പ്രവാസത്തിന്റെ ജാലകത്തിലൂടെ അവൾ പുറത്തേക്കു നോക്കി. നേരെ കാണുന്നത് കരകാണാക്കടലാണ്. ഇപ്പോൾ സമയം തൃസന്ധ്യ. അസ്തമയ സൂര്യൻ കടലിന്റെ മടിത്തട്ടിലേക്ക് പതിയെ പതിയെ ലയിച്ചുചേരുകയാണ്. ചെമ്മാനമാകെ ചുവന്നുതുടുത്തു മനോഹരമായിരിക്കുന്നു... കടൽക്കാക്കകൾ വട്ടമിട്ടു പറക്കുന്നുണ്ട്.
ചരക്കിറക്കാൻ ഊഴമിട്ടുനിൽക്കുന്ന ബോട്ടുകളും കപ്പലുകളും കടലിന് അതിർവരമ്പുകൾ സൃഷ്ടിക്കും പോലെ ഒന്നിനു പുറകെ ഒന്നായി കണ്ണെത്താ ദൂരത്തോളം നിൽക്കുന്നു. തണുത്ത ഇളംതെന്നൽ മുടിയിഴകളെ തഴുകി പോകുന്നുണ്ട്. അനുസരണയില്ലാതെ മുഖത്തേക്ക് മുടിയിഴകൾ വീഴുന്നുണ്ടായിരുന്നു. അവൾ അവളുടെ ബാല്യകാലത്തെ കുറിച്ച് ഓർത്തു.
ആ ദാരിദ്ര്യകാലത്തെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന കനലുകൾ ഇന്നും ഉള്ളിൽ അണയാതെ കിടക്കുന്നു. അരവയറുമായി നടന്ന പകലുകൾ, പശി സഹിക്കാതെ ഉറക്കം നഷ്ടപ്പെട്ട രാവുകൾ... ചാണകം മെഴുകിയ ഉമ്മറത്തിരുന്നു കാറ്റത്ത് അണയാതെ ചിമ്മിനിവിളക്കിന്റെ നാളത്തെ കൈകൊണ്ട് മറച്ചുപിടിച്ചു പഠിച്ചതും... പാതിയുറക്കത്തിൽ മിന്നൽ പിളർപ്പിന്റെ വെളിച്ചം ഓലമേഞ്ഞ മേൽക്കൂരയുടെ ഉള്ളിലൂടെ കണ്ണിലേക്കും തുടർന്നുണ്ടാവുന്ന മഴയിൽ ചോർന്നൊലിച്ചു മുഖത്തേക്ക് വീഴുന്ന നനവ് തുടച്ചുമാറ്റി തഴപ്പായയും ചുരുട്ടി ചോരാത്ത മൂല നോക്കി പായ വെച്ച് ചോരുന്നിടത്തെല്ലാം മൺപാത്രങ്ങൾ വെച്ച് വീണ്ടും മൂലയിലെ പായയുടെ പുറത്തിരുന്ന് ഉറക്കം തൂങ്ങിയതും... ഇടിവെട്ടിയാൽ അമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു കണ്ണും ഇറുക്കിയടച്ച് നാമം ജപിച്ചതും... ചില രാത്രികളുടെ യാമങ്ങളിൽ ആൺതുണ ഇല്ലാത്ത വീടുകളുടെ ശാപമായ, പുറത്തുനിന്നു കേൾക്കുന്ന അപശബ്ദങ്ങളെ ഭയന്ന് തള്ളക്കോഴി കുഞ്ഞുങ്ങളെ കാക്കക്കും കഴുകനും കൊടുക്കാതെ ചിറകിനടിയിൽ ഒളിപ്പിക്കുംപോലെ അമ്മ അവളെയും അനിയത്തിയെയും ചേർത്തുപിടിച്ചു വിതുമ്പുന്നതും... മാതാവിന്റെ തോളിലെ ഭാരമറിഞ്ഞു കഴുത്തുറക്കാത്ത പ്രായത്തിൽ തലയിൽച്ചുമട് എടുത്തവൾ... അനുജത്തിയുടെ കിങ്ങിണിക്കോഴി ഇടുന്ന മുട്ട അവളറിയാതെ വിറ്റ് വീട്ടിലെ അത്യാവശ്യ ചെലവുകൾ നോക്കിയിരുന്നു.
ഒടുവിൽ അവസാന മുട്ട തന്റെ കോഴി ഇട്ടതാണെന്നു പറഞ്ഞ് ഒരു മുട്ട അടവെച്ചു കോഴി പാരമ്പര്യം നിലനിർത്തിയതുമെല്ലാം... അങ്ങിനെ എത്രനേരമവിടെ നിന്നെന്നറിയില്ല. അറിയാതെ കണ്ണുനിറഞ്ഞിരുന്നു. ഉള്ളിൽ ഒരു തേങ്ങൽ വിതുമ്പി നിൽക്കുന്നുണ്ടായിരുന്നു. ഓർമകളിൽനിന്നും തട്ടിയുണർത്തും പോലെ പെട്ടെന്ന് പിന്നിൽനിന്നും മോളേ എന്ന വിളി വന്നു... അമ്മൂമ്മയാണ്. അവൾ വീണ്ടും അവളുടെ ജോലിയിലേക്ക് പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.