കറുപ്പ് -കഥ

‘‘ അല്ല ഗീതേച്യേ ഇങ്ങള മോൻ ഇന്നലെ പെണ്ണ് കാണാൻ പോയിട്ട് എന്തായി’’ തൊഴിലുറപ്പ് പണിക്കിടയിൽ നളിനിയുടെ ചോദ്യം കേട്ട് ഗീത കൈയിലുള്ള കൊടുവാൾ നിലത്ത് വെച്ച് ഒന്ന് നിവർന്നു നിന്നു.......

‘‘എന്താകാനാടോ പെണ്ണ് കറുത്ത് കരിക്കട്ട പോലെയാണത്രെ’’. തൊട്ട് കണ്ണെഴുതാമെന്ന് പറഞ്ഞ് അവൻ പുച്ഛിക്കയാ. ഓനോളെ ഒട്ടും ഇഷ്ടായില്ല. ഇത് കേട്ട് ഓലയിൽ നിന്ന് ഈർക്കിൽ വേർപെടുത്തുന്ന ശരണ്യ നിർത്താതെ ചിരിക്കാൻ തുടങ്ങി. എന്ക്കെന്ത് പറ്റി എണെ ? ഇഞ്ഞെന്തിനായിങ്ങനെ കിളുത്തുന്നെ? " ശരണ്യയുടെ ചിരി ഗീതക്ക് അത്ര രസിച്ചില്ല.

‘‘ഗീതേച്യേ ഇങ്ങള മോന്റെ ഫേസ് ബുക്ക്‌ ഐ ഡി പീയുഷ് ഗോപാൽ എന്നല്ലേ’’ ശരണ്യ ചോദിച്ചു. ‘അങ്ങനെ തന്നെ ഇപ്പൊ അച്ഛന്റെ പേര് ബാക്കിലിടുന്നത് ഒരു ഫാഷനാണു പോലും എന്താ പ്രശ്നം?. ‘‘ഇങ്ങള് എല്ലാരും കണ്ടോളിൻ’’ ശരണ്യ മൊബൈൽ ഫോൺ എടുത്തുകൊണ്ട് വന്ന് പറഞ്ഞു. ‘‘ഇത് ഓന്റെ ഫേസ് ബുക്ക് പോസ്റ്റാണ് കലാമണ്ഡലം സത്യഭാമ രാമകൃഷ്ണന്റെ കറുപ്പിനെ പരിഹസിച്ചപ്പോൾ പീയുഷ് എഴുതിയതാണ് കറുപ്പിനെ അവഗണിക്കുന്നവരെ ചാട്ടവാറിനാലടിക്കണം ഇങ്ങള് ന്ന് വീട്ടിപോമ്പം ഒരു ചാട്ടവാറും വാങ്ങിക്കോളീം’’

ശരണ്യ വീണ്ടും ഈർക്കിൽ വേർപെടുത്താൻ തുടങ്ങി. എല്ലാവരുടെ മുഖത്തും പരിഹാസമാണെന്ന് ഗീതക്ക് തോന്നി. ‘‘ഞാനെന്താക്കാനാ പെണ്ണുങ്ങളെ ഓനൊരു കഥയില്ലാത്തോന. ആ ഭാമയും ന്റെ മോനും കണക്കാ..ങ്ങള് വേഗമിങ്ങളെ പണി നോക്കീ....ഞാനിത്തിരി വെള്ളം കുടിച്ചിട്ട് വരാം’’ ഗീത നടന്നു തുടങ്ങിയപ്പോൾ പിന്നിൽ കൂട്ടച്ചിരി മുഴങ്ങി.

Tags:    
News Summary - Story by Prajita Dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.