എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം: 19ന് ഗീതാഞ്ജലി ശ്രീ മടപ്പള്ളി കോളജി​ൽ

മടപ്പളളി കോളേജ് സ്ഥാപിക്കാൻ നേതൃത്വം കൊടുത്ത എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണത്തിനു ഇന്റർനാഷണൽ ബുക്കർ അവാർഡ് ജേത്രിയായ ഗീതാഞ്ജലി ശ്രീ എത്തുന്നു. ഡിസംബർ 19 ന് രാവിലെ 10നു കോളജ് ഓഡിറ്റോറിയത്തിലാണ് സ്മാരക പ്രഭാഷണം. എഴുത്തുകാരിയുടെ കടമകൾ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണം. ഹിന്ദി ഭാഷയിൽ നോവലുകളും ചെറുകഥകളും രചിക്കുന്ന അവരുടെ ടോമ്പ് ഓഫ് സാൻഡ്‌സ് അഥവാ രേത് സമാധി എന്ന നോവലിനാണ് 2022 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചത്. ഗീതാഞ്ജലി ശ്രീയുടെ കേരളത്തിലെ ആദ്യത്തെ പരിപാടിയാണ് മടപ്പള്ളി കോളജിൽ നടക്കുന്നത്.

എല്ലാ വർഷവും എം.ആർ. സ്മാരക പ്രഭാഷണത്തിന്റെ ഭാഗമായി കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രമുഖരെ അണിനിരത്തി പ്രഭാഷണ പരമ്പര നടത്താനാണ് കോളജിന്റെ തീരുമാനം. ഈ പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം മുൻ എം.എൽ.എ സി.കെ നാണു നിർവഹിക്കും. കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തീരുമാനിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണമാണിപ്പോൾ നടക്കുന്നത്.

1958 ലാണ് കോളേജ് ആരംഭിക്കുന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്നു എം ആർ നാരായണ കുറുപ്പാണ് കോളജ് സ്ഥാപിക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സ്വാതന്ത്ര്യ സമര സേനാനി കൂടി ആയിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ഒഞ്ചിയം പ്രദേശത്തിന്റെ പൊതുവായ വികസനത്തിന് തുടക്കം കുറിച്ചത്. വടക്കെ മലബാറിൽ ഉന്നതവിദ്യാഭ്യാസം നിർവഹിക്കാൻ ബ്രണ്ണൻ കോളേജ് മാത്രമുണ്ടായിരുന്ന അന്നത്തെ കാലത്ത് മിക്കവാറും കുട്ടികൾ എസ്.എസ്.എൽ. സി യോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പൊതുവെ ദരിദ്ര ജനവിഭാഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശത്തുള്ളവർക്ക് വൻ തുക ചെലവഴിച്ച് മറ്റിടങ്ങളിൽ പോയി ഉന്നതപഠനം നിർവഹിക്കാൻ കഴിയുന്ന സാഹചര്യം അന്നുണ്ടായിരുന്നില്ല. ഇതുകണക്കിലെടുത്താണ് കുന്നുമ്മക്കര പഞ്ചായത്ത് ബോർഡ് മടപ്പള്ളി ഹൈസ്‌കൂളിനെ കോളജാക്കി ഉയർത്തണമെന്ന പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് 1956 ഡിസംബർ എട്ടിന് അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.കെ. ശങ്കരവർമ്മ രാജയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന 48 അംഗ കമ്മിറ്റി രൂപവൽക്കരിക്കുന്നത്. തുടർന്ന് സർക്കാരിൽ നടത്തിയ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായാണ് കോളജ് യാഥാർഥ്യമായത്.

അക്കാദമികവും അക്കാദമികേതര രംഗങ്ങളിലും മികവ് പുലർത്തുന്ന കോളജ്, നാകിന്റെ എ ഗ്രേഡ് നേടിയിരിക്കുകയാണ്. പത്ത് ബിരുദ കോഴ്‌സുകളും എട്ട് ബിരുദാന്തര ബിരുദ കോഴ്‌സുകളും ഉള്ള കോളേജിലെ നാല് വകുപ്പുകളെ കോഴിക്കോട് സർവകലാശാല ഗവേഷണ കേന്ദ്രങ്ങളായി ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നായി 1800 ലേറെ കുട്ടികൾ കോളജിൽ പഠിക്കുന്നുണ്ട്.

Tags:    
News Summary - M.R. Narayana Kurup Memorial Lecture: 19 at Geetanjali Shree Madapalli College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT