ഒരു നേരിയ ഓർമയായി, നോവായി.
തന്നെ അച്ഛൻ വീട്ടിൽനിന്നിറക്കിവിട്ടു. വീട്ടിലേക്ക് ശാന്ത എന്ന സ്ത്രീ കയറി വന്നു. അമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. പിന്നെ വിശപ്പിനോടുള്ള സമരം. വിശപ്പ് സഹിക്കവയ്യാതെ വേലായുധനാശാരിയുടെ പറമ്പിൽ വീണുകിടന്ന തേങ്ങയെടുത്ത് പൊതിച്ചു തിന്നു. അതാണ് ആദ്യ മോഷണം. അത് കണ്ട ആശാരി ചെക്കൻ കള്ളൻ എന്ന് വിളിച്ചു. പതിയെ പതിയെ ആ കള്ളൻ വിളിഒരു അലങ്കാരമായി. വേലായുധൻ ആശാരി ഒന്നും പറഞ്ഞില്ല. വിശന്നിട്ടല്ലേ ചെക്കനെടുത്തത് എന്നായിരുന്നു പ്രതികരണം.
വാസു അങ്ങനെ കള്ളൻ വാസുവായി. താലിമാലയുടെ ലോക്കറ്റിന്റെ മൂടി തുറന്നപ്പോൾ അതിൽ ഒരു പടം ഉണ്ടായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്റെ മുഖം. അത് തന്റെ മുഖമാണെന്ന് വാസു ഉറപ്പിച്ചു.
ഈ പടവുമായിട്ടാണ് വാസുവേട്ടൻ ഹുസ്സനെ പോയി കാണുന്നത്. ഒരു കള്ളന് മറ്റൊരു കള്ളനെ വിശ്വസിക്കാം എന്ന ദാർശനിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ. താലിമാലയുടെ ഉടമ ദേവുവിനെ കണ്ടെത്തണം, അത് അമ്മയാണ് എന്ന് വാസുവേട്ടൻ വിശ്വസിക്കുന്നു. അമ്മയുടെ കഴുത്തിൽ അത്തരം ഒരു താലി ഉള്ളതായി ഒരു ചെറിയ ഓർമ.
‘ഇതെവിടന്നാ കിട്ടിയത്?’ ഹുസ്സൻ ആഭരണം തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു.
‘കൊയിലോത്തമ്പല ഭണ്ഡാരം തുറന്നപ്പോൾ കിട്ടിയതാ’
‘എങ്കിൽ ആ ലോക്കറ്റ് മാത്രം എടുത്ത് ആഭരണം ഭണ്ഡാരത്തിൽ തന്നെ കൊണ്ടിടൂ... അമ്മയെ ദേവി കാണിച്ച് തരും...’ ഹുസ്സൻ ഒരു സൂഫിയെ പോലെ പറഞ്ഞു. വിശുദ്ധ കള്ളൻ തന്നെ...
ഹുസ്സന്റെ നിർദേശപ്രകാരം അന്ന് രാവിൽ കൊയിലോത്തമ്പല നടയിലേക്ക് വാസുവേട്ടൻ നടന്നു. ബോധപ്പാറയിൽനിന്ന് അഞ്ച് മൈൽ ദൂരം ദേവിയെ മനസ്സിൽ ധ്യാനിച്ച് വാസുവേട്ടൻ നടന്നു. നിലാവ് ഒരു പുഞ്ചിരിയായി ചെമ്മൺപാതയിൽ പരന്നു കിടന്നു. നടയിൽ പുതിയ ഭണ്ഡാരം സ്ഥാപിച്ചിരിക്കുന്നു. ‘മഠത്തിൽ ചാത്തുണ്ണി വക’ കൊത്തിവെച്ചിരിക്കുന്നു. ആഭരണം ഭണ്ഡാരത്തിൽ നിക്ഷേപിച്ച് പടി ഇറങ്ങി വാസുവേട്ടൻ തിരിഞ്ഞ് നടന്നു. വാസുവേട്ടന് വിശപ്പും ദാഹവും അനുഭവപ്പെടാൻ തുടങ്ങി. അമ്മയെ കാണാനുള്ള ദാഹവും വിശപ്പും ഒരു വശത്ത് മാറ്റി വെച്ചു. അൽപദൂരം മുന്നോട്ട് പോയപ്പോൾ തനിക്ക് ദാഹത്തിന്റെ കാഠിന്യം കൂടി വരുന്നതായി വാസുവേട്ടന് അനുഭവപ്പെട്ടു. റോഡരികിൽ വെളിച്ചം കണ്ട വീട്ടിലേക്ക് കയറിച്ചെന്നു.
‘അമ്മേ അൽപം വെള്ളം താ...’
അടുക്കളയിൽനിന്ന് ഒരു വളകിലുക്കം. ഉമ്മറത്ത് ജപമാലയുമായി കുനിഞ്ഞിരിക്കുന്ന പ്രായം ചെന്ന സ്ത്രീ. ഉമ്മറത്തിരിക്കുന്ന അവർ പരിചയമുള്ള ശബ്ദത്തിൽ ചോദിച്ചു.
‘വാസുവാണോ?’
തന്നെ പേര് ചൊല്ലി വിളിക്കുന്നത് കേട്ട്
വാസുവേട്ടൻ ഒന്ന് ഞെട്ടിയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് ചോദിച്ചു.
‘നിങ്ങൾക്ക് എന്നെ അറിയോ?’
അതിനുത്തരം പറഞ്ഞത് ഒരു ഗ്ലാസിൽ കഞ്ഞിവെള്ളവുമായി വന്ന യുവതിയാണ്. ഉമ്മ അങ്ങനെയാണ്. ആരെ കണ്ടാലും വാസുവാണോ എന്ന് ചോദിക്കും. ഉമ്മ മതം മാറും മുമ്പ് മറ്റൊരു കല്യാണം കഴിച്ചിരുന്നത്രേ. അതിൽ വാസു എന്ന ഒരു മകനുണ്ടായിരുന്നുവെന്നും അത് ചത്ത് പോയതായും ബാപ്പ പറയാറുണ്ടായിരുന്നു. ഇപ്പം ആ കല്യാണത്തിന്റെ താലി അമ്പല ഭണ്ഡാരത്തിലിട്ട് വാസുവിന് വേണ്ടി കാത്തിരിക്കാ –ഓരോ പിരാന്ത്. അല്ല ങ്ങളെപേര് വാസുന്നാണൊ?’
വാസുവേട്ടന് തന്നെ ആരൊ ജീവനോടെ ആകാശത്തേക്ക് ഉയർത്തുന്നതായി തോന്നി. യുവതി നീട്ടിയ പാത്രം വാങ്ങി അതിലെ ഉപ്പ് ചേർത്ത കഞ്ഞിവെള്ളം വാങ്ങി ഒറ്റവലിക്ക് കുടിച്ച് വാസുവേട്ടൻ യുവതിയുടെ ചോദ്യത്തിനുത്തരമായി പ്രതികരിച്ചു.
‘അല്ല കൃഷ്ൺ എന്നാ. കള്ളൻ കൃഷ്ണൻ എന്ന് പറയും’. അതും പറഞ്ഞ് വാസുവേട്ടൻ തിരിഞ്ഞുനടന്നു, ബോധപ്പാറയിലേക്ക്. വിശുദ്ധനായ കള്ളൻഹുസ്സനെ കാണാൻ... അയാളിൽ അഭയംപ്രാപിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.