കൊല്ലം: തോട്ടി ചത്താൽ ആർക്കാ ദണ്ണം, അത് കത്തിക്കാനോ കുഴിച്ചിടാനോ ആകൂല. പുഴുവരിച്ച് ചീഞ്ഞുനാറണം... അടിച്ചമർത്തപ്പെട്ട് ചത്ത് ജീവിക്കുന്നവരുടെ കഥ പറയുന്ന കണ്ണൂർ കതിരൂർ ജി.വി.എച്ച്.എസ്.എസിന്റെ ‘ചൊരുക്ക്’ കലോത്സവത്തിന്റെ എച്ച്.എസ്.എസ് വിഭാഗം നാടകം അരങ്ങിൽ ശ്രദ്ധേയമായി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ തോട്ടിയെന്ന കവിതയുടെ കേന്ദ്രാശയം ചേർത്തുവെച്ചാണ് നാടകമൊരുക്കിയത്. അടിച്ചമർത്തപ്പെടുന്നവരുടെ രാഷ്ട്രീയം തോട്ടികളുടെ ജീവിതത്തിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു. സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നും ആട്ടിയോടിക്കപ്പെടുന്ന, അടിച്ചമർത്തപ്പെട്ട കീഴാളന്റെ സംഘബോധ രാഷ്ട്രീയം കൂടിയാണീ നാടകം. ‘അടിച്ചമർത്തപ്പെടുന്നതിന്റെ വേദന ചത്തുപോകുന്നത് പോലെയാണ്’ എന്ന് പറയുന്നിടത്ത് നാടകം അതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയവും ചൊരുക്ക് ചർച്ചചെയ്യുന്നുണ്ട്. ‘തീട്ട പറമ്പിൽ ജനിച്ചവരാന്നും, തോട്ടികളായി ജനിച്ചവരല്ല ജനിക്കും മുമ്പേ തോട്ടികളാകാൻ വിധിക്കപ്പെട്ടവരാണ്’ എന്ന സംഭാഷണം സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ അടയാളപ്പെടുത്തുന്നു.
അടിച്ചമർത്തിയാലും ചവിട്ടിത്താഴ്ത്തിയാലും അവർക്കും ഇവിടെ ജീവിക്കണം അത് അവരുടെ അവകാശമാണ് എന്ന കരുത്തുറ്റ വാക്ക് പറയുന്നിടത്താണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സംവിധായകനായ ഷഹർബിൻ കൂത്തുപറമ്പ് എന്ന 20കാരന്റെ അതിരുകളില്ലാത്ത ഭ്രാന്തമായ നാടക മോഹമാണ് പത്ത് പ്ലസ് വൺ വിദ്യാർഥികളെ ഒരു കുടക്കീഴിലേക്കെത്തിച്ചത്. പിന്നീട്, നിപുൺ പായവും അഭിഷേകും ശിവകാമി തിരുമനയും ആകാശും കൂടി ചേർന്നപ്പോൾ പുതിയ തലമുറ നാടകത്തെ കൈവിടില്ല എന്ന മുദ്രാവാക്യം അനശ്വരമായി. അഭിഷേകിന്റെ വ്യക്തമായ ഓരോ ഫ്രെയിമുകളും ശിവകാമിയുടെ അഭിനയ ചാതുര്യവും ആകാശിന്റെ രംഗ ശബ്ദവും നാടകത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചു.
ചൊരുക്കിന്റെ ജീവൻ അതിന്റെ രംഗ സജ്ജീകരണങ്ങളാണ്. നല്ലൊരു കലാകാരന് ഏതു വസ്തുവിലും കലാവിസ്മയങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഷൈജു കെ. മാലൂർ. പാടത്തെ ചളികൊണ്ട് മനോഹരമായ രംഗപടമാണ് ചൊരുക്കിലെ സെപ്റ്റിക് ടാങ്കുകൾക്ക് അദ്ദേഹം നൽകിയത്.
ഷൈജു കെ. മാലൂരിന്റെ കൂടെ രൂപേഷ് ചിത്രകല എന്ന പ്രതിഭ കൂടി ചേർന്നപ്പോൾ സെറ്റ് മികച്ച സെറ്റായി. യദുകൃഷ്ണൻ പാട്യം ആയിരുന്നു മാനേജർ. സ്കൂൾ പ്രിൻസിപ്പൽ പ്രകാശൻ, ബി.എഡ് ട്രെയിനിങ് അധ്യാപിക അനുശ്രി എന്നിവരും നാടക സംഘത്തിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.