കവിത വിവാദം: ഒടുവിൽ വി.കെ. ശ്രീരാമൻ മാപ്പ് പറഞ്ഞു

മന്ദാക്രാന്ത സെന്നി​െൻറ കവിതയുടെ വിവർത്തനവുമായി ബന്ധപ്പെട്ട് കവി ടി.പി. വിനോദും വി.കെ. ശ്രീരാമനും തമ്മിലുണ്ടായ തർക്കത്തിന് ഒടുവിൽ വിരാമം. വി.കെ. ശ്രീരാമൻ ത​​െൻറ ​വീഴ്ച ഏറ്റുപറഞ്ഞ് ​കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മന്ദാക്രാന്ത സെന്നി​െൻറ കവിതക്ക് ടി.പി. വിനോദ് തയ്യാറാക്കിയ ‘നിനക്ക് നീന്താനറിയുമോ’ എന്ന വിവർത്തനമാണ് വി.കെ. ശ്രീരാമൻ ത​െൻറതെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇതിൽ തനിക്കുണ്ടായ പ്രയാസം വിനോദ് അറിയിച്ചപ്പോൾ, ക്ഷമചോദിച്ച വി.കെ. ശ്രീരാമൻ പിന്നീട് ആ കവിത പിൻവലിച്ചെങ്കിലും വിനോദിനെ പരിഹസിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുകയായിരുന്നു. ഇതിനിടെ ഇരുവരെയും അനുകൂലിച്ചു​ം പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി.

വി.കെ. ശ്രീരാമ​െൻറ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ടി.പി.വിനോദ് ,

മന്ദാക്രാന്ത സെന്നിൻ്റ കവിതയ്ക്ക് താങ്കളുടെ വിവർത്തനം 'നിനക്ക് നീന്താനറിയുമോ' എന്നത് ചില മാറ്റങ്ങളോടെ ഞാൻ എൻ്റെ വാളിൽ പതിക്കുകയും അതിൻ്റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ. എൻ്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നു മെഴുതുന്നില്ല. അപരാധമാണത്. അതിൽ എൻ്റെ ഖേദം ഞാൻ താങ്കളെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതും ആണ്. താങ്കൾ അത് സ്വീകരിച്ചതായായി താങ്കളുടെ പോസ്റ്റിനു താഴെ എഴുതി.

തുടർന്ന് അത് (മാറ്റങ്ങൾ വരുത്തിയത്) ഞാൻ delete ചെയ്യുകയും ചെയ്തു. ഒരു പ്രോഗ്രാമിൻ്റെ സംഘാടനത്തിരക്കിലായ കാരണം ഇതിനൊക്കെ ചിലപ്പോൾ അല്പം താമസം നേരിട്ടുവെന്നതും നേരാണ്. പിന്നെ മാൾട്ടിയെക്കൊണ്ട് അതേപ്പറ്റി പറയിച്ചു എന്നത് താങ്കളെ വീണ്ടും ക്ഷുഭിതനാക്കി.

ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട് . വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു 'നായ ' അല്ല. റഫീക്ക് അഹമ്മദ് എന്ന ഒരു കവിയോടും മാൾട്ടി സംസാരിച്ചിട്ടുണ്ട്. എന്തായാലും ഞാൻ പറഞ്ഞു നീട്ടുന്നില്ല. ഒരിക്കൽ കൂടി പറയുന്നു. മന്ദാക്രാന്തസെന്നിൻ്റെ കവിതയുടെ നിനക്കു നീന്താനറിയാമോ എന്ന അങ്ങയുടെ വിവർത്തനം മാറ്റങ്ങളോടെ TP വിനോദ് എന്ന അങ്ങയുടെ പേരു വെക്കാതെ എൻ്റെ fb വാളിൽ പതിച്ചത് തെറ്റായിപ്പോയി. ഞാൻ അതിൽ നിർവ്യാജം ഖേദിക്കുന്നു. കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്കു മന: പ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നു.

please forget and forgive 🙏🏻

സ്നേഹത്തോടെ വി.കെ.ശ്രീരാമൻ

5. മാർച്ച് . 2024 കുംഭം 21 മൂലം

ടി.പി. വിനോദി​െൻറ പ്രതികരണം

പ്രിയപ്പെട്ട വി. കെ ശ്രീരാമൻ,

ഈ പോസ്റ്റിന് വളരെ നന്ദി. കാര്യങ്ങളെ തുറന്ന മനസ്സോടെ നോക്കി ഈ കൺക്ലൂഷനിൽ എത്തിയതിൽ വലിയ ആശ്വാസം. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അനുപാതങ്ങളിലേക്ക് ഈ പ്രശ്നം വളരുന്നത് കണ്ടിട്ട് വലിയ പ്രയാസമുണ്ടായിരുന്നു.

മനുഷ്യർ തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ മനുഷ്യർക്ക് തന്നെ സാധിക്കും എന്നതാണ് മനുഷ്യന്റെ സാമൂഹികതയുടെ അടിസ്ഥാനങ്ങളിലൊന്ന് എന്ന് പറയാറുണ്ടല്ലോ. ഞാൻ എപ്പോഴും അതിൽ വിശ്വസിക്കുന്നു. താങ്കളുടെ പോസ്റ്റ് ഇതിന് അടിവരയിടുന്നതായി.

നേരിട്ട് സംസാരിച്ചപ്പോൾ സൂചിപ്പിച്ചിരുന്നതുപോലെ താങ്കൾ ക്ഷമാപണം നടത്തണം എന്നതായിരുന്നില്ല എന്റെ പരാതിയുടെ ആവശ്യവും ലക്ഷ്യവും. വിവർത്തനത്തിന്റെ പോസ്റ്റിൽ താങ്കൾ ഒരു തിരുത്ത് ചേർക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. നിർഭാഗ്യവശാൽ കാര്യങ്ങൾ അവിടെ നിന്ന് അവിചാരിതമായ തലങ്ങളിലേക്ക് പോയി വഷളാകുകയായിരുന്നു. ഒരുപക്ഷേ, താങ്കളുടെ രീതികളോടും പ്രകൃതത്തോടുമുള്ള എന്റെ അപരിചിതത്വമായിരിക്കണം ഇതിന് ഒരു കാരണം. അത് താങ്കൾ മനസ്സിലാക്കുമെന്ന് കരുതുന്നു. എന്റെ പോസ്റ്റുകളിൽ അപമര്യാദയായി ഒന്നും എഴുതിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം. അങ്ങനെയല്ല എന്ന് താങ്കൾക്ക് തോന്നിയെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുന്നു.

ക്ഷേമാശംസകളോടെ, സസ്നേഹം ടി. പി. വിനോദ്

Tags:    
News Summary - Poetry Controversy Finally vk sreeraman apologized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT