ഫലസ്തീൻ കവി നൂർ മുവയ്യ് എഴുതിയ കവിത; മൊഴിമാറ്റം: അൻവർ വാണിയമ്പലം
ബോംബുമഴയുടെ
ഇടവേളയിൽ
കാനാനിലെ
തകർന്ന തെരുവിലാണ്
മറിയം
യേശുവിനെ വീണ്ടും കണ്ടത്
അതേ മുഖശ്രീ
തെളിച്ചം
ജ്വാല
ദർശനങ്ങൾ അതിരിട്ട
കൺ തിളക്കം
ഇതെന്റെ പുത്രൻ തന്നെ
മുഷിഞ്ഞ വസ്ത്രം,
വിശപ്പ്, അലച്ചിൽ, നിരാശ
നിതാന്ത മർദ്ദനങ്ങൾ...
അവശനായിരിക്കുന്നു
നീ
നിഴലായെന്നെയിങ്ങനെ
അനുധാവനം ചെയ്യരുത്.
ഞാൻ
നിന്റെ പുത്രൻ യേശുവല്ല,
അധിനിവേശക്കാലത്തെ
ശഹീദാണ്.
പിറന്ന നാട്ടിൽ നിന്നും
ഇറങ്ങിയോടാൻ
മനസ്സില്ലെന്നു പറഞ്ഞതിന്
അവർ
വെടിവെച്ചിട്ടതാണ്.
സ്വന്തം കിടക്കയും വിരിയും
ഞാൻ നട്ട തെച്ചിയും മുല്ലയും
എന്നോടൊപ്പം വളർന്ന
അത്തിമരങ്ങളും
വീടെന്ന സ്വർഗം തന്നെയും
ഇച്ചിരി മുറ്റവും തൊടിയും തെന്നലും...
എല്ലാമെല്ലാം
കടലു കടന്നു വന്ന
വാഗ്ദത്ത മുശ്കിന്
കൈയൊഴിഞ്ഞു കൊടുക്കാഞ്ഞതിനാൽ
ബോംബെറിഞ്ഞു വീഴ്ത്തിയതാണ്.
മറിയം
ശിരസ്സ് താഴ്ന്ന് ,
ഒടിഞ്ഞ ഒലിവുമരത്തിന്റെ
ചില്ലയിൽ നിന്നും
ചോര പൊടിയുന്നതു കണ്ട്
കണ്ണു നനയിച്ച്
അങ്ങിനെയങ്ങിനെ...
ചുണ്ടിൽ
സമാധാനത്തിന്റെ ചില്ലയുമായി
കാലം താണ്ടിയെത്തിയ
വെള്ളപ്പക്ഷി
ചിറകു കുടഞ്ഞ്
ചക്രവാള കാളിമയിൽ
ചിതയൊടുങ്ങി
അന്ന്
കാലം
ഉരുണ്ടിരുണ്ട്
രാവെന്നും പകലെന്നുമില്ലാതെ
അന്നേരം
ആകാശം മലർക്കെ പിളരുകയും
അനീതിനാടിന്റെ അതിരുകളിൽ
ഇരുമ്പു മതിൽ ഉയരുകയും
അകംനാടു മുഴുവൻ
അതിൻ
അടങ്ങാത്ത ഗർവടങ്കലും,
വിശ്വം നടുങ്ങും ഹുങ്കാരമോടെ
ഭൂമി വിഴുങ്ങുകയും ...
സൂര്യൻ ജ്വലിക്കുകയും
ചന്ദ്രൻ തിളങ്ങുകയും
നക്ഷത്രങ്ങൾ
ആശ്വാസച്ചിരി പൊഴിക്കയും ...
പൊടിയടങ്ങിയപ്പോൾ ,
ഏഴാം നാൾ
മഴ തോർന്നപ്പോൾ ,
പ്രകമ്പനത്തിന്റെ
അലയടങ്ങിയപ്പോൾ ,
പുൽനാമ്പുകൾ വീണ്ടും
തളിർത്തു തുടങ്ങിയപ്പോൾ
കണ്ടു
ബെത്ലഹേമിനുമുകളിൽ
പാതിരാ നക്ഷത്രം
അഖ്സയിൽ
പ്രവാചകൻമാരും
അവരുടെ നേതാവും
ചക്രവാളങ്ങളിൽ
അന്തിമ നീതിയുടെ
വെള്ളിവെളിച്ചം ... അവസാനത്തെ ചിരി
ശഹീദിന്റേതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.