ഉരുളകൾക്കൊപ്പം കഥകൾ വാരിക്കൊടുത്ത് ഉമൈബ ടീച്ചർ

വാണിമേൽ: ഉരുളകൾക്കൊപ്പം കഥകൾ വാരിക്കൊടുത്ത് മകൾക്ക് സർഗപോഷണവും നൽകിയ മാതാവിന്റെ കരുതൽ തിങ്കളാഴ്ച വാണിമേൽ ക്രസന്‍റ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി കൗൺസിൽ വേദിയിൽ ശ്രദ്ധ നേടി. നാദാപുരം ഉപജില്ല കലോത്സവത്തിൽ മലയാളം കഥ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസുകാരി നിദ നസ്റിന്റെ "മാലിന്യം" പ്രകാശനമായിരുന്നു വേദി.

കഥകൾ പറഞ്ഞു കൊടുത്തു കൊണ്ടാണ് നിദയെ അവളുടെ മാതാവ് വാണിമേൽ എം.യു.പി സ്കൂൾ അധ്യാപിക ഉമൈബ ആഹാരം കഴിപ്പിക്കാറുള്ളതെന്ന് കുട്ടിയുടെ പിതാവ് വാണിമേൽ ഇസ് ലാഹി മസ്ജിദ് ഖത്തീബ് ടി.എം. അബ്ദുന്നാസർ മൗലവി പറഞ്ഞു. ഉമ്മ വാരിക്കൊടുത്ത ആ കഥകൾ പകർന്ന പോഷണമാണ് തങ്ങളുടെ മനസ്സിൽ ആവേശം പകരുന്ന ഈ ചടങ്ങ്.

പെരിന്തൽമണ്ണയിലെ പുസ്തകോത്സവത്തിൽ നിന്ന് സ്വന്തമാക്കിയ പി. കേശവദേവിന്റെ "ഓടയിൽ നിന്ന്" പുസ്തകം ഒറ്റയിരിപ്പിന് വായിച്ചു തീർത്തപ്പോൾ നിദ മൂന്നാം ക്ലാസിലായിരുന്നു എന്ന് മലപ്പുറം ജില്ലക്കാരിയായ ഉമൈബ പറഞ്ഞു. പല മേളകളിൽ നിന്ന് സ്വന്തമാക്കിയ പുസ്തകങ്ങളിലൂടെ വായന ക്രസന്റ് ലൈബ്രറി തുറന്നിട്ട സർഗ വാതായനങ്ങളിലൂടെ മുന്നോട്ട് പോവുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

എം.കെ.എം. അഷ്റഫിന് നൽകി സൂപ്പി വാണിമേൽ പ്രകാശനം നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ. മൊയ്തു, എം.കെ. അഷ്റഫ്, പി. ഷൗക്കത്തലി, അസ്‌ലം കളത്തിൽ, ലൈല ടീച്ചർ, ഫൈസൽ വാണിമേൽ, ടി.കെ. അനീഷത്ത്, നിദ നസ്റിൻ എന്നിവർ പ്രസംഗിച്ചു. റഷീദ് കോടിയൂറ സ്വാഗതവും അഷ്റഫ് കൊറ്റാല നന്ദിയും പറഞ്ഞു.

Tags:    
News Summary - Nida Nasar's book "Malinyam" released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT